ജയസൂര്യയുടെ 'ഓപ്പറേഷൻ ത്രാൾ' സിനിമയുടെ ടീസർ വീഡിയോയ്ക്ക് താഴെ അധിക്ഷേപ കമൻ്റ്. പ്രതികരണവുമായി അണിയറക്കാര്‍

ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ജയസൂര്യയെ നായകനാക്കി രതീഷ് വേഗ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പാൻ ഇന്ത്യൻ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ‘ഓപ്പറേഷൻ ത്രാളി’ന്‍റെ ടീസർ സൗണ്ട് ഡിസൈൻ വീഡിയോയ്ക്ക് താഴെ അധിക്ഷേപ കമന്‍റുമായെത്തിയ സൗണ്ട് ഡിസൈനർ അജയൻ അടാട്ടിനെതിരെ സംവിധായകൻ രതീഷ് വേഗ രംഗത്ത്. ഒരേ ഇൻഡസ്ട്രിയിൽ തന്നെ വർക്ക് ചെയ്യുന്ന ഒരാളുടെ ഇത്തരത്തിലുള്ള കമന്‍റ് ഏറെ വിഷമിപ്പിച്ചുവെന്ന് ഇൻസ്റ്റഗ്രാമിൽ രതീഷ് വേഗ കുറിച്ചു.

'ഓപ്പറേഷൻ ത്രാളി'ന്‍റെ സൗണ്ട് ഡിസൈനറായ ആർ.എസ് വിക്കി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ടീസർ സൗണ്ട് ഡിസൈൻ ഗ്ലിംപ്സ് വീഡിയോയ്ക്ക് താഴെയാണ് അധിക്ഷേപ കമന്‍റുമായി അജയൻ അടാട്ട് എത്തിയിരിക്കുന്നത്. ചിത്രം ആർഎസ്എസ് അനുഭാവ ചിത്രമാണെന്ന രീതിയിലാണ് അജയൻ പങ്കുവെച്ച കമന്‍റ്. "ഒരേ ഇൻഡസ്ട്രിയിൽ തന്നെ വർക്ക് ചെയ്യുന്ന ഒരാളിൽ നിന്ന് ഇങ്ങനെയൊരു കമന്‍റ് കാണുമ്പോൾ വലിയ വിഷമം തോന്നുന്നു. ഒരു പ്രോജക്റ്റ് ചെയ്തെടുക്കാൻ എത്രത്തോളം കഷ്ടപ്പാടും അധ്വാനവും വേണമെന്ന് നിങ്ങൾക്ക് നന്നായി അറിയാവുന്നതല്ലേ. വിമർശനങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു, പക്ഷേ സഹപ്രവർത്തകരായ ക്രിയേറ്റേഴ്സിനോട് കുറച്ചുകൂടി ബഹുമാനം കാണിക്കാമായിരുന്നു എന്ന് വിശ്വസിക്കുന്നു. ഇത് കാണുമ്പോൾ ശരിക്കും സങ്കടമുണ്ട്", എന്നാണ് രതീഷ് വേഗ കമന്‍റിന് മറുപടിയായി കുറിച്ചിരിക്കുന്നത്.

"നിങ്ങളിൽ നിന്ന് ഇത് കണ്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയി, ഈ ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ച ഒരു ടെക്നീഷ്യനിൽ നിന്ന് ഇങ്ങനെയാണോ ഒരു പ്രതികരണം ഉണ്ടാകേണ്ടത്?.. ഇതിന് പിന്നിലെ കാരണം എന്താണെന്ന് എനിക്ക് അറിയണം", എന്നാണ് അജയൻ അടാട്ടിന്‍റെ കമന്‍റിനെതിരെ സൗണ്ട് ഡിസൈനറും റീ-റെക്കോർഡിംഗ് മിക്സറുമായ എം. ആർ. രാജാകൃഷ്ണൻ പ്രതികരിച്ചിരിക്കുന്നത്. ''മോനെ വളരെ മോശം'' എന്നാണ് നിർമ്മാതാവ് ജോബി ജോർജ് തടത്തിൽ ഇതിനെതിരെ പ്രതികരിച്ചിരിക്കുന്നത്. ''നിങ്ങളുടെ കൂടെ ജോലി ചെയ്യുന്ന ഒരാളുടെ വർക്കിന് മറുപടി നൽകുന്നത് ഇങ്ങനെയാണോ?'' എന്നാണ് ആർ എസ് വിക്കിയുടെ മറുപടി.

ദേശീയ സുരക്ഷയും ഐ.എൻ.എ (NIA) അന്വേഷണവും പ്രമേഹമാകുന്ന ഒരു ബിഗ് ബജറ്റ് ചിത്രമാണ് 'ഓപ്പറേഷൻ ത്രാൾ'. റിലീസിന് മുന്നോടിയായി സിനിമയുടെ ടീസർ തരംഗമാകുന്നതിനിടെ ഇൻഡസ്ട്രിയിൽ ഉള്ളവരുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുൻനിർത്തിയുള്ള ഇത്തരം പ്രതികരണങ്ങള്‍ സിനിമാ മേഖലയിൽ വലിയ ചർച്ചയായിരിക്കുകയാണ്. കേരളം, കോയമ്പത്തൂർ, ന്യൂഡൽഹി, കുളു, മണാലി, മസൂറി, ലഡാക്ക് തുടങ്ങി നിരവധി ലൊക്കേഷനുകളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. സൂപ്പർ ഹിറ്റായ 'കിഷ്കിന്ധാ കാണ്ഡം', 'രോമാഞ്ചം', 'കസബ', 'അബ്രഹാമിന്‍റെ സന്തതികൾ' തുടങ്ങിയ സിനിമകളൊരുക്കിയ ഗുഡ്‌വിൽ എന്‍റർടെയ്ൻമെന്‍റ്സ് നിർമ്മിക്കുന്ന ചിത്രമായതിനാൽ തന്നെ ഏറെ പ്രതീക്ഷയോടെയാണ് ഏവരും 'ഓപ്പറേഷൻ ത്രാൾ' റിലീസ് ഉറ്റുനോക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലാണ് വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്.

സിനിമാലോകത്ത് ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ജയസൂര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും രതീഷ് വേഗയാണ് നിർവ്വഹിക്കുന്നത്. റിതിക സിംഗ്, കാവ്യ ഷെട്ടി, ആൻസൺ പോൾ, നന്ദലാൽ കൃഷ്ണമൂർത്തി, വിനയ് റായ്, സിദ്ധിഖ്, സായ് കുമാർ, മുരളി ശർമ്മ, സിറാജുദ്ദീൻ തുടങ്ങിയവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുനിമോൾ ജോബി സഹനിർമ്മാതാവായെത്തുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നജോസ് നിർവ്വഹിക്കുന്നു. എഡിറ്റിംഗ് ഷഫീഖ് വി.ബി. കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്‍റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് സംവിധായകൻ രതീഷ് വേഗ തന്നെയാണ്. പ്രോജക്ട് ഡിസൈൻ നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈൻ സജീഷ് താമരശ്ശേരി എന്നിവർ നിർവ്വഹിക്കുന്നു. കലാസംവിധാനം: സുനീഷ് സോദരൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, സരിത ജയസൂര്യ, മേക്കപ്പ്: റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ഷൻ: ഉല്ലാസ് കൃഷ്ണ, സൗണ്ട് മിക്‌സിംഗ്: എം.ആർ. രാജകൃഷ്ണൻ, സ്റ്റിൽസ് ഫോട്ടോഗ്രാഫി: ജാൻ ജോസഫ് ജോർജ്, സൗണ്ട് ഡിസൈൻ: വിക്കി (റെസൊണൻസ് ഓഡിയോസ്), പബ്ലിസിറ്റി ഡിസൈൻസ്: ടെൻപോയിന്‍റ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാൽ പാനായിക്കുളം, മാർക്കറ്റിംഗ്: സ്റ്റോറീസ് സോഷ്യലിന്‍റെ ബാനറിൽ ഡോ.സംഗീത ജനചന്ദ്രൻ, പിആർഒ: ആതിര ദിൽജിത്ത്, വാഴൂർ ജോസ്.

Asianet News Live | Malayalam Live News | Kerala News Updates| Breaking News |HD Live 24x7 Streaming