കൊവിഡ് സാഹചര്യം കണക്കിലെടുത്ത് മാറ്റിവച്ച ചടങ്ങ്

തിരുവനന്തപുരം: ജെ സി ഡാനിയേൽ പുരസ്കാരം (JC Daniel Award) ഏറ്റുവാങ്ങി മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രൻ (P Jayachandran). തിരുവനന്തപുരം സെനറ്റ് ഹാളില്‍ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയാണ് പുരസ്കാരം സമ്മാനിച്ചത്. ജയചന്ദ്രന്‍ ആലപിച്ച ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കിയ സംഗീതവിരുന്നോടെയായിരുന്നു ചടങ്ങ്. 

ഏറ്റവും അര്‍ഹതയുള്ള കൈകളിലേക്കു തന്നെ പുരസ്കാരം എത്തിയെന്ന് ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന ഒരു സംഗീത വിദ്യാർത്ഥിക്ക് ഇനിയുള്ള യാത്രയിൽ കരുത്താണ് ഊ അംഗീകാരമെന്നായിരുന്നു പുരസ്കാരം സ്വീകരിച്ചുകൊണ്ട് ജയചന്ദ്രന്‍റെ വാക്കുകള്‍. പി ജയചന്ദ്രന്‍ പല കാലങ്ങളിലായി ആലപിച്ച ഗാനങ്ങൾ കോർത്തിണക്കി, കല്ലറ ഗോപന്റെ നേതൃത്വത്തിൽ ഒരുക്കിയ സംഗീതവിരുന്നായിരുന്നു ചടങ്ങിലെ ആകര്‍ഷണം. കൊവിഡ് പശ്ചാത്തലം കണക്കിലെടുത്താണ് പുരസ്കാരദാന ചടങ്ങ് ഇത്രയും കാലം നീട്ടിവച്ചത്. 26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ലോഗോ ഡിസൈനും ചടങ്ങിൽ പ്രകാശനം ചെയ്തു.

സംഗീതജ്ഞനായ തൃപ്പൂണിത്തുറ രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരാന്‍റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മകനായി എറണാകുളം രവിപുരത്താണ് പി ജയചന്ദ്രന്‍റെ ജനനം. സ്കൂള്‍ തലത്തില്‍ തന്നെ ലളിത സംഗീതത്തിനും മൃദംഗവാദനത്തിനും സമ്മാനങ്ങള്‍ നേടിയാണ് തുടക്കം. 1965ലാണ് ആദ്യമായി ഒരു സിനിമയ്ക്ക് പിന്നണി പാടുന്നത്. കുഞ്ഞാലിമരയ്ക്കാര്‍ ആയിരുന്നു ചിത്രം. 1967ലാണ് തന്‍റെ എക്കാലത്തെയും പ്രശസ്ത ഗാനമായ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി അദ്ദേഹം പാടുന്നത്. ഇതുവരെയുള്ള സംഗീത ജീവിതത്തില്‍ വിവിധ ഭാഷകളിലായി 10,000ല്‍ ഏറെ ഗാനങ്ങള്‍ ആലപിച്ചു. 1986ല്‍ മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും ആറ് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.