ബീസ്റ്റ് സമ്മാനിച്ച പരാജയത്തിൽ നിന്നുമുള്ള നെൽസന്റെ വലിയൊരു തിരിച്ചു വരവ് കൂടി ആയിരുന്നു ജയിലർ.
കഴിഞ്ഞ വർഷം റിലീസ് ചെയ്ത് ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ട തമിഴ് ചിത്രമാണ് ജയിലർ. രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്. രജനിയുടെ മാസും മോഹൻലാലിന്റെയും ശിവരാജ് കുമാറിന്റെയും ഗസ്റ്റ് റോളും കൊണ്ട് സമ്പന്നമായ സിനിമയെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഒരുപക്ഷേ സമീപകാലത്ത് സൂപ്പർ സ്റ്റാറുകളായ നായകന്മാരെ വരെ പിന്തള്ളി കൊണ്ട് ഒരു വില്ലൻ കഥാപാത്രം ആഘോഷിക്കപ്പെട്ട സിനിമയും ജയിലറായിരിക്കും. വിനായകൻ ആയിരുന്നു വില്ലനായി തിളങ്ങിയത്.
ഇന്നിതാ ജയിലർ റിലീസ് ചെയ്തിട്ട് ഒരു വർഷം തികഞ്ഞിരിക്കുകയാണ്. 2023 ഓഗസ്റ്റ് 10ന് ആയിരുന്നു ഏറെ കാത്തിരിപ്പുകൾക്ക് ഒടുവിൽ ചിത്രം റിലീസ് ചെയ്തത്. ഈ അവസരത്തിൽ ചിത്രം നേടിയ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങളും പുറത്തുവരികയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം ജയിലർ നേടിയ ആകെ കളക്ഷൻ 618 കോടിയാണ്. ഇതുപ്രകാരം തമിഴ് ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളുടെ ലിസ്റ്റിൽ അഞ്ചാം സ്ഥാനത്താണ് ജയിലർ. ജയിലറിന്റെ ബജറ്റ് 200 കോടി അടുപ്പിച്ചാണ്.
അഭിഷേക്- ഐശ്വര്യ റായ് വേർപിരിയൽ അഭ്യൂഹം; കാരണക്കാരൻ ആ ഡോക്ടറോ ? ബോളിവുഡിന് സംശയം !
ബീസ്റ്റ് എന്ന വിജയ് ചിത്രത്തിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രമെന്ന നിലയിലും രജനികാന്ത് നായകനാകുന്ന സിനിമ എന്ന നിലയിലും പ്രഖ്യാപനം മുതൽ ജയിലർ ശ്രദ്ധനേടിയിരുന്നു. പിന്നാലെ മലയാളത്തിന്റെ മോഹൻലാലും കന്നഡതാരം ശിവരാജ് കുമാറും ഗസ്റ്റ് റോളിൽ ഉണ്ടെന്ന് അറിഞ്ഞതോടെ ആരാധക ആവേശവും പ്രതീക്ഷയും വാനോളം ആയിരുന്നു. ആ പ്രതീക്ഷകൾ വെറുതെ ആയില്ലെന്ന് ആദ്യ ഷോ മുതൽ തെളിയുക ആയിരുന്നു. നരസിംഹയായി ശിവരാജ് കുമാറും മാത്യുവായി മോഹൻലാലും എത്തിയപ്പോൾ വർമൻ എന്ന കൊടൂര വില്ലനായി വിനായകനും കസറിക്കയറി. ബീസ്റ്റ് സമ്മാനിച്ച പരാജയത്തിൽ നിന്നുമുള്ള നെൽസന്റെ വലിയൊരു തിരിച്ചു വരവ് കൂടി ആയിരുന്നു ജയിലർ.
