Asianet News MalayalamAsianet News Malayalam

ഒടിടിയില്‍ ഫ്രീ ആയി ലഭിച്ചിട്ടും 'പിടികിട്ടാപ്പുള്ളി' ടെലിഗ്രാമില്‍; പ്രതിഷേധം അറിയിച്ച് സംവിധായകന്‍

തങ്ങളെപ്പോലുള്ള നവാഗതര്‍ക്ക് പൈറസി ഏല്‍പ്പിക്കുന്ന ആഘാതത്തെക്കുറിച്ച് സംവിധായകന്‍ ജിഷ്‍ണു ശ്രീകണ്ഠന്‍

pidikittapulli leaked in telegram before ott release through jio cinema alleges director jishnu sreekandan
Author
Thiruvananthapuram, First Published Aug 27, 2021, 12:54 PM IST

കൊവിഡ് കാലത്ത് നിശ്ചലമായിപ്പോയ സിനിമാ മേഖലയെ ചലിപ്പിച്ചത് ഒടിടി പ്ലാറ്റ്ഫോമുകള്‍ ആണ്. പുതിയ ചിത്രങ്ങളുടെ റിലീസുകള്‍ തിയറ്ററില്‍ മാത്രം കണ്ടുശീലിച്ച പ്രേക്ഷകര്‍ ഒടിടി റിലീസുകളെ ആവേശത്തോടെയാണ് സ്വീകരിച്ചത്. പ്രമുഖ പ്ലാറ്റ്ഫോമുകളില്‍ ഉള്‍പ്പെടെ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ നിരവധി ഡയറക്റ്റ് റിലീസുകളും വന്നു. എന്നാല്‍ റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്‍റെ വ്യാജപതിപ്പ് ടെലിഗ്രാമിലൂടെയും ടൊറന്‍റിലൂടെയും പ്രചരിക്കുന്നത് മലയാളത്തിന്‍റെ ഒടിടി സാധ്യതകളെ പിന്നോട്ടടിക്കുകയാണെന്ന് സിനിമാലോകത്തിന് പരാതിയുണ്ട്. ജിയോ സിനിമയിലൂടെ റിലീസ് ചെയ്യപ്പെട്ട പുതിയ ചിത്രം 'പിടികിട്ടാപ്പുള്ളി'ക്കും ഇതേ അവസ്ഥയാണ്. ജിയോ സിനിമ എന്ന ഒടിടി പ്ലാറ്റ്ഫോം ഡൗണ്‍ലോഡ് ചെയ്‍ത് ചിത്രം സൗജന്യമായി കാണാമെന്നിരിക്കെ ഒഫിഷ്യല്‍ റിലീസിനു മുന്‍പേ ചിത്രം ടെലിഗ്രാമില്‍ എത്തിയെന്ന് സംവിധായകന്‍ ജിഷ്‍ണു ശ്രീകണ്ഠന്‍ പറയുന്നു. ജിഷ്‍ണുവിന്‍റെ ആദ്യ ചിത്രമാണ് ഇത്. തങ്ങളെപ്പോലുള്ള നവാഗതര്‍ക്ക് പൈറസി ഏല്‍പ്പിക്കുന്ന ആഘാതത്തെക്കുറിച്ച് ജിഷ്‍ണു ശ്രീകണ്ഠന്‍ പറയുന്നു. ഫേസ്ബുക്ക് ലൈവിലൂടെ ആയിരുന്നു ജിഷ്‍ണുവിന്‍റെ പ്രതികരണം.

