ഗുജറാത്തിലെ വൻതാര വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ മാതൃകയിൽ ഗുരുവായൂരിലും അത്യാധുനിക മൃഗാശുപത്രി വരുന്നു. റിലയൻസ് ചെയർമാൻ അനന്ത് അംബാനിയാണ് പുന്നത്തൂർ കോട്ടയിലെ ആനകളുടെ പരിചരണത്തിനായി സഹായം വാഗ്ദാനം ചെയ്തത്. ഇതിന്റെ ഭാഗമായി ദേവസ്വം ഭാരവാഹികൾ ജാംനഗർ സന്ദർശിക്കും.
തൃശൂർ: റിലയൻസ് ഉടമസ്ഥതയിൽ ഗുജറാത്ത് ജാംനഗറിൽ പ്രവർത്തിക്കുന്ന വൻതാര വന്യ ജീവിസംരക്ഷണ കേന്ദ്രത്തിലെ അത്യാധുനിക മൃഗാശുപത്രി മാതൃകയിൽ ഗുരുവായൂരിലും പുതിയ മൃഗാശുപത്രിക്ക് സാധ്യത തെളിയുന്നു. ദേവസ്വം പുന്നത്തൂർ കോട്ടയിലെ ആനകളുടെ രോഗപരിചരണം മുൻനിർത്തിയാണ് പുതിയ സ്പെഷ്യാലിറ്റി മൃഗാശുപത്രി വിഭാവനം ചെയ്യുന്നത്. ആശുപത്രിയുടെ വിശദ രൂപരേഖ അടിയന്തിരമായി തയ്യാറാക്കുന്ന തിരക്കിലാണ് ദേവസ്വം ജീവധന വിഭാഗം. വൻതാരയുള്ള ചുമതലയുള്ള റിലയൻസ് ന്യൂ എനർജി ലിമിറ്റഡ് ചെയർമാൻ അനന്ത് അംബാനിയുടെ ഗുരുവായൂർ ക്ഷേത്ര സന്ദർശനമാണ് ദ്രുതഗതിയിലുള്ള നീക്കത്തിന് പിന്നിൽ.
വൻ താരയിലെ അത്യാധുനിക മൃഗാശുപത്രി മാതൃകയിൽ ഗുരുവായൂരിൽ മൃഗാശുപത്രി നിർമ്മിക്കാൻ സഹായം നൽകാമെന്ന് അനന്ത് അംബാനി ദേവസ്വത്തിന് വാഗ്ദാനം നൽകിയിരുന്നു. ഇതിൻ്റെ ഭാഗമായി വൻതാര സന്ദർശിക്കാൻ ദേവസ്വം ഭാരവാഹികളെ അദ്ദേഹം ജാംനഗറിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. കൂടാതെ ദേവസ്വം ഗോശാലകളുടെ സമഗ്ര വികസനത്തിനും അംബാനി സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ട്. നേരത്തെ വിശദ രൂപരേഖ തയ്യാറാക്കി നൽകിയെങ്കിലും അനന്ത് അംബാനിയുടെ സഹായ പ്രഖ്യാപനം കണക്കിലെടുത്ത് സമഗ്ര മായ രൂപരേഖ തയ്യാറാക്കി നൽകാനാണ് ദേവസ്വം നടപടി. വൈകാതെ സമഗ്ര രൂപരേഖയുമായി ദേവസ്വം നേതൃത്വത്തിൽ അനന്ത് അംബാനിയെ സന്ദർശിച്ച് തുടർ നടപടി വേഗത്തിലാക്കും.
വൻ താരയിൻ നിന്നുള്ള വിദഗ്ധർ പുന്നത്തൂർക്കോട്ട സന്ദർശിക്കാമെന്ന് താൽപര്യം അറിയിച്ചിട്ടുണ്ട്. വൻതാരയിലെ വന്യ ജീവി ആശുപത്രി മാതൃകയിൽ ദേവസ്വത്തിന് പുതിയ ആശുപത്രി നിർമ്മിക്കുന്നതിൽ എല്ലാ സഹായങ്ങളും നൽകുമെന്ന റിലയൻസ് ഗ്രൂപ്പിൻ്റെ പ്രഖ്യാപനം ദേവസ്വം ആനകളുടെയും പശുക്കളുടെയും രോഗ പരിചരണത്തിനും സംരക്ഷണത്തിനും ഗുണപരമായ മാറ്റത്തിന് തുടക്കം കുറിക്കും. ആധുനിക മൃഗാശുപത്രി ഗുരുവായൂരിന് പ്രത്യേകിച്ചും സംസ്ഥാനത്തിന് പൊതുവിലും മൃഗസംരക്ഷണ മേഖലയ്ക്ക് മുതൽക്കൂട്ടാകും.
