നടൻ അജാസ് ഖാനെതിരെ പരാതിയുമായി നടി പായല്‍ റോഹത്ഗി. തന്നെ കുറിച്ച് അപകീര്‍ത്തികരമായ വീഡിയോ ഉണ്ടാക്കിയെന്നാണ് പായല്‍ റോഹത്‍ഗി അജാസ് ഖാനെതിരെ പരാതി നല്‍കി നല്‍കിയിരിക്കുന്നത്. മറ്റൊരു കേസില്‍ അജാസ് ഖാനെ മുംബൈ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‍തിരുന്നു.

മുംബൈ സിറ്റി പൊലീസിന്റെ സൈബര്‍ ക്രൈം വിഭാഗത്തിനാണ് പരാതി നല്‍കിയിരിക്കുന്നത് എന്ന് പായല്‍ റോഹത്‍ഗി പറയുന്നു. എനിക്ക് എന്റെ സുരക്ഷയെ കുറിച്ച് ആശങ്കയുണ്ട്. എന്റെ രാഷ്‍ട്രീയവും മതപരവുമായ വിശ്വാസങ്ങളെ ലക്ഷ്യമാക്കി അജാസ് ഖാൻ അപകീര്‍ത്തികരമായ വീഡിയോയുണ്ടാക്കി- പായല്‍ പറയുന്നു. അജാസ് ഖാന് എതിരെയുള്ള പരാതി ലഭിച്ചതായി അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫ് പൊലീസ് (സൈബര്‍ ക്രൈം) ജിത്തു യാദവും പ്രതികരിച്ചു.

പൊലീസിനെ പരിഹസിച്ചുള്ള ടിക് ടോക് വീഡിയോ ഷെയര്‍ ചെയ്‍തതിനായിരുന്നു അജാസ് ഖാനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‍തത്. വര്‍ഗീയ സ്‍പര്‍ദ്ധ പടര്‍ത്തുന്ന ആശയം പ്രചരിപ്പിച്ചതിനാണ് നടന്‍ അജാസ് ഖാന്‍ അറസ്റ്റിലായത്. മുംബൈ സൈബര്‍ പൊലീസാണ് അജാസ് ഖാനെ അറസ്റ്റ് ചെയ്‍തത്. ഇലക്ട്രോണിക് മാധ്യമത്തില്‍ വര്‍ഗീയ സ്പര്‍ദ്ധ പടര്‍ത്തിയെന്നാണ് നടനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.  കോടതി അജാസ് ഖാനെ 20 വരെ പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്‍തിരുന്നു.