തീയേറ്ററുകള്‍ മാസങ്ങളായി അടഞ്ഞുകിടക്കുന്ന കൊവിഡ് കാലത്ത് പക്ഷേ പുതിയ സിനിമകളുടെ ചിത്രീകരണങ്ങള്‍ എണ്ണത്തില്‍ കുറവെങ്കിലും ആരംഭിച്ചിട്ടുണ്ട്. കര്‍ശനമായ കൊവിഡ് നിബന്ധനകളോടെ ചിത്രീകരണം ആരംഭിച്ച സിനിമകളുടെ നിരയിലേക്ക് ഇപ്പോഴിതാ പ‍ദ്‍മകുമാറിന്‍റെ തമിഴ് ചിത്രവും. 'വിചിത്തിരന്‍' എന്നു പേരിട്ടിരിക്കുന്ന 'ജോസഫ്' റീമേക്കിന്‍റെ ചിത്രീകരണം ചെന്നൈയില്‍ ഇന്ന് ആരംഭിച്ചു. 

"6 മാസങ്ങളുടെ ഇരുണ്ട ഇടവേളയ്ക്കു ശേഷം പ്രത്യാശയുടെ പുതുനാമ്പുകള്‍ വീണ്ടും തളിര്‍ത്തു തുടങ്ങുന്നു. തമിഴ് സിനിമയുടെ ഷൂട്ടിംഗ് ഇന്ന്‌ ചെന്നൈയില്‍ പുനരാരംഭിച്ചു. പ്രതീക്ഷകള്‍ കരുത്തേകട്ടെ.. പ്രാർത്ഥനകള്‍ വഴി തെളിക്കുകയും", ലൊക്കേഷനില്‍ നിന്നുള്ള ചിത്രത്തിനൊപ്പം പദ്‍മകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജോജു ജോര്‍ജ് മലയാളത്തില്‍ അവതരിപ്പിച്ച ടൈറ്റില്‍ റോള്‍ തമിഴില്‍ അവതരിപ്പിക്കുന്നത് ആര്‍ കെ സുരേഷ് ആണ്. രണ്ട് ഗെറ്റപ്പുകളിലെത്തുന്ന ചിത്രത്തിനുവേണ്ടി സുരേഷ് ശരീരഭാരം ക്രമീകരിച്ചിട്ടുണ്ട്. ബി സ്റ്റുഡിയോസിന്‍റെ ബാനറില്‍ സംവിധായകന്‍ ബാല നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ ലുക്ക് ശ്രദ്ധ നേടിയിരുന്നു. ശിവകാര്‍ത്തികേയനാണ് ടൈറ്റില്‍ ലുക്ക് പുറത്തുവിട്ടത്. ജി വി പ്രകാശ് ആണ് ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്.