ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് പെരുച്ചാഴിയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചതിന് നിര്‍മ്മാതാവ് വിജയ് ബാബു മറുപടി നല്‍കി. 2025ല്‍ പെരുച്ചാഴി 2 പുറത്തിറങ്ങുമെന്നായിരുന്നു സോഷ്യല്‍ മീഡിയ പോസ്റ്റ്.
കൊച്ചി: രണ്ടാം ഭാഗം ഇറങ്ങുമോ എന്നത് ഇപ്പോള്‍ സിനിമ രംഗത്തെ സ്ഥിരം ചോദ്യമാണ്. ചെറു ചിത്രങ്ങള്‍ മുതല്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ വരെ രണ്ടാം ഭാഗത്തിലേക്ക് ലീഡ് ഇട്ടാണ് ഇപ്പോള്‍ അവസാനിപ്പിക്കുന്നത്. ഇത്തരത്തില്‍ ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് നടത്തിയ രണ്ടാം ഭാഗ പ്രഖ്യാപനത്തിന് അപ്പോള്‍ തന്നെ മറുപടി കൊടുത്ത നിര്‍മ്മാതാവിന്‍റെ നടപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
2014 ആഗസ്റ്റിൽ പുറത്തിറങ്ങിയ മോഹന്‍ലാല്‍ നായകനായി എത്തിയ കോമഡി ചിത്രം 'പെരുച്ചാഴിയുടെ' രണ്ടാം ഭാഗമാണ് സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ പ്രഖ്യാപിച്ചത്. ഉടന്‍ തന്നെ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് വിജയ് ബാബു അതിനെ എതിര്‍ത്ത് രംഗത്ത് എത്തി. സിനിഫെല്‍ ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഈ സംഭവം നടന്നത്.
വിമല്‍ ബേബി എന്നയാള്‍ ഗ്രൂപ്പില്‍, ഒരു പ്രധാന അപ്ഡേറ്റ് ഉണ്ടെന്ന് പറഞ്ഞാണ് പോസ്റ്റ് ഇട്ടത്. 'പെരുച്ചാഴി 2 വരുന്നുണ്ട്. സ്ക്രിപ്റ്റ് മോഹന്‍ലാലിന് ഇഷ്ടപ്പെട്ടുവെന്നും ഷൂട്ടിംഗ് 2025 മാര്‍ച്ച് എപ്രിലോടെ തുടങ്ങും. മുകേഷും ഉണ്ട് കൂടെ.. 2025 ക്രിസ്മസ് റിലീസ് ആയിരിക്കും പെരുച്ചാഴി 2" എന്നാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.
എന്നാല്‍ പോസ്റ്റിട്ടതിന് പിന്നാലെ ചിത്രം നിര്‍മ്മിച്ച ഫ്രൈഡേ ഫിലിം ഹൗസിന്‍റെ മേധാവിയും നടനുമായ വിജയ് ബാബു രംഗത്ത് എത്തി. 'ഇത്തരം ഫേക്ക് അപ്ഡേറ്റിന്‍റെ കാര്യം എന്താണ് വിമല്‍, ഞാനാണ് പെരുച്ചാഴിയുടെ റൈറ്റ് ഹോള്‍ഡന്‍' എന്നാണ് വിജയ് ബാബു മറുപടി നല്‍കിയത്.
അരുൺ വൈദ്യനാഥൻ രചനയും സംവിധാനവും നിർവഹിച്ച പെരുച്ചാഴി നിർമ്മിച്ചത് ഫ്രൈഡേ ഫിലിം ഹൗസായിരുന്നു. മോഹൻലാലും മുകേഷും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ മറ്റു അഭിനേതാക്കൾ അജു വർഗ്ഗീസ്, രാഗിണി നന്ദ്വനി, ആൻഡ്രിയ ജെറമിയ, വിജയ് ബാബു, ബാബുരാജ് എന്നിവരാണ്. 2014 ആഗസ്റ്റ് 29ന് ചിത്രം പുറത്തിറങ്ങിയത്.
അമേരിക്കയിലെ തെരഞ്ഞെടുപ്പ് സ്വാദീനിക്കാന്‍ ശ്രമിക്കുന്ന കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിന്‍റെ കഥയാണ് ചിത്രം പറഞ്ഞത്.
'ബറോസ്' ആര്‍ട്ട് കോണ്ടെസ്റ്റ് പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു ലക്ഷം, ഒപ്പം മോഹന്‍ലാലിനെ കാണാം
