കീര്‍ത്തി സുരേഷ് നായികയാകുന്നുവെന്നതിനാല്‍ മലയാളികളുടെയും ശ്രദ്ധ നേടിയ തെലുങ്ക് ചിത്രമാണ് സര്‍കാരു വാരി പാട്ട. മലയാളികളുടെയും പ്രിയ താരം മഹേഷ് ബാബുവാണ് ചിത്രത്തിലെ നായകൻ. ചിത്രത്തിന്റെ പ്രഖ്യാപന ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തില്‍ തെലുങ്കിലെ പ്രശസ്‍ത താരം പവൻ കല്യാണും അഭിനയിക്കുമെന്നതാണ് പുതിയ വാര്‍ത്ത. ഏത് കഥാപാത്രമായിരിക്കും പവൻ കല്യാണിന് എന്ന് വ്യക്തമല്ല. അതിഥി താരത്തിന്റെ വേഷത്തില്‍ ആയിരിക്കും പവൻ കല്യാണ്‍ സിനിമയിലെത്തുകയെന്നതാണ് വാര്‍ത്ത.

പൂജ ചടങ്ങുകളോടെ അടുത്തിടെയാണ് സര്‍കാരു വാരി പാട്ട ലോഞ്ച് ചെയ്‍തത്. പരശുറാം ആണ് സിനിമ സംവിധാനം ചെയ്യുന്നത്. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം തുടങ്ങും. യുഎസില്‍ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ഇപ്പോള്‍ ഹൈദരാബാദില്‍ ആദ്യ ഷെഡ്യൂള്‍ ചിത്രീകരിക്കാനാണ് ആലോചന. സിനിമയുടെ പ്രമേയം എന്തെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കീര്‍ത്തി സുരേഷിന്റെ മികച്ച വേഷമായിരിക്കും ചിത്രത്തിലേത് എന്നാണ് മഹേഷ് ബാബു പറഞ്ഞിരുന്നത്.

മഹേഷ് ബാബുവിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്നായിരുന്നു കീര്‍ത്തി സുരേഷ് പറഞ്ഞത്.

രംഗ് ദേ എന്ന സിനിമയില്‍ നിതിന്റെ നായികയായി അഭിനയിക്കുകയാണ് ഇപ്പോള്‍ കീര്‍ത്തി സുരേഷ്.