ഓസ്‍കര്‍ നാമനിര്‍ദ്ദേശത്തിലൂടെ സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ പാരസൈറ്റ് ഇന്ത്യയില്‍ റിലീസിന് എത്തുന്നു. ജനുവരി 31ന് ആണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുക. പാം ദിയോര്‍ പുരസ്‍കാരം നേടിയ ചിത്രമാണ് പാരസൈറ്റ്.  ചിത്രം പല ചലച്ചിത്രമേളകളിലും സ്വീകാര്യത ഏറ്റുവാങ്ങിയിരുന്നു.  നിരവധി  മേളകളില്‍ അവാര്‍ഡുകള്‍ സ്വന്തമാക്കിയിരിക്കുന്നു.

ഇംപാക്റ്റ് ഫിലിംസിന്റെ അശ്വനി ശര്‍മ്മയാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്. 15 ഇന്ത്യൻ നഗരങ്ങളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. കമ്പ്യൂട്ടറുകളിലോ ചെറിയ സ്‍ക്രീനുകളിലോ കാണേണ്ടതല്ല പാരസൈറ്റ് എന്നും അശ്വനി ശര്‍മ്മ പറയുന്നു. ദക്ഷിണ കൊറിയൻ സംവിധായകൻ ബോംഗ് ജൂണ്‍ ഹൊയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ആറ് ഓസ്‍കര്‍ നാമനിര്‍ദ്ദേശങ്ങളാണ് പാരസൈറ്റിന് കിട്ടിയിരിക്കുന്നത്.  മികച്ച ചിത്രത്തിനും മികച്ച സംവിധായകനും ഉള്‍പ്പടെയുള്ള നാമനിര്‍ദ്ദേശങ്ങളാണ് ലഭിച്ചിരിക്കുന്നത്.