രണ്‍വീര്‍ സിംഗ് നഗ്‍ന ഫോട്ടോഷൂട്ട് കേസില്‍ മൊഴി നല്‍കിയതിന്റെ വിവരങ്ങള്‍ പുറത്ത്.
ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ നഗ്ന ഫോട്ടോഷൂട്ട് അടുത്തിടെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. സ്ത്രീകളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഒരുവിഭാഗം രംഗത്തെത്തുകയും രൺവീറിനെതിരെ മുംബൈ പൊലീസ് കേസെടുക്കുകയും ചെയ്‍തിരുന്നു.പല തവണ പൊലീസ് നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് കേസില്‍ രണ്‍വീര്‍ സിംഗ് സ്റ്റേഷനില്‍ ഹാജരാകുകയും ചെയ്‍തിരുന്നു. രണ്‍വീര്‍ സിംഗ് നല്‍കിയ മൊഴിയുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഫോട്ടോയില്‍ കാണുന്ന തരത്തിലല്ല തന്റെ ചിത്രം ഷൂട്ട് ചെയ്‍തതെന്നാണ് രണ്‍വീര്‍ സിംഗ് പൊലീസിന് മൊഴിയില്‍ അവകാശപ്പെടുന്നത്. സ്വകാര്യഭാഗങ്ങള്‍ വ്യക്തമാകുന്ന തരത്തിലെ ഫോട്ടോയില്‍ ആരോ കൃത്രിമത്വം കാട്ടിയിട്ടുണ്ടെന്നും മോര്‍ഫ് ചെയ്‍തിട്ടുണ്ട് എന്നുമാണ് രണ്‍വീര്‍ സിംഗ് മൊഴി നല്‍കിയത്. ഓഗസ്റ്റ് 29നാണ് മൊഴി നല്‍കിയത്. ഐപിസി സെക്ഷൻ 292, 294 വകുപ്പുകളും ഐടി നിയമത്തിന്റെ 509, 67(എ) വകുപ്പുകളും ചേര്‍ത്താണ് രണ്‍വീര്‍ സിംഗിന് എതിരെ എതിരെ പൊലീസ് കുറ്റം ചുമത്തിയിരിക്കുന്നത്.
ജൂലൈ 21നാണ് രൺവീറിന്റെ നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവന്നത്. പിന്നാലെ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. ഒരു സ്ത്രീയാണ് ഇത്തരത്തില്‍ ഫോട്ടോഷൂട്ട് നടത്തിയതെങ്കില്‍ നിങ്ങളുടെ മനോഭാവം ഇങ്ങനെയായിരിക്കുമോ എന്ന് ചോദിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും ബംഗാളി നടിയുമായ മിമി ചക്രവർത്തിയും രംഗത്തെത്തിയിരുന്നു. ശേഷമാണ് താരത്തിനെതിരെ മുംബൈ പൊലീസ് കേസെടുത്തത്.
നടൻ രണ്‍വീര്‍ സിംഗ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'ജയേഷ്‍ഭായി ജോര്‍ദാര്‍' ആയിരുന്നു. നവാഗതനായ ദിവ്യാംഗ് ഥക്കര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന്റെ രചനയും ദിവ്യാംഗ് ഥക്കറായിരുന്നു. 'ജയേഷ്‍ഭായി ജോര്‍ദാര്‍' വലിയ വിജയമായിരുന്നില്ല.
Read More : ഗൗതം മേനോൻ- ചിമ്പു ടീം ഗംഭീരമാക്കി, 'വെന്തു തനിന്തതു കാട്' കണ്ടവരുടെ ആദ്യ പ്രതികരണങ്ങള്‍
