ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിന്റെ സ്‌ക്രീനിലെത്തുന്ന 'ഒരു യമണ്ടന്‍ പ്രേമകഥ'യുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. സംവിധായകന്‍ ബി സി നൗഫല്‍, തിരക്കഥാകൃത്തുക്കളായ ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം ഫേസ്ബുക്ക് ലൈവില്‍ എത്തി ദുല്‍ഖര്‍ തന്നെയാണ് റിലീസ് തീയ്യതി പ്രഖ്യാപിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ചിത്രം തീയേറ്ററുകളിലെത്തുകയെന്ന് ദുല്‍ഖര്‍ പറഞ്ഞു. അതായത് ഏപ്രില്‍ 25ന് 'ഒരു യമണ്ടന്‍ പ്രേമകഥ' തീയേറ്ററുകളിലെത്തും.

ദുല്‍ഖര്‍ അവസാനമായി സ്‌ക്രീനില്‍ മലയാളം സംസാരിച്ച ചിത്രം ബിജോയ് നമ്പ്യാരുടെ 'സോളോ'യാണ്. 2017 ഒക്ടോബര്‍ ആദ്യമെത്തിയ ചിത്രം തമിഴിലും മലയാളത്തിലുമായാണ് റിലീസ് ചെയ്യപ്പട്ടത്. അതിന് മുന്‍പെത്തിയ ദുല്‍ഖര്‍ ചിത്രം സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത 'പറവ' ആയിരുന്നു. തെലുങ്കില്‍ 'മഹാനടി'യും ബോളിവുഡിലെ അരങ്ങേറ്റചിത്രം 'കര്‍വാനും' പിന്നാലെയെത്തി. 

റൊമാന്റിക്-കോമഡി ചിത്രമാണ് 'ഒരു യമണ്ടന്‍ പ്രേമകഥ'. ആന്റോ ജോസഫും സി ആര്‍ സലിമും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് നാദിര്‍ഷയാണ്.