മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമായ പേളി മാണി അഭിനയിച്ച ഹിന്ദി സിനിമ അടുത്തിടെ പുറത്തുവന്നിരുന്നു. ലുഡോ എന്ന സിനിമയിലായിരുന്നു പേളി മാണി അഭിനയിച്ചത്. പേളി മാണിയുടെ അഭിനയം ശ്രദ്ധേയമായിരുന്നു. സിനിമയുടെ സംവിധായകൻ അനുരാഗ് ബസുവിനൊപ്പം പ്രവര്‍ത്തിച്ചതിന്റെ അനുഭവം പങ്കിടുകയാണ് ഇപ്പോള്‍ പേളി മാണി. അനുരാഗ് ബസുവിന് ഒപ്പമുള്ള ഫോട്ടോയും പേളി മാണി ഷെയര്‍ ചെയ്‍തിട്ടുണ്ട്. സെറ്റിലുള്ള ഓരോ ആളെയും സ്വന്തം കുടുംബാംഗത്തെ പോലെ പരിഗണിച്ചതാണ് അനുരാഗ് ബസുവില്‍ താൻ കാണുന്ന ഏറ്റവും മികച്ച ഗുണമെന്ന് പേളി മാണി പറയുന്നു.

ഞാനും ദാദയും എന്ന തലക്കെട്ടോടെയാണ് പേളി മാണി കുറിപ്പ് പങ്കുവെച്ചത്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത് മനോഹരമായ പഠന അനുഭവമായിരുന്നു.  ലുഡോയില്‍ ഞാൻ ചെയ്‍ത എന്തെങ്കിലും നല്ലത് ഉണ്ടെങ്കില്‍ അതിന്റെ മുഴുവൻ ക്രെഡിറ്റും അദ്ദേഹത്തിനാണ്. കാരണം സിനിമയുടെ ഓരോ യാത്രയിലും അദ്ദേഹമാണ് മാര്‍ഗനിര്‍ദേശം നല്‍കി ഉണ്ടായിരുന്നത്. സെറ്റിലെ എല്ലാവരെയും കുടുംബത്തെപോലെ പരിഗണിക്കുന്നതാണ് അദ്ദേഹത്തില്‍ ഞാൻ കാണുന്ന ഏറ്റവും വലിയ ഗുണം. അദ്ദേഹവുമായുള്ള ഓരോ സംഭാഷണവും പുതിയ അറിവുകളായിരുന്നു. അദ്ദേഹത്തെ കണ്ടുമുട്ടിയതിലും അറിയാൻ കഴിഞ്ഞതിലും നന്ദിയുണ്ട്. സ്വര്‍ണത്തിന്റെ ഹൃദയമുള്ള, അദ്ദേഹത്തിന്റെ മനോഹരിയായ ഭാര്യക്ക് എന്റെ ആലിംഗനം. ഒരു അഭിമുഖത്തില്‍ ആരോ ചോദിച്ചിരുന്നു. ദാദയുടെ കാര്യത്തില്‍ ഏറ്റവും ഇഷ്‍ടപ്പെടുന്നത് എന്താണ് എന്ന്. അത് അദ്ദേഹത്തിന്റെ ഭാര്യ താനി മാഡം ആണ്. അത്രത്തോളം ഞാൻ അവരെ സ്‍നേഹിക്കുന്നുണ്ട്. എന്തായാലും ഇത് നന്ദി അറിയിക്കാനുള്ള കുറിപ്പാണ് എന്നും പേളി മാണി എഴുതുന്നു.

അഭിഷേക് ബച്ചൻ, രാജ്‍കുമാര്‍ റാവു, ആദിത്യ റോയ് കപൂര്‍, പങ്കജ് ത്രിപാഠി തുടങ്ങി ഒട്ടേറെ പേരായിരുന്നു പേളിക്കൊപ്പം സിനിമയിലുണ്ടായിരുന്നു.

നഴ്‍സായിട്ടാണ് പേളി ചിത്രത്തില്‍ അഭിനയിച്ചത്.