സീരിയലിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രീകാന്ത് ആണ്.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീകാന്ത് ശശികുമാർ. പവിത്രത്തിലെ വിക്രം എന്നു പറ‍ഞ്ഞാലാകും പലർക്കും എളുപ്പത്തിൽ മനസിലാകുക. സീരിയലിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രീകാന്ത് ആണ്. ശ്രീകാന്തിന്റെ പേരിൽ നിരവധി ഫാൻ പേജുകളും സോഷ്യൽ മീഡിയയിൽ ഉണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു ഫാൻ പേജ് അഡ്മിന്റെ വീട്ടിൽ താരം നേരിട്ടെത്തിയ വീഡിയോയും വൈറലാകുകയാണ്. ആരാധികയുടെ പിറന്നാൾ ദിവസമായിരുന്നു സംഭവം. ശ്രീകാന്ത് തന്നെയാണ് വീ‍ഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. പിറന്നാൾ കേക്ക് മുറിച്ച് ആരാധികയ്ക്ക് കൊടുക്കുന്നതും വീഡിയോയിൽ കാണാം.

''ഈ വീഡിയോ ഷെയർ ചെയ്യുന്നതിൽ വളരെയധികം സന്തോഷമുണ്ട്. എന്നെ വളരെയധികം പിന്തുണക്കുന്നവരാണ് ഫാൻ പേജ് നടത്തുന്നവർ. ഈ പേജുകളുടെയെല്ലാം അഡ്മിൻമാരെ നേരിട്ട് കാണണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അതിലൊരാളെ നേരിട്ട് കണ്ടിരിക്കുന്നു, അതും അയാളുടെ പിറന്നാൾ ദിവസം. മറ്റ് അഡ്മിൻമാരോട് വീഡിയോ കോളിലും സംസാരിച്ചു. ഹൃദയം നിറഞ്ഞ് എന്നെ പിന്തുണക്കുന്ന എല്ലാവർക്കുമായി ഞാൻ ഈ വീഡിയോ സമർ‌പ്പിക്കുന്നു. എല്ലാവർക്കും നന്ദി'', എന്നാണ് വീഡിയോയ്ക്കൊപ്പം ശ്രീകാന്ത് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ശ്രീകാന്തിന് സമ്മാനമായി ഒരു വാച്ചും ഷർട്ടുമാണ് ആരാധിക സമ്മാനിച്ചത്. സ്വകാര്യത മാനിച്ച് ആരാധികയുടെ മുഖം ശ്രീകാന്ത് വീഡിയോയിൽ കാണിച്ചിരുന്നില്ല. ഇതിനിടെ, പവിത്രം സീരിയലിലെ നായിക സുരഭി സന്തോഷിനെ ഇരുവരും വീഡിയോ കോളിൽ വിളിച്ച് സംസാരിക്കുന്നതും വീഡിയോയിൽ കാണാം. ശ്രീകാന്ത് പങ്കുവെച്ച വീഡിയോയ്ക്കു താഴെ സുരഭിയും കമന്റ് ചെയ്തിട്ടുണ്ട്.

View post on Instagram

'ഇത് കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നി. ശ്രീകാന്ത് നല്ലൊരു മനസ്സിന്റെ ഉടമയാണ്. ദൈവം നിങ്ങളെ ഉയർച്ചയിൽ എത്തിക്കട്ടെ', എന്നാണ് വീഡിയോയ്ക്കു താഴെ ആരാധകരിലൊരാളുടെ കമന്റ്. 'എത്ര സിംപിളായ മനുഷ്യനാണ് ശ്രീകാന്ത്', എന്നാണ് മറ്റൊരാൾ കുറിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..