ബജ്‌റംഗ്ദളിന്‍റെ പ്രതിഷേധത്തിനിടെ മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ മുദ്രാവാക്യം ഉയർന്നുവെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു.

ഇൻഡോർ: ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ ഏറ്റവും പുതിയ ചിത്രം പഠാനെതിരെയുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. ജനുവരി 25 ന് ബദ്‌വാലി ചൗക്കി മേഖലയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഇന്‍ഡോര്‍ സ്വദേശിയായ റജിക് എന്ന 27 കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ്. 

ജനുവരി 25 ന് ബജ്‌റംഗ്ദളിന്‍റെ നേതൃത്വത്തില്‍ ഇൻഡോറിലെ കസ്തൂർ ടാക്കീസ് ​​കോംപ്ലക്സിൽ ഒരു പ്രതിഷേധം നടന്നിരുന്നു. ചിത്രത്തിലെ ഒരു ഗദാന രംഗത്തില്‍ നടി ദീപിക പദുക്കോൺ ധരിച്ചിരുന്ന ബിക്കിനിയുടെ നിറത്തെ ചൊല്ലിയായിരുന്നു പ്രതിഷേധം. ഇതിനിടയിലാണ് യുവാവ് പ്രകോപനപരമായ പ്രസംഗം നടത്തുകയും ആക്ഷേപകരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തത്. ബജ്‌റംഗ്ദളിന്‍റെ പ്രതിഷേധത്തിനിടെ മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ മുദ്രാവാക്യം ഉയർന്നുവെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. പ്രതിഷേധ വീഡിയോ പരിശോധിച്ച ശേഷം പൊലീസ് യുവാവിനെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുത്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം സെൻട്രൽ ജയിലിലേക്ക് മാറ്റിയതായ സദർ ബസാർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് സുനിൽ ശ്രീവാസ്തവ പറഞ്ഞു. കസ്തൂർ ടാക്കീസ് ​​കോംപ്ലക്‌സിൽ നടന്ന സമരത്തിൽ ആക്ഷേപകരമായ മുദ്രാവാക്യം വിളിച്ചതിന് പ്രാദേശിക ബജ്‌റംഗ്ദൾ കൺവീനർ തന്നു ശർമ ഉൾപ്പെടെ ഏഴുപേരെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി എത്തിയ പഠാൻ പ്രേക്ഷക- നിരൂപക പ്രശംസകൾ നേടി മുന്നേറുകയാണ്. തുടർ പരാജയങ്ങളിൽ നിന്നും കരകയറി കൊണ്ടിരിക്കുന്ന ബോളിവുഡിന് വൻ നേട്ടം തന്നെയാണ് പഠാൻ കൊണ്ടുവന്നത്. ഇപ്പോഴിതാ നാല് ദിവസം പിന്നിടുമ്പോൾ 400 കോടി പഠാൻ പിന്നിട്ടുവെന്ന വിവരമാണ് പുറത്തുവരുന്നത്. ലോകമെമ്പാടുമായി 429 കോടിയാണ് പഠാൻ സ്വന്തമാക്കിയത്. ട്രേഡ് അനലിസ്റ്റ് ആയ സുമിത് കേഡൽ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ വീക്കൻഡ് ആകുമ്പോഴേക്കും 700 കോടിവരെ ചിത്രം നേടുമെന്നാണ് വിലയിരുത്തലുകൾ. 

Read More : 'ഭക്ഷണമില്ല, ബാത്ത്റൂം ഇല്ല': നവാസുദ്ദീൻ സിദ്ദിഖിയുടെ ഭാര്യ നേരിടുന്നത് കൊടിയ പീഡനമെന്ന് അഭിഭാഷകന്‍