അതേസമയം 'സര്‍പട്ടാ പരമ്പരൈ'ക്കു ശേഷം രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തില്‍ വിക്രമാണ് നായകനെന്നാണ് വിവരം

എല്ലാ സൂപ്പര്‍താരങ്ങളെയും വച്ച് സിനിമയെടുക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് പറഞ്ഞിട്ടുള്ള സംവിധായകനാണ് പാ രഞ്ജിത്ത്. രജനീകാന്തിനെ നായകനാക്കി തുടര്‍ച്ചയായി ഒരുക്കിയ രണ്ട് ചിത്രങ്ങളിലൂടെയാണ് അദ്ദേഹം വലിയ പ്രേക്ഷകശ്രദ്ധ നേടിയതും. കബാലി, കാല എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. അതേസമയം വിജയ്‍യെ നായകനാക്കി ഒരു സൂപ്പര്‍ഹീറോ ചിത്രം ഒരുക്കാന്‍ രഞ്ജിത്തിന് പദ്ധതിയുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 'കാല' പുറത്തിറങ്ങിയതിനു പിന്നാലെ താന്‍ വിജയ്‍യെ പോയി കണ്ടിരുന്നെന്നും ഒരു സൂപ്പര്‍ഹീറോ സബ്‍ജക്റ്റ് അവതരിപ്പിച്ചുവെന്നും രഞ്ജിത്ത് തന്നെയാണ് മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. അവസാനചിത്രം 'സര്‍പട്ടാ പരമ്പരൈ' വലിയ വിജയമായതിനു പിന്നാലെ വിജയ് ആരാധകര്‍ ഈ പ്രോജക്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും ചര്‍ച്ചയാക്കിയിരുന്നു. അതേ സമയം ഈ ചിത്രത്തെക്കുറിച്ച് ഔദ്യോഗികമായി മറ്റൊരു വിവരവും പുറത്തെത്തിയിട്ടുമില്ല. രാഷ്ട്രീയ ഉള്ളടക്കമുള്ള റിയലിസ്റ്റിക് ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'സൂപ്പര്‍ഹീറോ ചിത്രം' എന്ന നിലയില്‍ വലിയ കൗതുകവും പ്രേക്ഷകര്‍ക്കിടയില്‍ ഇത് ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ രഞ്ജിത്ത് ഈ ചിത്രത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. 'സൂപ്പര്‍ഹീറോ' എന്ന് സാധാരണയായി വിവക്ഷിക്കപ്പെടുന്ന തരത്തിലുള്ള ഒരു നായക കഥാപാത്രത്തമല്ല തന്‍റെ മനസ്സിലുള്ളതെന്ന് പാ രഞ്ജിത്ത് പറയുന്നു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍റെ വിശദീകരണം.

"സൂപ്പര്‍ഹീറോ ആരെന്ന് നമ്മളാണ് പറയുന്നത്. ഒരു സാധാരണ മനുഷ്യന്‍ മുന്നില്‍ ഒരു പ്രശ്‍നം എത്തുമ്പോള്‍ അതിനെ ഗൗനിക്കാതെ മുന്നോട്ടുപോയെന്നുവരാം. അതേസമയം അയാള്‍ അതിനെ നേരിടണമെന്നും എതിര്‍ക്കണമെന്നും തീരുമാനിക്കുന്ന നിമിഷം അയാള്‍ക്ക് ഒരു സൂപ്പര്‍പവര്‍ ലഭിക്കുന്നു എന്നതാണ് എന്‍റെ കാഴ്ചപ്പാട്. അത്തരം സൂപ്പര്‍ പവര്‍ ഉള്ള ഒരു സൂപ്പര്‍ഹീറോ കഥാപാത്രമാണ് എന്‍റെ കഥയിലെ നായകന്‍. അല്ലാതെ അമാനുഷിക ശക്തികളൊന്നുമുള്ള കഥാപാത്രമല്ല അത്. അത്തരം സിനിമകളൊന്നും എനിക്ക് ചെയ്യാനാവില്ല. അതേസമയം മാജിക്കല്‍ റിയലിസം എനിക്ക് ഭയങ്കര ഇഷ്‍ടമാണ്. 'ബേഡ്‍മാന്‍' ഒക്കെപ്പോലെയുള്ള ചിത്രങ്ങള്‍", പാ രഞ്ജിത്ത് പറയുന്നു.

അതേസമയം 'സര്‍പട്ടാ പരമ്പരൈ'ക്കു ശേഷം രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തില്‍ വിക്രമാണ് നായകനെന്നാണ് വിവരം. 'മദ്രാസ്' ഒരുക്കുന്ന സമയത്തുതന്നെ പാ രഞ്ജിത്ത് വിക്രത്തിനു മുന്നില്‍ അവതരിപ്പിച്ച കഥയായിരുന്നു ഇത്. എന്നാല്‍ രണ്ട് ചിത്രങ്ങള്‍ രജനീകാന്തുമൊന്നിച്ച് ചെയ്യാനുള്ള അവസരം അദ്ദേഹത്തിനു ലഭിച്ചപ്പോള്‍ ഈ പ്രോജക്റ്റ് നീളുകയായിരുന്നു. പ്രമുഖ നിര്‍മ്മാണ കമ്പനിയായ സ്റ്റുഡിയോ ഗ്രീന്‍ ആയിരിക്കും ഈ ചിത്രം നിര്‍മ്മിക്കുക. മണി രത്നത്തിന്‍റെ 'പൊന്നിയിന്‍ സെല്‍വനി'ലെ തന്‍റെ ഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചതിനു ശേഷം വിക്രം ഈ ചിത്രത്തിലേക്ക് കടക്കുമെന്നാണ് വിവരം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona