Asianet News MalayalamAsianet News Malayalam

ലൈംഗിക അതിക്രമങ്ങൾക്ക് കാരണം സിനിമയിലെ അധികാരശ്രേണി, പവ‍ർ ഗ്രൂപ്പുണ്ട്; സർക്കാരിനെയും വിമർശിച്ച് പത്മപ്രിയ

'മോഹൻലാലിൻ്റെയും മമ്മൂട്ടിയുടെ നിലപാടിൽ നിരാശയുണ്ട്, കേരള സമൂഹത്തിൽ അവ‍ർക്കുള്ള സ്ഥാനം എന്താണെന്ന് അവർ തിരിച്ചറിയണം'

padmapriya says there is Power group in malayalam film industry in interview with sindhu sooryakumar
Author
First Published Sep 3, 2024, 3:12 PM IST | Last Updated Sep 3, 2024, 3:12 PM IST

തിരുവനന്തപുരം: മലയാള സിനിമയിലെ ലൈംഗിക അതിക്രമങ്ങൾക്ക് കാരണം അധികാര ശ്രേണിയെന്ന് നടി പത്മപ്രിയ. സിനിമയിൽ പവർ ഗ്രൂപ്പുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രശ്നങ്ങൾ പരിശോധിച്ച് ഭാവിയിൽ ഇതൊന്നുമില്ലാതെ കാര്യക്ഷമമായി മുന്നോട്ട് പോകാനാണ് ശ്രമിക്കേണ്ടത്. സർക്കാർ നാലര വർഷം ഹേമ കമ്മിറ്റി റിപ്പോ‍ർട്ട് പുറത്തുവിടാതിരുന്നത് എന്തിനെന്ന് അറിയില്ല. ഇപ്പോൾ പുറത്തുവിട്ടത് കൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകുമോയെന്നതിലും സംശയങ്ങളുണ്ടെന്നും പത്മപ്രിയ പറഞ്ഞു.

നടിക്കെതിരായ അതിക്രമത്തിന് ശേഷം സിനിമാ മേഖലയിലെ സ്ത്രീകൾ തങ്ങളുടെ പ്രശ്നങ്ങൾ പരസ്പരം പറഞ്ഞതാണ് ഡബ്ല്യുസിസിയുടെ തുടക്കത്തിലേക്ക് നയിച്ചതെന്നും അവർ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനോടാണ് പത്മപ്രിയ സംസാരിച്ചത്. ലൈംഗിക അതിക്രമം എന്ന നിലയിൽ മാത്രമാണ് ഹേമ കമ്മിറ്റി റിപ്പോ‍ർട്ടിനെ ഇപ്പോൾ നോക്കിക്കാണുന്നത്. എന്നാൽ അതിലേക്ക് നയിക്കുന്നത് അധികാര മനോഭാവം മൂലമാണ്. അതിലാണ് മാറ്റം വരേണ്ടത്.

തങ്ങൾ മുഖ്യമന്ത്രിയെ കണ്ട് അര മണിക്കൂറിൽ തന്നെ ഹേമ കമ്മിറ്റി ഉണ്ടാക്കി. എന്നാൽ നാല് വർഷം കഴിഞ്ഞാണ് റിപ്പോർട്ട് പുറത്തുവരുന്നത്. ഈ സമയത്ത് ഇത് വന്നിട്ട് എന്താണ് ഗുണം എന്നാണ് ചിന്തിക്കുന്നത്. ഭാവിയിൽ ഇത് സംഭവിക്കാതിരിക്കാൻ ശ്രമിക്കണം. പ്രത്യേക അന്വേഷണ സംഘം കുറ്റകൃത്യങ്ങൾക്ക് പുറകെയാണ് പോകുന്നത്. ഇനിയും അതിക്രമങ്ങൾ നടന്നാൽ എന്ത് ചെയ്യും? അതിലാണ് മാറ്റമുണ്ടാകുന്നത്. എന്നാൽ അതിലൊരു കൃത്യമായ ഉത്തരം സർക്കാർ നൽകുന്നില്ല.

രാഷ്ട്രീയാതീതമായി മുന്നോട്ട് പോകാനുള്ള അവസരമായി ഹേമ കമ്മിറ്റി റിപ്പോർട്ടിനെ നോക്കിക്കാണുകയാണ് വേണ്ടത്. മോഹൻലാലിൻ്റെയും മമ്മൂട്ടിയുടെയും നിലപാടിൽ നിരാശ തോന്നുന്നുണ്ട്. അവർക്ക് സമൂഹത്തിൽ വലിയ സ്ഥാനമുണ്ട്. അത് അവർക്ക് ഇനിയെങ്കിലും മനസിലാക്കാൻ കഴിയട്ടെ. അമ്മ ഭാരവാഹികൾ രാജിവെക്കുമെന്ന് പ്രതീക്ഷിച്ചതല്ല. എന്ത് ധാർമികതയുടെ പേരിലാണ് അവരുടെ രാജിയെന്ന് മനസിലാകുന്നില്ല. ഡബ്ല്യുസിസിയെ അമ്മ എങ്ങനെയാണ് നോക്കുന്നതെന്ന് അറിയില്ല. മുഴുവൻ എക്സിക്യുട്ടീവ് കമ്മിറ്റി രാജിവെക്കുമ്പോൾ ഇവർ ആർക്കാണ് രാജി സമർപ്പിക്കുന്നതെന്ന് ചോദ്യമുണ്ട്. ഭാരവാഹികൾ ഇല്ലാതെ എങ്ങനെയാണ് ആരാണ് ജനറൽ ബോഡി യോഗം വിളിക്കുക? ഇത് തീർത്തും നിരുത്തരവാദപരമായ നിലപാടാണ്. അമ്മയുടെ ഭാഗമാണ് താനും. നട്ടെല്ലിലാത്ത നിലപാടാണ് അമ്മ ഭാരവാഹികളുടേത് എന്ന് തന്നെ പറയേണ്ടി വരും.

Read More: 'അമ്മയ്ക്ക് തലയും നട്ടെല്ലുമില്ല, കൂട്ടരാജി നിരുത്തരവാദപരമായ നടപടി': തുറന്നടിച്ച് പത്മപ്രിയ

ആരെല്ലാം നിഷേധിച്ചാലും സിനിമയിൽ പവർ ഗ്രൂപ്പുണ്ട്. ഒരു പരാതി പറയാൻ മുന്നോട്ട് വരുന്നവ‍ർക്ക് അത് പറയാനുള്ള ധൈര്യം ഉണ്ടാകണം.  അധികാര ശ്രേണി ഉള്ളതുകൊണ്ടാണ് ലൈംഗികാതിക്രമം നടക്കുന്നത്. അക്കാര്യം ആരും പരിഗണനയ്ക്ക് എടുക്കുന്നില്ലെന്ന് പത്മപ്രിയ വിമർശിച്ചു. തനിക്ക് മലയാള സിനിമയിൽ നിന്നുണ്ടായ ഒരു അനുഭവവും പത്മപ്രിയ പങ്കുവെച്ചു- 'എനിക്ക് 25 - 26 വയസ്സുള്ളപ്പോൾ ഇപ്പോഴത്തെ ഒരു ലീഡിങ് പ്രൊഡക്ഷൻ മാനേജർ എന്നോട് ചോദിച്ചു. ഇത്രയും വയസ്സായില്ലേ പ്രായമായില്ലേ ഇനി നിർത്തിക്കൂടെയെന്ന്. ഇതാണ് കാഴ്ചപ്പാട്' എന്നും അവ‍ർ പറഞ്ഞു.

ഡബ്ല്യുസിസി പറഞ്ഞ ആളുകൾ മാത്രമല്ല ഹേമ കമ്മിറ്റിക്ക് മുന്നിൽ പോയത്. മോഹൻലാലടക്കമുള്ള നിരവധി പുരുഷ താരങ്ങൾ കമ്മിറ്റിക്ക് മുൻപാകെ ഹാജരായിട്ടുണ്ട്. നിരവധി സംഘടനകളും കമ്മിറ്റിയുടെ മുന്നിൽ ഹാജരായിട്ടുണ്ട്. പ്രശ്നങ്ങളെല്ലാം മാറുമെന്നാണ് ഏഴ് വർഷമായുള്ള പ്രതീക്ഷ. എന്നാൽ എന്താണ് പ്രതീക്ഷയെന്ന് ചോദിക്കാവുന്ന സാഹചര്യത്തിലേക്ക് എത്തിയില്ലേ. പ്രതീക്ഷ ചെറിയ കാര്യമല്ല. മാറ്റം ഒഴിവാക്കാനാവാത്തതാണ്. മൂന്നാഴ്ചയായി ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നിട്ട്. അത് വരുത്തിയ മാറ്റങ്ങൾ വളരെ വലുതാണ്. ഡബ്ല്യുസിസിയുടെ ഭാഗത്ത് നിന്ന് ഇനിയും മാറ്റങ്ങൾക്കായി പൊരുതും. ആറ് മാസമോ ഒരു വ‍ർഷമോ എടുത്താലും മാറ്റങ്ങൾക്കായി പൊരുതിക്കൊണ്ടിരിക്കുമെന്നും പത്മപ്രിയ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios