മലയാളം ദൃശ്യം 3 ഫെബ്രുവരി 20 നാണ് പ്രഖ്യാപിച്ചത്
മറ്റ് ഭാഷകളിലേക്ക് ഇത്രയധികം തവണ റീമേക്ക് ചെയ്യപ്പെട്ട മറ്റൊരു ചിത്രം മലയാളത്തില്‍ ദൃശ്യം പോലെ ഇല്ല. അതിനാല്‍ത്തന്നെ ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ദൃശ്യം 3 മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. ദൃശ്യത്തിന്‍റെ ഇന്ത്യന്‍ റീമേക്കുകളില്‍ ഏറ്റവുമധികം തിയറ്റര്‍ കളക്ഷന്‍ നേടിയത് അജയ് ദേവ്ഗണിന്‍റെ ഹിന്ദി ഫ്രാഞ്ചൈസിയാണ്. ദൃശ്യം രണ്ടും അജയ് ദേവ്ഗണ്‍ നായകനായി തിയറ്ററുകളില്‍ എത്തുകയും വലിയ വിജയം നേടുകയും ചെയ്തിരുന്നു. മോഹന്‍ലാലിന്‍റെ ദൃശ്യം 3 ബഹുഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാവും എത്തുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. അങ്ങനെ വരുമ്പോള്‍ അജയ് ദേവ്ഗണിന്‍റെ ഹിന്ദി ദൃശ്യം 3 യുടെ പ്രസക്തി എന്താവുമെന്നും സിനിമാപ്രേമികള്‍ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ഹിന്ദി ദൃശ്യം 3 ഇപ്പോള്‍ ഉറപ്പിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
നിര്‍മ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് ആണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഫയല്‍ ചെയ്ത വിവരങ്ങളില്‍ ദൃശ്യം 3 ന്‍റെ കാര്യവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ദൃശ്യം 3 സജീവ നിര്‍മ്മാണത്തില്‍ ആണെന്നും അഭിഷേക് പതക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ ആയിരിക്കും നായകനെന്നും നിര്‍മ്മാണ കമ്പനി നല്‍കിയ വിവരത്തില്‍ ഉണ്ട്. 2022 ല്‍ പുറത്തെത്തിയ ദൃശ്യം 2 ഹിന്ദി റീമേക്കിന്‍റെയും സംവിധാനം അഭിഷേക് പതക് ആയിരുന്നു.
അഭിഷേക് പതക്കും സഹ രചയിതാക്കളും ചേര്‍ന്ന് ദൃശ്യം മൂന്നാം ഭാഗത്തിന്റെ ആശയം ജീത്തു ജോസഫിന് മുന്നില്‍ അവതരിപ്പിച്ചെന്ന് 2023 ജൂണില്‍ ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഭിഷേക് പതക്ക് അവതരിപ്പിച്ച ആശയം ജീത്തുവിന് ഇഷ്ടമായെന്നും ഇതിനെ മുന്‍നിര്‍ത്തി ജീത്തു ജോസഫ് ചിത്രത്തിന്‍റെ തിരക്കഥ രൂപപ്പെടുത്തുകയാണെന്നും. പ്രതീക്ഷിക്കപ്പെടുന്നതുപോലെ പ്രോജക്റ്റ് യാഥാര്‍ഥ്യമാവുന്നപക്ഷം ഹിന്ദി, മലയാളം പതിപ്പുകള്‍ ഒരുമിച്ച്, ഒരേ ദിവസം തിയറ്ററുകളില്‍ എത്തിക്കാനാണ് കൂട്ടായ തീരുമാനമെന്നും ഇതേ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ തള്ളി ജീത്തു പ്രതികരിച്ചിരുന്നു. ദൃശ്യം 3 നായി പുറത്തുനിന്ന് കഥ എടുക്കില്ലെന്നും കഥ കേട്ടെന്ന് പറയുന്നത് വാസ്തവമല്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ഈ വര്‍ഷം ഫെബ്രുവരി 20 നാണ് മോഹന്‍ലാലും ജീത്തുവും അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെ ദൃശ്യം 3 ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബഹുഭാഷകളില്‍ മലയാളത്തില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്താന്‍ സ്കോപ്പ് ഉള്ള ചിത്രമാണിത്. അങ്ങനെ തന്നെയാവുമോ വരിക എന്നത് കണ്ടറിയണം.


