നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ നടി ഡയാന ഹമീദ് തന്‍റെ രാഷ്ട്രീയ അഭിപ്രായങ്ങൾ പങ്കുവെക്കുന്നു
നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി പുറത്തുവന്നതിന് പിന്നാലെ കേരളത്തിന്‍റെ ഓരോ മുക്കിലും മൂലയിലും തിരഞ്ഞെടുപ്പ് ആവേശം ശക്തി പ്രാപിച്ചിരിക്കുകയാണ്. ഓരോ പാർട്ടികളുടേയും സ്ഥാനാർത്ഥി നിർണയവും പ്രഖ്യാപനവുമെല്ലാം ചാനലുകളില്‍ ഓരോ നിമിഷവും കണ്ട് വിലയിരുത്തുകയാണ് ജനം. ഇതിനിടെ തന്‍റെ രാഷ്ട്രീയ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് നടിയും അവതാരകയുമായ ഡയാന ഹമീദ്. ഉമ്മൻ ചാണ്ടിയാണോ പിണറായി വിജയനാണോ ഏറ്റവും നല്ല നേതാവ് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഡയാന.
''ജനപ്രിയന്‍ എന്നും ഉമ്മന്‍ ചാണ്ടി സാര്‍ ആണെന്ന് തോന്നുന്നു. നേതാവ് എന്നതിനേക്കാളുപരി അദ്ദേഹത്തോട് വലിയൊരു സ്നേഹം നമുക്ക് ഉണ്ട്. പിണറായി സാറിനെ ഒരു റഫ് ആന്‍ഡ് ടഫ് നേതാവായിട്ടാണ് കാണുന്നത്. പക്ഷേ ഒരു ശക്തനായ നേതാവ് എന്ന് പറയുന്നത് പിണറായി സാര്‍ ആണ്'', എന്നാണ് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഡയാന പറഞ്ഞത്.
യുഡിഎഫ് ഭരണത്തില്‍ വരികയാണെങ്കില്‍ ആര് മുഖ്യമന്ത്രി ആവണമെന്നാണ് ആഗ്രഹമെന്ന ചോദ്യത്തിന് അത് അവര്‍ പോലും തീരുമാനിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല എന്നായിരുന്നു ഡയാനയുടെ മറുപടി. ബിഗ് ബോസ് മുന്‍ താരങ്ങളായ അഖില്‍ മാരാരും റോബിന്‍ രാധാകൃഷ്ണനും ബിജെപിയില്‍ എത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് അത് അവരുടെ വ്യക്തിപരമായ തീരുമാനമല്ലേ എന്നും ഡയാന പ്രതികരിച്ചു.
അതേസമയം, കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പു ചൂടിലേക്ക് കടന്നുകഴിഞ്ഞു. കേരളത്തിൽ ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പും മെയ് നാലിന് വോട്ടെണ്ണലും നടക്കും. സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം സജീവമാക്കി മുന്നണികൾ രംഗത്തിറങ്ങിക്കഴിഞ്ഞു. കേരളത്തിന് പുറമെ ഏപ്രിൽ ഒന്‍പതിന് അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് നടക്കും. തമിഴ്നാട്ടില്‍ ഏപ്രിൽ 23 നും പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടമായി ഏപ്രിൽ 23 നും 29 നുമാണ് വോട്ടെടുപ്പ്. ഏറെ വിവാദമുണ്ടാക്കിയ എസ്ഐആർ നടപടികൾ പൂർത്തിയാക്കിയശേഷം നടത്തുന്ന ആദ്യത്തെ തിരഞ്ഞെടുപ്പാണിത്.



