കുറച്ചുനാളായി സിനിമാ രംഗത്ത് സങ്കടവാര്‍ത്തകളാണെന്നാണ് ആരാധകര്‍ പറയുന്നത്. ഏറ്റവുമൊടുവില്‍ സുശാന്ത് സിംഗ് രജ്‍പുതിന്റെ വിയോഗം ആരാധകരെ സങ്കടത്തിലാക്കി. സുശാന്തിന്റെ ആത്മഹത്യയുടെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല.  കന്നഡ സിനിമാലോകത്തെ ഞെട്ടിച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരഞ്‍ജീവി സര്‍ജ അകാലത്തില്‍ വിടവാങ്ങിയത് ജൂണ്‍ മാസത്തില്‍ തന്നെയാണ്. ചിരഞ്‍ജീവി സര്‍ജയുടെ മരണം കഴിഞ്ഞ് ഒരു ആഴ്‍ചയാകുമ്പോഴും ആ വാര്‍ത്ത അംഗീകരിക്കാനാകെ നില്‍ക്കുകയാണ് സുഹൃത്തും യുവസംവിധായകനുമായ പന്നഗ ഭരണ.

ചിരഞ്‍ജീവി സര്‍ജയ്‍ക്കൊപ്പം ചിരിച്ചുനില്‍ക്കുന്ന ഒരു ഫോട്ടോ ഷെയര്‍ ചെയ്‍താണ് സൗഹൃദം ഓര്‍ക്കുന്നത്. എന്റെ സുഹൃത്ത് ഒപ്പമില്ലാതെ ആദ്യമായി ഒരുപാട് ദിവസങ്ങള്‍. വീണ്ടും കാണുമ്പോള്‍ ഇതിനെക്കുറിച്ച് എല്ലാം ഞാൻ നിങ്ങളോട് പറയും. ഞങ്ങളുടെ ചിരിയില്‍ നിങ്ങളുണ്ടാകും. പുഞ്ചിരിച്ചുകൊണ്ട് ജീവിതം നയിക്കാൻ ഞങ്ങള്‍ പഠിച്ചത് നിങ്ങളില്‍ നിന്നാണ് എന്നുമാണ് പന്നഗ ഭരണ എഴുതിയിരിക്കുന്നത്. കന്നഡ സംവിധായകൻ നാഗഭരണയുടെ മകനും നടനും സംവിധായകനുമായ പന്നഗ ഭരണ ചിരഞ്‍ജീവി സര്‍ജയുടെ അടുത്ത സുഹൃത്താണ്. മലയാളികളുടെ പ്രിയങ്കരിയായ നടി മേഘ്‍ന രാജിന്റെ ഭര്‍ത്താവാണ് ചിരഞ്‍ജീവി സര്‍ജ. മേഘ്‍ന രാജ് ഗര്‍ഭിണിയാണെന്നതും കുഞ്ഞിനെ മോഹിച്ച് കാത്തിരുന്ന ചിരഞ്‍ജീവി സര്‍ജയ്‍ക്ക് അതിനുള്ള അവസരമില്ലാതെയാണ് വിടപറഞ്ഞത് എന്ന വാര്‍ത്തയും ആരാധകരെയടക്കം വിഷമത്തിലാക്കിയിരുന്നു.