മമത ബാനര്‍ജിയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്‍റെയും ഒഫിഷ്യല്‍ അക്കൗണ്ടുകള്‍ ടാഗ് ചെയ്തുകൊണ്ടാണ് പാര്‍വ്വതിയുടെ ട്വീറ്റ്.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ പശ്ചിമ ബംഗാളില്‍ അരങ്ങേറുന്ന വ്യാപക അക്രമ സംഭവങ്ങളില്‍ വിമര്‍ശനമുയര്‍ത്തി ചലച്ചിത്ര താരങ്ങളായ പാര്‍വ്വതി തിരുവോത്തും സ്വര ഭാസ്‍കറും. "ബംഗാളില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? അധികാരത്തിനൊപ്പം എത്തുന്ന ആ ഉത്തരവാദിത്തം എവിടെ? മനുഷ്യത്വരഹിതമായ അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് നീതി ലഭ്യമാക്കുക സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്", പാര്‍വ്വതി ട്വീറ്റ് ചെയ്‍തു. മമത ബാനര്‍ജിയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്‍റെയും ഒഫിഷ്യല്‍ അക്കൗണ്ടുകള്‍ ടാഗ് ചെയ്തുകൊണ്ടാണ് പാര്‍വ്വതിയുടെ ട്വീറ്റ്.

Scroll to load tweet…

"ബംഗാളില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഇത് അപരിഷ്‍കൃതവും സുബോധമില്ലാത്ത പ്രവര്‍ത്തിയുമാണ്. ഇത് തടഞ്ഞേ മതിയാവൂ. മമതാ ബാനര്‍ജി, മുഴുവന്‍ രാഷ്ട്രീയ അതിക്രമങ്ങളും തടയൂ. ഒരു അന്വേഷണം പ്രഖ്യാപിച്ച് കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരൂ. അവര്‍ നിങ്ങളുടെ പാര്‍ട്ടിക്കാരാണെങ്കിലും", എന്നാണ് സ്വര ഭാസ്‍കറിന്‍റെ ട്വീറ്റ്. മമത ബാനര്‍ജിയെയും തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് അഭിഷേക് ബാനര്‍ജിയെയും ടാഗ് ചെയ്തുകൊണ്ടാണ് സ്വരയുടെ ട്വീറ്റ്.

Scroll to load tweet…

അതേസമയം പശ്ചിമ ബംഗാളിലെ രാഷ്ട്രീയ അക്രമങ്ങളില്‍ മരണം പതിനൊന്നായി. തൃണമൂല്‍ കോണ്‍ഗ്രസ് അനുഭാവികള്‍ തങ്ങളുടെ പ്രവര്‍ത്തകയെ കൂട്ടബലാല്‍സംഗം ചെയ്‍തെന്നും പലയിടത്തും പാര്‍ട്ടി ഓഫീസുകള്‍ കത്തിച്ചെന്നും ബിജെപി ആരോപിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ സാഹചര്യം വിലയിരുത്താന്‍ ബംഗാലിലെത്തി. സിപിഎം ഓഫീസുകള്‍ക്കെതിരെയും പലയിടത്തും അക്രമം നടന്നിട്ടുണ്ട്. കൊവിഡിനെ പ്രതിരോധിക്കേണ്ട സമയത്ത് തൃണമൂല്‍ അരാജകത്വം അഴിച്ചുവിടുകയാണെന്നും ഇത് ചെറുക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. അക്രമത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാള്‍ ഗവര്‍ണറുമായി സംസാരിച്ചു.