മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ തരുണ്‍ 

മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണ് അവസാനമെത്തിയ ചിത്രം തുടരും. ഏപ്രില്‍ 25 ന് തിയറ്ററുകളിലെത്തിയ ചിത്രം കേരളത്തില്‍ നിന്ന് മാത്രം 100 കോടി ഗ്രോസ് നേടുന്ന ആദ്യ സിനിമയാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടിയും പിന്നിട്ടു ചിത്രം. ഇപ്പോഴിതാ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പമുള്ള കൂട്ടുകെട്ടിനെക്കുറിച്ച് രസകരമായ ചില കാര്യങ്ങള്‍ പറയുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. മോഹന്‍ലാല്‍ ഇതുവരെ സിനിമയില്‍ ചെയ്തിട്ടില്ലാത്ത കാര്യങ്ങള്‍ കണ്ടെത്തുത തന്‍റെ തലമുറയിലെ സംവിധായകരെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടാണെന്നും അത്തരം കാര്യങ്ങള്‍ ഇല്ലെന്നും തരുണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തുടരും എന്ന ചിത്രത്തില്‍ അത്തരം രണ്ട് കാര്യങ്ങള്‍ മാത്രമേ ഉള്ളൂവെന്നും. മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് തരുണ്‍ ഇക്കാര്യം പറയുന്നത്. 

മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ട് ഇനിയും തുടരുമോ എന്ന ചോദ്യത്തിന് തരുണിന്‍റെ മറുപടി ഇങ്ങനെ- "ലാലേട്ടന്‍ എന്ന് പറയുന്ന നടനെ വെല്ലുവിളിക്കുന്ന, ലാലേട്ടന് തന്നെ ആവേശം ഉണ്ടാവുന്ന, ലാലേട്ടന്‍ ഇന്നേവരെ ചെയ്തിട്ടില്ലാത്ത കഥാസന്ദര്‍ഭങ്ങള്‍ ഉണ്ടാവുന്ന ഒരു സിനിമ വേണം. അത് അത്ര എളുപ്പമല്ല. കാരണം 363 ഓളം സിനിമകള്‍ ചെയ്ത ഒരു മനുഷ്യന്‍റെ മുന്നിലാണ് നില്‍ക്കുന്നത്. എനിക്ക് തുടരുമില്‍ പോലും അങ്ങനെ വ്യത്യസ്തമായ കഥാസന്ദര്‍ഭങ്ങള്‍ ഉണ്ടാക്കാന്‍ പറ്റിയിട്ടില്ല. ആകെക്കൂടി ഞാന്‍ ലാലേട്ടനോട് ചോദിച്ചു, ലാലേട്ടാ എക്കിള്‍ ഇട്ട് സിനിമയില്‍ അഭിനയിച്ചിട്ടുണ്ടോ എന്ന്. അഭിനയിച്ചിട്ടില്ല എന്ന് പറഞ്ഞു. എന്നാല്‍ നമുക്ക് ഈ സീനില്‍ ഒരു എക്കിള്‍ ഇട്ട് അഭിനയിക്കാം. ബിവറേജിന്‍റെ മുന്നില്‍ പോയി ക്യൂ നിന്നിട്ടുണ്ടോ എന്നും ചോദിച്ചു. ഇല്ല എന്ന് പറഞ്ഞു. എന്നാല്‍ ഈ സിനിമയില്‍ നമുക്ക് ക്യൂ നില്‍ക്കാം എന്നും ഞാന്‍ പറഞ്ഞു. പിന്നെ ടാക്സി ഡ്രൈവര്‍ ആയി നില്‍ക്കുന്നു. ടാക്സി ഡ്രൈവറായി അപ്പു പോലെയുള്ള സിനിമകളിലൊക്കെ അഭിനയിച്ചിട്ടുണ്ടെങ്കില്‍പ്പോലും... ലാലേട്ടന്‍ ചെയ്യാത്തത് എന്തുണ്ട് എന്ന് ചോദിച്ചുകഴിഞ്ഞാല്‍ നമ്മളെപ്പോലുള്ള ആളുകള്‍ക്ക് ഇനി ഒന്നും ചൂണ്ടിക്കാണിക്കാന്‍ ഇല്ല", തരുണ്‍ മൂര്‍ത്തി പറയുന്നു.

മോഹന്‍ലാല്‍ ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ എത്തുന്നത്. ശോഭനയാണ് നായിക. വലിയ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒരു ചിത്രത്തില്‍ ഒരുമിക്കുന്നത്.

'ലാലേട്ടന് നല്ലൊരു ഗിഫ്റ്റായി 'തുടരും' കൊടുത്തു എന്നൊരു ഫീൽ ഉണ്ട്'; തരുൺ മൂർത്തി