Asianet News MalayalamAsianet News Malayalam

'500 പേരെ പങ്കെടുപ്പിക്കുന്നത് തെറ്റ്'; സത്യപ്രതിജ്ഞ വെര്‍ച്വല്‍ ആയി നടത്തിക്കൂടേയെന്ന് പാര്‍വ്വതി

"ഉത്തരവാദപ്പെട്ട രീതിയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള, നടത്തിക്കൊണ്ടിരിക്കുന്ന ഒരു സംസ്ഥാന സര്‍ക്കാരാണ് ഇതെന്നതില്‍ സംശയമേതുമില്ല"

parvathy disapproves to swearing in ceremony of kerala government to be attended by 500 persons
Author
Thiruvananthapuram, First Published May 18, 2021, 2:08 PM IST

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച് നടത്താനുള്ള തീരുമാനത്തില്‍ വിമര്‍ശനം രേഖപ്പെടുത്തി നടി പാര്‍വ്വതി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികവ് കാട്ടുന്ന ഒരു സര്‍ക്കാരില്‍ നിന്ന് ഈ തീരുമാനം കേട്ടപ്പോള്‍ ഞെട്ടലാണ് ഉണ്ടായതെന്നും സത്യപ്രതിജ്ഞ വെര്‍ച്വല്‍ ആയി നടത്തി മാതൃക കാട്ടാനുള്ള അവസരമായിരുന്നു ഇതെന്നും പാര്‍വ്വതി ട്വീറ്റ് ചെയ്‍തു.

"ഉത്തരവാദപ്പെട്ട രീതിയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള, നടത്തിക്കൊണ്ടിരിക്കുന്ന ഒരു സംസ്ഥാന സര്‍ക്കാരാണ് ഇതെന്നതില്‍ സംശയമേതുമില്ല. അതിനാലാണ് 20നു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ 500 പേര്‍ വലിയ സംഖ്യയല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്‍ഥാവന ഞെട്ടലുളവാക്കുന്നത്, അംഗീകരിക്കാനാവാത്തത്. കൊവിഡ് കേസുകള്‍ ഇപ്പോഴും കൂടിക്കൊണ്ടിരിക്കെ ഒരു തെറ്റായ തീരുമാനമായിപ്പോയി ഇത്. ഒരു വെര്‍ച്വല്‍ ചടങ്ങ് നടത്തി മാതൃക സൃഷ്ടിക്കാനുള്ള അവസരമായിരുന്നു ഇത് എന്നതിനാല്‍ പ്രത്യേകിച്ചും. പൊതുചടങ്ങ് നടത്താനുള്ള തീരുമാനം ഉപേക്ഷിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വല്‍ ആയി നടത്താനുള്ള ഈ അപേക്ഷ പരിഗണിക്കണമെന്ന് മുഖ്യമന്ത്രിയോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു", ട്വിറ്ററില്‍ പാര്‍വ്വതി കുറിച്ചു.

മൂന്ന് കോടി ജനങ്ങളുടെ ഭാഗധേയം നിശ്ചയിക്കുന്ന ചടങ്ങില്‍ 500 വലിയ സംഖ്യ അല്ലെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. "ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ജനങ്ങൾക്ക് നടുവിലാണ് അധികാരമേൽക്കേണ്ടത്. പക്ഷേ നിർഭാ​ഗ്യവശാൽ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ജനമധ്യത്തിൽ ജനങ്ങളുടെ ആഘോഷത്തിമിർപ്പിനിടയിൽ പരിമിതമായ തോതിൽ ഈ ചടങ്ങ് നടത്താൻ തീരുമാനിച്ചത്. അരലക്ഷത്തോളം പേരെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയമാണെങ്കിലും പരമാവധി അഞ്ഞൂറ് പേരുടെ സാന്നിധ്യമാണ് സത്യപ്രതിജ്ഞ ചടങ്ങിന്‍റെ ഭാ​ഗമായുണ്ടാവുക. അഞ്ച് വർഷം മുൻപ് 40,000 പേരുടെ സാന്നിധ്യത്തിൽ നടത്തിയ പരിപാടിയാണ് ഇപ്പോൾ ചുരുക്കുന്നത്. അഞ്ഞൂറ് പേരിൽ 140 എംഎൽഎമാരും 29 എംപിമാരും ഉൾപ്പെടും. ഇതോടൊപ്പം ബഹുമാനപ്പെട്ട ന്യായാധിപൻമാരേയും അനിവാര്യരായ ഉദ്യോ​ഗസ്ഥരേയും ചടങ്ങിലേക്ക് ക്ഷണിക്കും. ഇതോടൊപ്പം ജനാധിപത്യത്തിന്‍റെ നാലാം തൂണായ മാധ്യമങ്ങളേയും പരിപാടിയിലേക്ക് പ്രവേശിപ്പിക്കും. ഇതോടൊപ്പം ​ഗവർണർ ചീഫ് സെക്രട്ടറി രാജ്ഭവനിലേയും സെക്രട്ടേറിയറ്റിലേയും ഒഴിച്ചു കൂടാനാവാത്ത ഉദ്യോ​ഗസ്ഥർ ഇവരെല്ലാം ഉണ്ടാവും. സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ എന്ന് കേൾക്കുമ്പോൾ ജനസമുദ്രമായിരിക്കും ചിലരുടെ മനസ്സിൽ. അതല്ല വേണ്ടത്. ഒരു വലിയ തുറസായ സ്ഥലം ഇങ്ങനെയൊരു പരിപാടിക്ക് ആവശ്യമാണ്. നല്ല നിലയിൽ വായുസഞ്ചാരവും സ്ഥലവും വേണം. അതിനാലാണ് സ്റ്റേഡിയത്തെ പരിപാടിക്കുള്ള വേദിയായി തെരഞ്ഞെടുത്തത്", മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.

അതേസമയം നിലവില്‍ തീരുമാനിച്ചിരിക്കുന്ന രീതിയിലുള്ള പ്രതിഷേധം രേഖപ്പെടുത്തി യുഡിഎഫ് സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‍കരിച്ചിട്ടുണ്ട്. കൊവിഡ് സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ മാമാങ്കം നടത്തുന്നത് ശരിയല്ലെന്നും ടിവിയില്‍ മാത്രമേ ചടങ്ങ് കാണൂവെന്നുമായിരുന്നു യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍റെ പ്രതികരണം. യുഡിഎഫ് നേതാക്കളാരും ചടങ്ങില്‍ നേരിട്ട് പങ്കെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios