സൂപ്പര്‍താരങ്ങള്‍ക്കൊപ്പം മികച്ച സംവിധായകര്‍ ഒരുമിക്കുന്നത് ആരാധകര്‍ക്ക് എക്കാലവും ആവേശം പകരുന്ന കാര്യമാണ്, അത് ഏതു ഭാഷയിലാണെങ്കിലും. സമീപകാലത്തെ ഉദാഹരണമെടുത്താല്‍ വിജയ് ചിത്രം 'മാസ്റ്ററി'ന് ഇത്രയും വാര്‍ത്താപ്രാധാന്യം ലഭിക്കാന്‍ കാരണം അത് 'കൈതി'യും 'മാനഗര'വുമൊക്കെ ഒരുക്കിയ ലോകേഷ് കനകരാജ് സംവിധാനം ചെയ്തതുകൊണ്ടാണ്. ഇപ്പോഴിതാ വിജയ് ആരാധകര്‍ക്ക് ആവേശം പകരുന്ന മറ്റൊരു വാര്‍ത്തയും പുറത്തുവരുന്നു. അത് പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരേപോലെ നേടിയ തമിഴിലെ മറ്റൊരു യുവസംവിധായകന്‍ വിജയ് ചിത്രമൊരുക്കാനുള്ള ചിന്തയെക്കുറിച്ച് പറഞ്ഞതിനെക്കുറിച്ചാണ്.

മുഖ്യധാരാ തമിഴ് സിനിമയില്‍ ദളിത് രാഷ്ട്രീയം ശക്തമായി പറയുന്ന സംവിധായകന്‍ പാ രഞ്ജിത്ത് ആണ് ഒരു വിജയ് ചിത്രം ഒരുക്കാനുള്ള തന്‍റെ ആഗ്രഹത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ആഗ്രഹിക്കുക മാത്രമല്ല വിജയ്‍യോട് ഒരു കഥ പറഞ്ഞെന്നും അദ്ദേഹത്തിന് അത് ഇഷ്ടമായെന്നും രഞ്ജിത്ത് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. "എല്ലാ മുന്‍നിര  താരങ്ങള്‍ക്കൊപ്പവും പ്രവര്‍ത്തിക്കണമെന്നുണ്ട് എനിക്ക്. 'കാല'യ്ക്കു ശേഷം ഞാന്‍ വിജയ്‍യെ കണ്ടിരുന്നു. ഒരു സൂപ്പര്‍ഹീറോ സബ്‍ജക്റ്റ് അദ്ദേഹത്തെ വായിച്ചുകേള്‍പ്പിച്ചു. അദ്ദേഹത്തിന് അത് ഇഷ്ടമാവുകയും ചെയ്തു. കാത്തിരുന്നു കാണാം", വിജയ്‍യുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് രഞ്ജിത്ത് പറയുന്നു.

അതേസമയം ഇത് എപ്പോള്‍ ഒരു പ്രോജക്ട് ആയി രൂപപ്പെടും എന്നതിനെക്കുറിച്ച് സംവിധായകന്‍ ഒന്നും പറഞ്ഞിട്ടില്ല. അതേസമയം 'കാല'യ്ക്കു ശേഷം താന്‍ തമിഴില്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇന്നലെയാണ് പാ രഞ്ജിത്ത് പ്രഖ്യാപിച്ചത്. ആര്യ നായകനാവുന്ന ചിത്രത്തിന് 'സാര്‍പട്ടാ പരമ്പരൈ' എന്നാണ് പേരിട്ടിരിക്കുന്നത്. 1995 വരെ വടക്കന്‍ ചെന്നൈയില്‍ നിലനിന്നിരുന്ന ബോക്സിംഗ് ഗെയിം പശ്ചാത്തലമാക്കിയുള്ളതാണ് സിനിമ. കലൈയരശന്‍, പശുപതി, ജോണ്‍ വിജയ്, കാലി വെങ്കട്, സന്തോഷ് പ്രതാപ് തുടങ്ങിയവും പ്രാധാന്യമുള്ള കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നു. 

 

ലോക്ക് ഡൗണ്‍ ഇടവേളയില്‍ താന്‍ നിരവധി തിരക്കഥകള്‍ പൂര്‍ത്തിയാക്കിയെന്നും ഒരു റൊമാന്‍റിക് ഡ്രാമയും ഇക്കൂട്ടത്തിലുണ്ടെന്നും പാ രഞ്ജിത്ത് പറയുന്നു. അതേസമയം ആദിവാസി നേതാവും സ്വാതന്ത്ര്യസമര പോരാളിയുമായ ബിര്‍സ മുണ്ടയുടെ ജീവിതത്തെ ആസ്പദമാക്കി ഹിന്ദിയില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കാണ് താന്‍ അടുത്തതായി കടക്കുന്നതെന്നും. 2018 നവംബറില്‍ പ്രഖ്യാപിച്ച ചിത്രമാണ് ഇത്. വെങ്കട് പ്രഭുവിന്‍റെ നേതൃത്വത്തില്‍ ഒരുങ്ങുന്ന സിനിമാ സമുച്ചയത്തില്‍ ഒരു ലഘുചിത്രവും പാ രഞ്ജിത്ത് സംവിധാനം ചെയ്തിരുന്നു.