മുഖ്യധാരാ തമിഴ് സിനിമയിലൂടെ ദളിത് രാഷ്ട്രീയം ശക്തമായി മുന്നോട്ടുവച്ച സംവിധായകനാണ് പാ രഞ്ജിത്ത്. ആട്ടക്കത്തി, മദ്രാസ്, കബാലി, കാലാ എന്നീ ചിത്രങ്ങള്‍ക്കു ശേഷം താന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. ആര്യ നായകനാവുന്ന ചിത്രത്തിന് 'സാര്‍പട്ടാ പരമ്പരൈ' എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടക്കമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപനം നടന്നത്.

എഴുപതുകളോ എണ്‍പതുകളോ പശ്ചാത്തലമാക്കുന്ന ചിത്രം എന്ന തോന്നലുളവാക്കുന്ന കളര്‍ ടോണിലും പശ്ചാത്തലത്തിലുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ഒരു ബോക്സറുടെ ഗെറ്റപ്പിലാണ് പോസ്റ്ററില്‍ ആര്യ. ആര്യയുടെ ഹെയര്‍സ്റ്റൈലും ബോക്സിംഗ് റിംഗിന് പുറത്തെ പരസ്യപ്പലകകളിലുള്ള ബ്രാന്‍ഡുകളും പോയകാലത്തെ പ്രതിനിധീകരിക്കുന്നവയാണ്. ഏറെക്കാലമായി ഈ ചിത്രത്തിലെ കഥാപാത്രത്തിനായുള്ള ശാരീരിക തയ്യാറെടുപ്പുകളിലായിരുന്നു ആര്യ. ചിത്രത്തില്‍ നിന്നുള്ളത് എന്ന് തോന്നിപ്പിക്കുന്ന ഒരു സംഭാഷണവും പോസ്റ്ററിനൊപ്പം പാ രഞ്ജിത്ത് ട്വിറ്ററില്‍ കുറിച്ചിരുന്നു. അതിന്‍റെ ഭാഷാന്തരീകരണം ഇങ്ങനെയാണ്- 'അവസരങ്ങള്‍ സാധാരണയായി അത്ര എളുപ്പത്തിലല്ല നമുക്ക് ലഭിക്കാറ്. ഇത് നമ്മുടെ കളിയാണ്. നിങ്ങളുടെ മുന്‍പിലുള്ള ആള്‍ക്ക് ആ കമ്പനം അനുഭവപ്പെടണം. വന്ന് കളിക്കൂ കബിലാ'.

വടക്കന്‍ ചെന്നൈയില്‍ മുന്‍പ് നടന്ന ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് സാര്‍പട്ടാ പരമ്പരൈയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മദ്രാസ് എന്ന മുന്‍ ചിത്രത്തിലും പാ രഞ്ജിത്ത് വടക്കന്‍ ചെന്നൈയെ പശ്ചാത്തലമാക്കിയിരുന്നു. കലൈയരശനും ദിനേശും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.