Asianet News MalayalamAsianet News Malayalam

ബോളിവുഡിനെ ട്രാക്കിലെത്തിക്കുമോ 'പഠാന്‍'? ഇന്ത്യയിലെ അഡ്വാന്‍സ് ബുക്കിംഗ് തീയതി തീരുമാനിച്ചു

സിദ്ധാര്‍ഥ് ആനന്ദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം

pathaan india advance booking from january 20 shah rukh khan
Author
First Published Jan 17, 2023, 1:56 PM IST

ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് ഷാരൂഖ് ഖാന്‍ നായകനാവുന്ന പഠാന്‍. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം എത്തുന്ന കിംഗ് ഖാന്‍ ചിത്രം എന്നത് ഒട്ടൊന്നുമല്ല ചിത്രത്തിന്‍റെ പ്രീ റിലീസ് ഹൈപ്പ് വര്‍ധിപ്പിക്കുന്നത്. ഇത് ഉപയോഗപ്പെടുത്തി ഓപണിംഗ് കളക്ഷനില്‍ പരമാവധി മുന്നേറ്റം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് നിര്‍മ്മാതാക്കള്‍. ജനുവരി 25 ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്‍റെ വിദേശ രാജ്യങ്ങളിലെ അഡ്വാന്‍സ് ടിക്കറ്റ് റിസര്‍വേഷന്‍ ഈ മാസം 10 ന് തന്നെ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യയിലെ അഡ്വാന്‍സ് ബുക്കിംഗ് എന്ന് ആരംഭിക്കും എന്ന വിവരവും പുറത്തെത്തിയിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ഏറെ ദിവസങ്ങളായി ഉയര്‍ത്തിയിരുന്ന ചോദ്യമാണ് ഇത്. ഇതിനുള്ള ഉത്തരമാണ് പുറത്തെത്തിയിരിക്കുന്നത്. റിലീസിന് നാല് ദിവസങ്ങള്‍ക്ക് മുന്‍പ് 20 ന് ചിത്രത്തിന്‍റെ ഇന്ത്യയിലെ അഡ്വാന്‍സ് ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിക്കും. ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഓപണിംഗ് തന്നെയാണ് നിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നത്.

ALSO READ : 'അമല്‍ കൊണ്ടുവന്നത് ഫോര്‍ ബ്രദേഴ്സിന്‍റെ സിഡി'; 'ബിഗ് ബി' സംഭവിച്ചതിനെക്കുറിച്ച് മമ്മൂട്ടി

2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണിത്. സിദ്ധാര്‍ഥ് ആനന്ദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം സ്പൈ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സംവിധായകനാണ് സിദ്ധാര്‍ഥ് ആനന്ദ്. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios