നീണ്ട ഇടവേളയ്ക്കു ശേഷം ബാബു ആന്‍റണി നായകനാവുന്ന സിനിമ എന്ന നിലയിലാണ് ഒമര്‍ ലുലു അനൗണ്‍സ് ചെയ്‍ത 'പവര്‍ സ്റ്റാര്‍' സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായത്. മലയാളത്തില്‍ ഒരുകാലത്തെ ഹിറ്റ് തിരക്കഥാകൃത്തായിരുന്ന ഡെന്നിസ് ജോസഫ് രചയിതാവായി തിരിച്ചുവരുന്ന ചിത്രം എന്നതും പവര്‍ സ്റ്റാറിന്‍റെ പ്രത്യേകതയാണ്. റൊമാന്‍സിനും കോമഡിക്കും സംഗീതത്തിനും പ്രാധാന്യമുണ്ടായിരുന്ന സിനിമകളാണ് ഒമര്‍ ഇതിനുമുന്‍പ് ചെയ്‍തതെങ്കില്‍ പവര്‍ സ്റ്റാര്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ്. ബാബു ആന്‍റണിക്കൊപ്പം സ്ക്രീനിലെത്തുന്ന താരനിരയും കൗതുകമുണര്‍ത്തുന്നതാണ്.

ബാബു ആന്‍റണിക്കൊപ്പം ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് ഒമര്‍ ലുലു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. നായികയോ പാട്ടുകളോ ഇല്ലാത്ത സിനിമയാണ് പവര്‍ സ്റ്റാര്‍ എന്നും. "ഡെന്നിസ് ജോസഫ് സര്‍ എഴുതിക്കൊണ്ടിരിക്കുകയാണ്. കൊവിഡിന്‍റെ സാഹചര്യവും മഴയുമൊക്കെ മാറിയിട്ട് ഒക്ടോബറോടെ ചിത്രീകരണം തുടങ്ങാനാവുമെന്നാണ് കരുതുന്നത്. കൊക്കെയ്‍ന്‍ വിപണിയാണ് സിനിമയുടെ ബാക്ക്ഡ്രോപ്പ്. മംഗലാപുരവും കാസര്‍ഗോഡും കൊച്ചിയുമാണ് ലൊക്കേഷനുകള്‍", ഒമര്‍ ലുലു പറയുന്നു.

നിക്കി ഗല്‍റാണിയും അരുണ്‍ കുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ധമാക്കയാണ് ഒമര്‍ ലുലുവിന്‍റേതായി അവസാനം തീയേറ്ററുകളിലെത്തിയ സിനിമ. അതിനുമുന്‍പെത്തിയ ഒരു അഡാറ് ലവ് എന്ന ചിത്രത്തിന്‍റെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് കഴിഞ്ഞ ദിവസം യുട്യൂബില്‍ റിലീസ് ചെയ്യപ്പെട്ടിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.