പവന്‍ കല്യാണിനെ ടാഗ് ചെയ്‍തുകൊണ്ടുള്ള ട്വീറ്റില്‍ നടന്‍റെ പേരിനൊപ്പം 'സര്‍' എന്നു ചേര്‍ക്കാത്തതാണ് താരാരാധകര്‍ കുറ്റമായി കണ്ടെത്തിയത്.

തെലുങ്ക് സൂപ്പര്‍താരം പവന്‍ കല്യാണിനെ പ്രശംസിച്ചുള്ള ട്വീറ്റില്‍ 'സര്‍' എന്ന് ചേര്‍ക്കാത്തത് ചൂണ്ടിക്കാട്ടി നടി അനുപമ പരമേശ്വരനെതിരെ താരാരാധകരുടെ സൈബര്‍ ആക്രമണം. പവന്‍ കല്യാണിന്‍റെ പുതിയ ചിത്രം 'വക്കീല്‍ സാബി'നെ പ്രശംസിച്ചുകൊണ്ട് അനുപമ ട്വിറ്ററില്‍ ഒരു കുറിപ്പ് എഴുതിയിരുന്നു. പവന്‍ കല്യാണിനെ ടാഗ് ചെയ്‍തുകൊണ്ടുള്ള ട്വീറ്റില്‍ അദ്ദേഹത്തിന്‍റെ പേരിനൊപ്പം 'സര്‍' എന്നു ചേര്‍ക്കാത്തതാണ് താരാരാധകര്‍ കുറ്റമായി കണ്ടെത്തിയത്.

"കഴിഞ്ഞ രാത്രി ആമസോണ്‍ പ്രൈമില്‍ വക്കീല്‍ സാബ് കണ്ടു. ഒരു നല്ല സന്ദേശത്തിനൊപ്പം ശക്തമായ പ്രകടനങ്ങളുമുള്ള ചിത്രമെന്ന് പറഞ്ഞേതീരൂ. പവന്‍ കല്യാണ്‍ തന്‍റെ അതിരുകള്‍ ഭേദിച്ചു. നിവേദ, അനന്യ, അഞ്ജലി എന്നീ മൂന്ന് നായികമാര്‍ക്കൊപ്പം കഥയാണ് മുന്നില്‍ നില്‍ക്കുന്നത്. പ്രകാശ് രാജ് സര്‍, ഈ ചിത്രം നിങ്ങളെ കൂടാതെ അപൂര്‍ണ്ണമാണ്", എന്നായിരുന്നു അനുപമയുടെ ട്വീറ്റ്.

Scroll to load tweet…

പവന്‍ കല്യാണ്‍ നിങ്ങളേക്കാള്‍ പ്രായത്തില്‍ മുതിര്‍ന്ന ആളാണെന്നും അതിനാല്‍ അല്‍പം ബഹുമാനം കാണിക്കൂ എന്നുമായിരുന്നു ഒരു പവന്‍ കല്യാണ്‍ ആരാധകന്‍റെ ട്വീറ്റ്. പ്രകാശ് രാജിന്‍റെ പേരിനൊപ്പം സര്‍ എന്ന് ചേര്‍ത്തിരിക്കുന്നതും മറ്റു ചിലര്‍ ചൂണ്ടിക്കാട്ടി. പിന്നാലെ ഇതില്‍ ക്ഷമ ചോദിച്ച് അനുപമ രംഗത്തെത്തി. താന്‍ ഇപ്പോഴാണ് അത് തിരിച്ചറിഞ്ഞതെന്നും എല്ലാ സ്നേഹ ബഹുമാനങ്ങളോടെയും പവന്‍ കല്യാണ്‍ ഗാരു എന്ന് വിളിക്കുന്നതായും അനുപമ ട്വീറ്റ് ചെയ്തു. സര്‍ എന്നതിന് തുല്യമായ തെലുങ്ക് പദമാണ് ഗാരു. അതേസമയം ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പരസ്പരം പേര് വിളിക്കുന്നതില്‍ ബഹുമാനക്കുറവൊന്നുമില്ലെന്ന് അഭിപ്രായപ്പെട്ടവരും അനുപമയുടെ ട്വീറ്റിനു താഴെ എണ്ണത്തില്‍ കുറവെങ്കിലും ഉണ്ടായിരുന്നു.

Scroll to load tweet…

തെലുങ്കിലെ തിരക്കുള്ള നടിയാണ് അനുപമ ഇപ്പോള്‍. മലയാളമുള്‍പ്പെടെയുള്ള മറ്റു ഭാഷകളിലേതിനേക്കാള്‍ ചിത്രങ്ങള്‍ തെലുങ്കില്‍ ഇതിനകം അനുപമ പരമേശ്വരന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതേസമയം ബോളിവുഡ് ചിത്രം 'പിങ്കി'ന്‍റെ തെലുങ്ക് റീമേക്ക് ആണ് വക്കീല്‍ സാബ്. മൂന്ന് വര്‍ഷത്തിന് ശേഷം എത്തുന്ന പവന്‍ കല്യാണ് ചിത്രം ഏപ്രില്‍ 9ന് തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. മികച്ച കളക്ഷന്‍ നേടിയ ചിത്രം ഏപ്രില്‍ 30ന് ആമസോണ്‍ പ്രൈമിലും എത്തി.