കൊച്ചി: ജോൺസൻ മാഷ്, സംഗീതം ഇഷ്ടപ്പെടുന്നവരുടെ മനസ്സിലെ മായാത്തപേരുകളിൽ ഒന്ന്. നല്ല മഴ കണ്ടു ഒരു ചൂട് ചായയും കുടിച്ച് റേഡിയോയിലൂടെ ഒഴുകി വരുന്ന ജോൺസൻ മാഷിന്റെ ഗാനങ്ങളും കേട്ടിരുന്നാൽ കാല്പനികതയും ഗൃഹാതുരതയും ഉണരാൻ മറ്റൊന്നും വേണ്ട. "മഴ ചായ ജോൺസൻ മാഷ്,  അന്തസ്സ്", ആ ഓർമകളിലേക്ക് മലയാള സിനിമ പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുകയാണ് ദുൽഖർ സൽമാൻ. 

ലോകമെങ്ങുമുള്ള മലയാളികൾക്ക് ഒരിക്കലും മറക്കാൻ ആകാത്ത ഈണങ്ങൾ സൃഷ്ടിച്ച ജോൺസൻ മാഷിന് പ്രണാമമർപ്പിച്ചു കൊണ്ടാണ് ഒരു  യമണ്ടൻ പ്രേമകഥയുടെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ഗാനങ്ങളിൽ ഒന്നായ 'അനുരാഗിണി ഇതാ എൻ' എന്ന ഗാനമാണ് ടീസറിൽ ഉപയോഗിച്ചിട്ടുള്ളത്. 

ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ചിത്രമാണ്  'ഒരു യമണ്ടന്‍ പ്രേമകഥ'. ഏപ്രില്‍  25-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് താരത്തിന്‍റെ ആരാധകര്‍.

48 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ടീസറാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ ആദ്യ ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ബിബിന്‍ ജോര്‍ജ്ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന 'ഒരു യമണ്ടന്‍ പ്രേമകഥ' സംവിധാനം ചെയ്തിരിക്കുന്നത് ബി സി നൗഫലാണ്. സംഗീതം നാദിര്‍ഷ. സലിം കുമാറും വിഷ്ണു ഉണ്ണികൃഷ്ണനും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ബിജോയ് നമ്പ്യാരുടെ 'സോളോ'യാണ് ദുല്‍ഖര്‍ അവസാനമായി അഭിനയിച്ച മലയാള ചിത്രം. 2017 ഒക്ടോബര്‍ ആദ്യമെത്തിയ ചിത്രം തമിഴിലും മലയാളത്തിലുമായാണ് റിലീസ് ചെയ്തത്.