താരദമ്പതിമാരായ അനുഷ്‍ക ശര്‍മയ്‍ക്കും വിരാട് കോലിക്കും അടുത്തിടെയാണ് കുഞ്ഞ് ജനിച്ചത്. പെണ്‍കുഞ്ഞാണ്. ഇരുവര്‍ക്കും കുഞ്ഞ് ജനിച്ച വാര്‍ത്ത ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ കുഞ്ഞിന്റെ ഫോട്ടോ എടുക്കരുതെന്ന് പാപ്പരാസികളോട് താര ദമ്പതിമാര്‍ ആവശ്യപ്പെട്ടിരിക്കുന്നു. മുംബൈയിലെ പാപ്പരാസി ഗ്രുപ്പിന് കുറിപ്പ് അയച്ചിരിക്കുകയാണ് വിരാട് കോലിയും അനുഷ്‍ക ശര്‍മയും. ഇതുവരെയും കാട്ടിയ സ്‍നേഹത്തിന് നന്ദിയും പറയുന്നു, താര ദമ്പതിരമാര്‍.

ഇത്രയും വര്‍ഷങ്ങളായി ഞങ്ങളോട് കാട്ടിയ സ്‍നേഹത്തിന് നന്ദി. നമ്മുടെ ജീവിതത്തിലെ മനോഹര നിമിഷം നിങ്ങള്‍ക്കൊപ്പം ആഘോഷിക്കാൻ സന്തോഷമേ ഉള്ളൂ. പക്ഷേ മാതാപിതാക്കള്‍ എന്ന നിലയില്‍ ഒരു ചെറിയ അഭ്യര്‍ഥന. ഞങ്ങളുടെ കുഞ്ഞിനെ സ്വകാര്യത സംരക്ഷിക്കണം, അതിന് നിങ്ങളുടെ സഹായവും പിന്തുണയും വേണമെന്ന്  അനുഷ്‍ക ശര്‍മയും വിരാട് കോലിയും പറയുന്നു. അനുഷ്‍കയുടെയും വിരാട് കോലിയുടെയും കുഞ്ഞിന്റെ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നവരുണ്ട്. കുഞ്ഞിന്റെ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നവര്‍ക്ക് എതിരെയാണ് താരദമ്പതിമാര്‍ രംഗത്ത് എത്തിയത്.

ഞങ്ങളെ ഫീച്ചര്‍ ചെയ്യുന്ന കണ്ടന്റുകള്‍ ലഭ്യമാക്കാൻ ഞങ്ങള്‍ എപ്പോഴും ശ്രമിക്കാറുണ്ട്. പക്ഷേ ഞങ്ങളുടെ കുഞ്ഞ് ഉള്‍ക്കൊള്ളുന്ന കണ്ടന്റുകള്‍ എടുക്കരുത് എന്ന് അഭ്യര്‍ഥിക്കുന്നു. എല്ലാവരും ഇക്കാര്യം മനസിലാക്കുമെന്നും വിരാട് കോലിയും അനുഷ്‍ക ശര്‍മയും പറയുന്നു.

അടുത്തിടെ ബാല്‍ക്കണിയില്‍ ഇരിക്കുമ്പോള്‍ ഫോട്ടോ എടുക്കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്‍തതിന് എതിരെ അനുഷ്‍ക ശര്‍മ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു.