ജെഎന്‍യു സമരം പ്രമേയമാക്കിയ ചിത്രം സെന്‍സര്‍ ബോര്‍ഡിന്‍റെ അനുമതിക്കെത്തിയത് 24നാണ്. എന്നാല്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നല്‍കാതെ മുംബൈയിലെ റിവിഷന്‍ കമ്മിറ്റിക്ക് അയക്കുകയായിരുന്നു. 

സെന്‍സര്‍ ബോര്‍ഡ് ഇടപെടലുകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവിൽ പാര്‍വതി നായികയായ വര്‍ത്തമാനം സിനിമ തിയറ്ററുകളില്‍ എത്തുന്നു. ഫെബ്രുവരി 19നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രത്തിന് ആര്യാടൻ ഷൗക്കത്ത് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

'തിരസ്‌ക്കാരങ്ങളെ അതിജീവിച്ച് വർത്തമാനം എത്തുന്നു', എന്നാണ് റിലീസിംഗ് വിവരം പങ്കുവച്ച് ആര്യാടൻ ഷൗക്കത്ത് ഫേസ്ബുക്കിൽ കുറിച്ചത്. ജെഎൻയു സമരം പ്രമേയം ആയ സിനിമക്ക് കേരള സെൻസർ ബോർഡ് പ്രദർശനത്തിന് അനുമതി നിഷേധിച്ചത് വിവാദത്തിന് വഴിവച്ചിരുന്നു. പിന്നീട് മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റി ചെറിയമാറ്റങ്ങളോടെ ചിത്രത്തിന് പ്രദര്‍ശനാനുമതി നൽകുകയായിരുന്നു. ചെറുമാറ്റത്തോടെയാണ് ചിത്രത്തിന് പ്രദർശന അനുമതി നൽകിയത്.

തിരസ്‌ക്കാരങ്ങളെ അതിജീവിച്ച് വർത്തമാനം എത്തുന്നു

Posted by Aryadan Shoukath on Friday, 15 January 2021

ജെഎന്‍യു സമരം പ്രമേയമാക്കിയ ചിത്രം സെന്‍സര്‍ ബോര്‍ഡിന്‍റെ അനുമതിക്കെത്തിയത് 24നാണ്. എന്നാല്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നല്‍കാതെ മുംബൈയിലെ റിവിഷന്‍ കമ്മിറ്റിക്ക് അയക്കുകയായിരുന്നു. അനുമതി നിഷേധിക്കാനുള്ള കാരണം സെന്‍സര്‍ ബോര്‍ഡ് അംഗവും ബിജെപി എസ് സി മോർച്ചാ സംസ്ഥാന വൈസ് പ്രസിഡന്‍റുമായ അഡ്വ. വി സന്ദീപ് കുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്യമാക്കിയതും വിവാദമായിരുന്നു.

തീർത്തും അപകടരമായ സ്ഥിതിയാണിതെന്നാണ് വിഷയത്തില്‍ ആര്യാടൻ ഷൗക്കത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നത്. ദില്ലി ക്യാമ്പസിലെ വിദ്യാർത്ഥി സമരത്തെ കുറിച്ച് പറഞ്ഞാൽ എങ്ങനെയാണ് ദേശ വിരുദ്ധമാകുന്നതെന്നും തിരക്കഥാകൃത്തിൻ്റെ കുലവും ഗോത്രവും നോക്കിയാണോ സിനിമക്ക് പ്രദർശനാനുമതി നൽകുന്നതെന്നും ആര്യാടന്‍ ഷൗക്കത്ത് അന്ന് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.

റോഷന്‍ മാത്യു, സിദ്ദിഖ്, നിര്‍മ്മല്‍ പാലാഴി എന്നിവരും കഥാപാത്രങ്ങളാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീറും ആര്യാടന്‍ ഷൗക്കത്തും ചേര്‍ന്നാണ് നിര്‍മ്മാണം. നിവിന്‍ പോളി നായകനായ 'സഖാവി'ന് ശേഷം സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന സിനിമയാണ് 'വര്‍ത്തമാനം'.