സംവിധാനം ബിജിത്ത് ബാല

കുതിരവട്ടം പപ്പുവിന്‍റെ റോഡ് റോളര്‍ ഡ്രൈവര്‍ തകര്‍ത്തുവാരിയ ഒരു സീക്വന്‍സ് ഉണ്ട് 'വെള്ളാനകളുടെ നാട്' സിനിമയില്‍. ഇപ്പോഴിതാ ആ സീക്വന്‍സിലെ ഹിറ്റ് ഡയലോഗില്‍ ഒരു സിനിമയുടെ ടൈറ്റില്‍ വന്നിരിക്കുകയാണ്. 'പടച്ചോനേ ഇങ്ങള് കാത്തോളീ' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം ബിജിത്ത് ബാലയാണ്. 
ശ്രീനാഥ് ഭാസി, ഗ്രേസ് ആന്‍റണി, ആൻ ശീതൾ, അലൻസിയർ, ശ്രുതി ലക്ഷ്മി, രസ്ന പവിത്രൻ, മാമുക്കോയ, ഹരീഷ് കണാരൻ, വിജിലേഷ്, നിർമൽ പാലാഴി, ദിനേശ് പ്രഭാകർ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ടൈറ്റിൽ ലോഞ്ചും പൂജയും കോഴിക്കോട് വച്ച് നടന്നു. മമ്മൂട്ടിയുടെ ഫേസ്ബുക്ക്‌ പേജിലൂടെയാണ് ടൈറ്റിൽ ലോഞ്ച് ചെയ്തത്. നിർമ്മാതാക്കളായ ജോസ്‍കുട്ടി മഠത്തിൽ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവരുടെ ഉടമസ്ഥതയിലുള്ള ടൈനി ഹാൻഡ്‍സ് പ്രൊഡക്ഷന്‍റെ നാലാമത് ചിത്രം കൂടിയാണ് ഇത്. വെള്ളം, അപ്പൻ എന്നീ ചിത്രങ്ങളാണ് മുൻപ്‌ ടൈനി ഹാൻഡ്‍സ് പ്രൊഡക്ഷന്‍റെ ബാനറിൽ നിർമ്മിച്ചത്‌. 

ഷാൻ റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. രചന പ്രദീപ് കുമാർ കാവുംതറ, ഛായാഗ്രഹണം വിഷ്ണു പ്രസാദ്, എഡിറ്റിംഗ് കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, മേക്കപ്പ് രഞ്ജിത്ത് മണാലിപ്പറമ്പിൽ, കലാസംവിധാനം സുഭാഷ് കരുൺ, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ, എക്സിക്യൂട്ടിവ്‌ പ്രൊഡ്യൂസേഴ്സ്‌ ആന്‍റപ്പന്‍ ഇല്ലിക്കാട്ടിൽ, പേരൂർ ജെയിംസ്,‌ ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിജു സുലേഖ ബഷീർ, ഡിസൈൻസ് മൂവി റിപ്പബ്ലിക്, പിആർഒ മഞ്ജു ഗോപിനാഥ്‌,‌ ഡിജിറ്റൽ മാർക്കറ്റിംഗ് എംആർ പ്രൊഫഷണൽ.