തന്‍റെ ഇഷ്ടനടനായ ഫഹദ് ഫാസിലിനോടൊപ്പം അഭിനയിക്കാനായതിന്‍റെ ത്രില്ലിലുമാണ് താനെന്ന് വിജി പറയുന്നു.
അഖിൽ സത്യന്‍റെ സംവിധാനത്തിൽ ഒരുങ്ങിയ ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ഫഹദ് ചിത്രം വൻ വിജയമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ പാച്ചു എന്ന കഥാപാത്രമായെത്തിയ ഫഹദിനൊപ്പം പ്രധാന വേഷത്തിലെത്തിയ മറ്റൊരാളാണ് വിജയലക്ഷ്മി(ലൈല) എന്ന വിജി വെങ്കടേഷ്. ഉമ്മച്ചി എന്നാണ് ചിത്രത്തിൽ എല്ലാവരും ഈ കഥാപാത്രത്തെ വിളിക്കുന്നത്. ആദ്യമായി സിനിമാലോകത്തെത്തിയ ഈ താരത്തെ തിരയുകയാണിപ്പോൾ സോഷ്യൽമീഡിയ. വിവിസ്ക്വയർ എന്ന ഇൻസ്റ്റ ഐഡിയിൽ സോഷ്യൽമീഡിയ ലോകത്തും വിജി സജീവമാണ്.
തൃശൂർ പൂങ്കുന്നം സ്വദേശിനിയാണ് വിജി. എന്നാൽ കാൻസർ രോഗികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ മാക്സ് ഫൗണ്ടേഷന്‍റെ ഏഷ്യൻ ഹെഡ് ആണ് ഇവര്‍. വർഷങ്ങളായി മാക്സിൽ പ്രവർത്തിക്കുന്ന വിജയലക്ഷ്മി മുംബൈയിലെ തന്‍റെ സ്ഥിര ജോലിയിൽ നിന്നും ഇടവേളയിലെടുത്താണ് പാച്ചും അത്ഭുതവിളക്കും സിനിമയിലെ ഉമ്മച്ചിയായത്. പ്രേക്ഷകരേവരും ഉമ്മച്ചിയെ ഇതിനകം നെഞ്ചോടുചേർത്തു കഴിഞ്ഞു. ചിത്രത്തിൽ വിനീത് അവതരിപ്പിക്കുന്ന റിയാസ് എന്ന കഥാപാത്രത്തിന്‍റെ ഉമ്മയായാണ് വിജി അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൽ ഒരു പ്രത്യേക ഘട്ടത്തിൽ ഉമ്മച്ചിയുടെ കഥാപാത്രം രംഗപ്രവേശം ചെയ്യുന്നതോടെയാണ് കഥാഗതിയിൽ വഴിത്തിരിവാകുന്നത്.
കാസ്റ്റിങ്ങ് ഡയറക്ടർ വഴിയാണ് താൻ സിനിമയിലേക്കെത്തിയതെന്ന് വിജി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുകയാണ്. സിനിമയോടുള്ള അഖിലിന്‍റെ സ്നേഹമാണ് തന്നെ ലൈല എന്ന കഥാപാത്രത്തിലേക്ക് അടുപ്പിച്ചത്. മലയാളം ശരിക്കും വഴങ്ങാത്തതിനാൽ ഭാഷ പഠിപ്പിക്കാനായി ട്യൂട്ടറെ ഏർപ്പാടാക്കിയിരുന്നു അഖിൽ. സിങ്ക് സൗണ്ടായിട്ടായിരുന്നു ചിത്രമെടുത്തിരുന്നത്. അഭിനയവും സിനിമയും സ്വപ്നങ്ങളിൽ പോലുമില്ലായിരുന്നു. ദില്ലിയിൽ പഠിച്ച് വളർന്നയാളാണ് ഞാൻ. ജീവിതത്തിൽ ഭൂരിഭാഗം സമയവും ജോലിയുടെ ഭാഗമായി ദില്ലി, മുംബൈ, യുഎസ്എ എന്നീ നഗരങ്ങളിലാണ് ചെലവഴിച്ചിട്ടുള്ളത്. ജന്മനാടിനോട് ഹൃദയത്തിൽ സൂക്ഷിക്കുന്ന സ്നേഹമായിരിക്കും ഒരു മലയാളം സിനിമയുടെ ഭാഗമാകാനുള്ള ഭാഗ്യമേകിയതെന്ന് വിജി പറഞ്ഞു.
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ ആളാണ് വിജി. വിവാഹ ശേഷം ഭർത്താവിന്‍റെ ജോലിയുടെ ഭാഗമായി അമേരിക്കയിലെ വെനിൻസ്വലയിൽ എത്തിയതോടെയാണ് വിജിയുടെ ജീവിതം കീഴ്മേൽ മറിഞ്ഞത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ട സമയത്ത് കുടുംബത്തെ പിന്തുണയ്ക്കാനായി വീടുകൾ തോറും മേക്കപ്പ് സാധനങ്ങൾ വിറ്റും മറ്റു ചെറിയ ജോലികൾ ചെയ്തുമായിരുന്നു തുടക്കം. ശേഷം മുംബൈയിലെത്തി. ഇവിടെവച്ച് യാദൃശ്ചികമായി കാൻസർ രോഗികളുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളിൽ വിജി സജീവമാവുകയായിരുന്നു. അര്‍ബുദ ബാധിതരായവരോട് സംസാരിക്കുമ്പോൾ നമുക്കും പ്രത്യേക ഊർജവും ധൈര്യവുമൊക്കെ ലഭിക്കുമെന്നുമാണ വിജിയുടെ വാക്കുകള്‍.
മിഥുൻ മാനുവൽ തോമസിന്റെ രചനയിൽ ഹൊറർ ത്രില്ലർ, 'ഫീനിക്സ്' വരുന്നു
കേരളത്തിൽ തൈക്കാവിലാണ് വിജിയുടെ മുത്തശ്ശിയുടെ വീട്. പൂങ്കുന്നത്താണ് സ്വന്തം വീട്. അമേരിക്കയിലെ 7-8 വർഷത്തെ ജീവിതത്തിനു ശേഷം വിജിയും കുടുംബവും ഇപ്പോൾ മുംബൈയിലാണ് താമസം. ബോളിവുഡിലെ സൂപ്പർ സ്റ്റാർ സൽമാൻ ഖാനോടൊപ്പം സാമൂഹ്യ പ്രവർത്തനങ്ങളുടെ ഭാഗമായും വിജി സഹകരിക്കുന്നുണ്ട്. കഴിഞ്ഞ 25 വർഷങ്ങളായി വിജിയോടൊപ്പം കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സൽമാൻ ഖാനുമുണ്ട്. തന്‍റെ ഇഷ്ടനടനായ ഫഹദ് ഫാസിലിനോടൊപ്പം അഭിനയിക്കാനായതിന്‍റെ ത്രില്ലിലുമാണ് താനെന്ന് വിജി പറയുന്നു.
