നടി ആക്രമിക്കപ്പെട്ട കേസില്‍ സിദ്ദിഖ്, ഭാമ എന്നിവര്‍ കൂറുമാറിയതില്‍ പ്രതികരണവുമായി നടി പാര്‍വ്വതി തിരുവോത്ത്. സുഹൃത്തെന്ന് കരുതിയ ഒരാള്‍ കൂറുമാറിയതിന്‍റെ ഞെട്ടലിലാണ് താനെന്നും അതേസമയം നീതി  വിജയിക്കുമെന്നുതന്നെ വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നും പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചു. അമേരിക്കന്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ ജെയിംസ് ബാള്‍ഡ്‍വിനിന്‍റെ വരികളും പാര്‍വ്വതി പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

പാര്‍വ്വതിയുടെ പ്രതികരണം

മൂന്ന് വര്‍ഷത്തിലേറെക്കാലമായി തീവളയങ്ങള്‍ക്കിടയിലൂടെ, സ്ഥായിയായ ആഘാതത്തിലൂടെയുമാണ് അതിജീവിച്ച ഒരാള്‍ കടന്നുപോകുന്നത്. അവള്‍ നിവര്‍ന്നുനില്‍ക്കുന്നതും നീതിക്കുവേണ്ടി പോരാടുന്നതും നമ്മള്‍ കാണുന്നു. ഒരു പീഡനം തന്നെയാണ് അത്. സാക്ഷികള്‍ കൂറുമാറിയതിന്‍റെ ഞെട്ടലിലാണ് ഞാന്‍. പ്രത്യേകിച്ചും അതില്‍ നിങ്ങള്‍ സുഹൃത്തെന്ന് കരുതിയ ഒരാള്‍ ഉള്ളപ്പോള്‍. ഹൃദയഭേദകം. എന്നിരുന്നാല്‍ തന്നെയും നീതിക്കുവേണ്ടിയുള്ള അവളുടെ പോരാട്ടം വിജയിക്കുമെന്ന് വിശ്വസിക്കണം എനിക്ക്. അവള്‍ക്കൊപ്പം നില്‍ക്കുന്നു.

സിദ്ദിഖിന്‍റെയും ഭാമയുടെയും കൂറുമാറ്റം വാര്‍ത്തയായതിനു പിന്നാലെ ഡബ്ല്യുസിസി അംഗങ്ങളും അല്ലാത്തവരുമായ ചില ചലച്ചിത്രപ്രവര്‍ത്തകര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. രേവതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ആഷിക് അബു തുടങ്ങിയവരാണ് കൂറുമാറ്റത്തില്‍ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്.