Asianet News MalayalamAsianet News Malayalam

എപ്പോഴാണ് ഒരു മമ്മൂട്ടി ചിത്രത്തിന്‍റെ റീ റിലീസ്? വരാനിരിക്കുന്നത് ആ ദൃശ്യവിസ്‍മയം

മമ്മൂട്ടിയുടെ ഏത് ചിത്രമാണ് തിയറ്ററുകളില്‍ നിങ്ങള്‍ക്ക് വീണ്ടും കാണാന്‍ ആഗ്രഹമെന്ന ഒരു ചോദ്യം സോഷ്യല്‍ മീഡിയയില്‍ സമീപകാലത്ത് ഉയര്‍ന്നിരുന്നു

Oru Vadakkan Veeragatha would be the first mammootty movie to be remastered and re released
Author
First Published Aug 12, 2024, 10:13 PM IST | Last Updated Aug 12, 2024, 10:13 PM IST

മലയാള സിനിമയിലും ട്രെന്‍ഡ് ആയിരിക്കുകയാണ് പഴയ ചിത്രങ്ങളുടെ റീ റിലീസ്. താരങ്ങളുടെ പിറന്നാളിലും മറ്റും ആരാധകരുടെ നേതൃത്വത്തില്‍ ചില പഴയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും മലയാളത്തില്‍ റീമാസ്റ്റര്‍ ചെയ്ത് മികച്ച സ്ക്രീന്‍ കൗണ്ടോടെ റീ റിലീസ് ചെയ്യപ്പെട്ട ആദ്യ ചിത്രം സ്ഫടികമാണ്. രണ്ടാമതായി അങ്ങനെ എത്തിയ ദേവദൂതന്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. മൂന്നാമത്തെ ചിത്രം ചിങ്ങം 1 ആയ ഓഗസ്റ്റ് 17 ന് തിയറ്ററുകളിലെത്തും. ഫാസിലിന്‍റെ സംവിധാനത്തില്‍ വന്‍ താരനിര അണിനിരന്ന ക്ലാസിക് ചിത്രം മണിച്ചിത്രത്താഴ് ആണ് അത്. മോഹന്‍ലാല്‍ ആണ് ഈ മൂന്ന് ചിത്രങ്ങളുടെയും പൊതുഘടകം എന്നതും കൗതുകകരമാണ്. സ്ഫടികവും ദേവദൂതനും വിജയിച്ചതിനെത്തുടര്‍ന്ന് മുന്നോട്ടും റീ റിലീസുകള്‍ പലത് സംഭവിക്കുമെന്ന് ഉറപ്പാണ്. ചില ചിത്രങ്ങളുടെ തയ്യാറെടുപ്പുകളും ഇതിനകം ആരംഭിച്ചിട്ടുണ്ട്.

മമ്മൂട്ടിയുടെ ഏത് ചിത്രമാണ് തിയറ്ററുകളില്‍ നിങ്ങള്‍ക്ക് വീണ്ടും കാണാന്‍ ആഗ്രഹമെന്ന ഒരു ചോദ്യം സോഷ്യല്‍ മീഡിയയില്‍ സമീപകാലത്ത് പലയിടത്തായി കണ്ടിരുന്നു. ഒരു മമ്മൂട്ടി ചിത്രം പ്രേക്ഷകരിലേക്ക് വീണ്ടുമെത്താനുള്ള തയ്യാറെടുപ്പുകളിലാണെന്നതാണ് വാസ്തവം. എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് 1989 ല്‍ പുറത്തിറങ്ങി മലയാളത്തിലെ ക്ലാസിക്കുകളിലൊന്നായി മാറിയ ഒരു വടക്കന്‍ വീരഗാഥയാണ് ആ ചിത്രം. മണിച്ചിത്രത്താഴിന്‍റെ റീമാസ്റ്ററിംഗിന് നേതൃത്വം നല്‍കുന്ന മാറ്റിനി നൗ ആണ് ഒരു വടക്കന്‍ വീരഗാഥയും ഇത്തരത്തില്‍ എത്തിക്കാന്‍ ശ്രമം നടത്തുന്നത്. എന്നാല്‍ ഇതിന് ഏറെക്കാലമെടുക്കുമെന്ന് മാറ്റിനി നൗ പ്രതിനിധി അജിത്ത് രാജന്‍ മീഡിയ വണ്ണിനോട് പറഞ്ഞു. 

"ഒരു വടക്കന്‍ വീരഗാഥ ചെയ്യുന്നുണ്ട്. അതൊരു ലോംഗ് പ്രോസസ് ആണ്. എത്ര സമയം എടുക്കുമെന്ന് പറയാനാവില്ല. പക്ഷേ അതൊരു നല്ല പ്രൊജക്റ്റ് ആയിരിക്കും. വടക്കന്‍ വീരഗാഥ ടിവിയില്‍ കാണുമ്പോള്‍ ക്രോപ്പ്ഡ് ആയിട്ടുള്ള ഫ്രെയിമുകള്‍ ആണ് കാണാനാവുക. ഒറിജിനല്‍ സിനിമാസ്കോപ്പ് ഫ്രെയിം ഒന്നുമല്ല ടെലിവിഷനില്‍ കാണുന്നത്. സൈഡില്‍ കട്ട് ചെയ്യും. പക്ഷേ റീമാസ്റ്ററിംഗിനുവേണ്ടിയുള്ള സ്കാനിംഗില്‍ ഫുള്‍ ഫ്രെയിമോടെ കിട്ടും. തിയറ്ററില്‍ കാണുമ്പോള്‍ പുതിയൊരു എക്സ്പീരിയന്‍സ് ആയിരിക്കും", അജിത്ത് രാജന്‍ പറയുന്നു. 

ALSO READ : 'കൈയടി ലഭിച്ചത് അതൊരു പൊതുശല്യമായി ആളുകള്‍ക്ക് തോന്നിയതുകൊണ്ട്'; 'ചെകുത്താന്‍' കേസിനെക്കുറിച്ച് സിദ്ദിഖ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios