വരുണ്‍ തേജിന്‍റെ ബോളിവുഡ് അരങ്ങേറ്റം

വരുണ്‍ തേജ്, മനുഷി ഛില്ലര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശക്തി പ്രതാപ് സിംഗ് ഹദ സംവിധാനം ചെയ്ത ചിത്രം ഓപറേഷന്‍ വാലന്‍റൈന്‍ ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. മാര്‍ച്ച് 1 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം 22-ാം ദിവസമാണ് ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം കാണാനാവും. തെലുങ്ക്, തമിഴ് ഭാഷാ പതിപ്പുകളാണ് പ്രൈം വീഡിയോയില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്.

വരുണ്‍ തേജിന്‍റെ ബോളിവുഡ് അരങ്ങേറ്റമെന്ന നിലയില്‍ പ്രീ റിലീസ് ശ്രദ്ധ നേടിയിരുന്ന ചിത്രത്തില്‍ ഒരു വ്യോമസേനാ ഉദ്യോ​ഗസ്ഥനെയാണ് അദ്ദേഹം അവതരിപ്പിച്ചത്. 2019 ലെ പുല്‍വാമ ഭീകരാക്രമണം പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ നവ്‍ദീപ്, പരേഷ് പഹൂജ, രുഹാനി ശര്‍മ്മ, മീര്‍ സര്‍വാര്‍, ഷതഫ് ഫി​ഗര്‍, സംപത്ത് രാജ്, വൈഭവ് തത്വവാദി, അശ്വത് ഭട്ട് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

സംവിധായകന്‍ ശക്തി പ്രതാപ് സിം​ഗ് ഹദയ്ക്കൊപ്പം ആമിര്‍ നഹിദ് ഖാനും സിദ്ധാര്‍ഥ് രാജ്‍കുമാറും ചേര്‍ന്നാണഅ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. തെലുങ്കിലെ സംഭാഷണങ്ങള്‍ സായ് മാധവ് ബുറയും ഹിന്ദി സംഭാഷണങ്ങള്‍ വൈഭവ് വിശാലും ആമിര്‍ നഹീദ് ഖാനും ചേര്‍ന്നും എഴുതിയിരിക്കുന്നു. സോണി പിക്ചേഴ്സും റിനൈസന്‍സ് പിക്ചേഴ്സിന്‍റെ ബാനറില്‍ സന്ദീപ് മുദ്ദയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹരി കെ വേദാന്തമാണ് ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് നവീന്‍ നൂലി, സം​ഗീതം മിക്കി ജെ മേയര്‍. റിലീസിന് മുന്‍പ് ശ്രദ്ധ നേടിയിരുന്നെങ്കിലും തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടാന്‍ കഴിയാതെയിരുന്ന ചിത്രമാണിത്. ഒടിടി റിലീസില്‍ അഭിപ്രായം മാറുമോ എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് അണിയറക്കാര്‍.

ALSO READ : അനുപമ പരമേശ്വരന്‍റെ 'ടില്ലു സ്ക്വയര്‍' സെന്‍സറിംഗ് പൂര്‍ത്തിയാക്കി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം