'മാമാങ്കം' സിനിമയില്‍ 'ചന്ദ്രോത്ത് ചന്തുണ്ണി'യെന്ന യോദ്ധാവിനെ അവതരിപ്പിച്ച ബാലതാരം അച്യുതനെ വീട്ടിലെത്തി അഭിനന്ദിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രണ്ട് ദിവസം മുന്‍പാണ് ഉമ്മന്‍ ചാണ്ടി സ്വദേശമായ പുതുപ്പള്ളിയിലേക്ക് പോകുംവഴി അച്യുതന്റെ വീട്ടിലെത്തിയത്. സിനിമയില്‍ അച്യുതന്റെ പ്രകടനത്തെക്കുറിച്ചും തന്റെ സന്ദര്‍ശനത്തെക്കുറിച്ചും ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ് ഉമ്മന്‍ ചാണ്ടി ഇപ്പോള്‍. ഒപ്പം അച്യുതനൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട് അദ്ദേഹം.

''പുതുപ്പള്ളി വീട്ടിലേയ്ക്കുള്ള യാത്രക്കിടയിലാണ് മാമാങ്കം സിനിമയിലെ 'കുട്ടിച്ചാവേര്‍' അച്യുതന്റെ വീട്ടിലെത്തിയത്. അതിമനോഹരമായ പ്രകടനമാണ് അച്യുതന്‍ സിനിമയില്‍ നടത്തിയത്. ചന്ദ്രോത്ത് ചന്തുണ്ണി എന്ന കഥാപാത്രത്തെയാണ് അച്യുതന്‍ അവതരിപ്പിച്ചത്. മാമാങ്ക ചരിത്രത്തിലെ അവസാനത്തെ ചാവേര്‍ എന്നാണ് ചന്തുണ്ണിയെ വിശേഷിപ്പിക്കുന്നത്. അച്യുതന് എന്റെ എല്ലാ വിജയാശംസകളും', ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കില്‍ കുറിച്ചു.

മാമാങ്കത്തിലെ അഭിനേതാക്കളില്‍ ഏറ്റവുമധികം പ്രേക്ഷകാഭിനന്ദനം ഏറ്റുവാങ്ങിയ നടനാണ് അച്യുതന്‍. അച്യുതന്റെ സിനിമാ അരങ്ങേറ്റമായിരുന്നു മാമാങ്കം. യോദ്ധാവായ കഥാപാത്രത്തിനുവേണ്ടി ഒട്ടേറെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് അച്യുതന്‍ ചിത്രീകരണത്തില്‍ പങ്കെടുത്തത്. രണ്ട് വര്‍ഷത്തോളം സിനിമാസംഘത്തിനൊപ്പമുണ്ടായിരുന്നു ഈ ബാലതാരം. 50 കോടി മുതല്‍മുടക്കില്‍ എത്തിയ ചിത്രം ഈ വര്‍ഷത്തെ പ്രധാന റിലീസുകളിലൊന്നായിരുന്നു. 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട് ചിത്രം.