'പിടികിട്ടാപ്പുള്ളി' സംവിധായകന്‍ ജിഷ്‍ണു ശ്രീകണ്ഠന്‍ പറയുന്നു

ജിയോ സിനിമയിലൂടെ സിനിമ റിലീസ് ആവുന്നതിനു മുന്‍പ് ഒരുപാടുപേര്‍ എന്നെ വിളിച്ചു. ഒരു പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ ഒരുപാട് സന്തോഷം തോന്നേണ്ട അവസരമാണ്. പക്ഷേ എനിക്ക് ഭയങ്കര സങ്കടമാണ് തോന്നിയത്. കാരണം വിളിക്കുന്നവരൊക്കെ എന്നോട് പറഞ്ഞത് പടം ടെലിഗ്രാമിലും ടൊറന്‍റിലും വന്നുകഴിഞ്ഞു എന്നാണ്. 2016 മുതലുള്ള എന്‍റെ പരിശ്രമമാണ് പിടികിട്ടാപ്പുള്ളി എന്ന സിനിമ. ഏകദേശം നാലര വര്‍ഷമായി ഈ സിനിമയ്ക്കുവേണ്ടി ഞാന്‍ എന്രെ ജീവിതം മാറ്റിവച്ചിട്ട്. സിനിമ നല്ലതോ ചീത്തയോ എന്നത് രണ്ടാമത്തെ കാര്യമാണ്. സിനിമ എന്നത് ഒരു ബിസിനസ് ആണ്. എന്നെപ്പോലെ ഒരു തുടക്കക്കാരനെ വിശ്വസിച്ച് പണം മുടക്കിയ ഒരു നിര്‍മ്മാതാവ് ഉണ്ട്. എന്തോ ഭാഗ്യം കൊണ്ടാവും ജിയോ പോലെ ഒരു വലിയ നെറ്റ്‍വര്‍ക്ക് ഈ കൊറോണ കാലത്തും നമ്മുടെ പടം റിലീസ് ചെയ്യാനായി എടുത്തത്. 

പക്ഷേ അപ്പോഴും റിലീസിനു മുന്‍പ് ഇത്രയും വലിയ ഒരു പ്ലാറ്റ്ഫോമില്‍നിന്ന് ലീക്ക് ആവുന്ന അവസ്ഥയാണ്. അവരുടെ പ്ലാറ്റ്ഫോമില്‍ ഫ്രീ ആയിട്ടു കിട്ടും, എന്നിട്ടുകൂടി പൈറേറ്റഡ് കോപ്പി കാണാന്‍ ആളുണ്ട് എന്നതാണ് വസ്‍തുത. അതുകൊണ്ട് സംഭവിക്കാന്‍ പോകുന്നത്, സിനിമയുടെ വ്യൂവര്‍ഷിപ്പ് അവരുടെ പ്ലാറ്റ്ഫോമില്‍ കുറയുകയും അതോടുകൂടി മലയാളസിനിമ എന്നത് വിജയം നേടാവുന്ന ഒരു സാധ്യത അല്ലെന്ന് അവര്‍ വിധിയെഴുതുകയും ചെയ്യും. 

ഒന്നോ രണ്ടോ ഒടിടി പ്ലാറ്റ്ഫോമുകളുടെ ഔദാര്യത്തിലാണ് മലയാളസിനിമ ഇപ്പോള്‍ നടന്നുപോകുന്നത്. ഇതുകൂടി ആവുമ്പോഴേക്ക് മലയാളസിനിമ എടുക്കാന്‍ ആളുകള്‍ കുറയും. എന്നെപ്പോലെ ഒരുപാട് പുതുമുഖ സംവിധായകരും മറ്റു സാങ്കേതികപ്രവര്‍ത്തകരുമുണ്ട്. അവരുടെയൊക്കെ അവസ്ഥ ഇനി എന്താവും എന്നത് ഒരു ചോദ്യചിഹ്നമാണ്. വളരെ വിഷമത്തോടെ ഇത് പറയേണ്ടിവന്നതില്‍ സങ്കടമുണ്ട്. ടെലിഗ്രാമില്‍ സിനിമ വന്നു എന്നു പറഞ്ഞ് ഇനി ആരും എന്നെ വിളിക്കണ്ട. എന്‍റെ സിനിമയുടെ റിലീസ് ജിയോ സിനിമ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ്. നല്ല മനസുള്ളവര്‍ അതില്‍ സിനിമ കാണുക. ഞങ്ങളെ പരമാവധി പിന്തുണയ്ക്കുക.നന്ദി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios