Asianet News MalayalamAsianet News Malayalam

'അഞ്ചാം പാതിരാ'യ്‍ക്കെതിരെ മോഷണാരോപണവുമായി നോവലിസ്റ്റ്; അഞ്ച് കഥാപാത്രങ്ങള്‍ തന്‍റെ നോവലിലേതെന്ന് ലാജോ ജോസ്

"ഇപ്പോള്‍ ആറാം പാതിരാ എന്ന പുതിയ ചിത്രം ഇറങ്ങുന്നില്ലെങ്കില്‍ ഞാന്‍ ഇപ്പോഴും ഇക്കാര്യം മിണ്ടില്ലായിരുന്നു. ആ സിനിമയിലും എന്‍റെ ഏതെങ്കിലും വര്‍ക്കിന്‍റെ കോപ്പിയടിയുണ്ടോ എന്ന പേടിയിലാണ് ഞാന്‍ ആ കമന്‍റ് ഇട്ടത്.."

plagiarism allegation against midhun manuel thomas film anjaam pathiraa
Author
Thiruvananthapuram, First Published Jan 12, 2021, 8:36 PM IST

തിയറ്ററുകളില്‍ വന്‍ വിജയം നേടിയ ക്രൈം ത്രില്ലര്‍ ചിത്രം 'അഞ്ചാം പാതിരാ'യ്ക്കെതിരെ മോഷണാരോപണമുയര്‍ത്തി യുവതലമുറയിലെ ശ്രദ്ധേയ എഴുത്തുകാരനായ ലാജോ ജോസ്. ചിത്രത്തിലെ നായകന്‍റേതുള്‍പ്പെടെ അഞ്ച് പ്രധാന കഥാപാത്രങ്ങളുടെ നിര്‍മ്മിതിയും ചില കഥാസന്ദര്‍ഭങ്ങളും തന്‍റെ രണ്ട് നോവലുകളില്‍ നിന്നാണെന്നാണ് ലാജോ ജോസിന്‍റെ ആരോപണം. 'അഞ്ചാം പാതിരാ'യിലെ നായക കഥാപാത്രമായ 'ഡോ. അന്‍വര്‍ ഹുസൈന്‍' (കുഞ്ചാക്കോ ബോബന്‍) തന്നെ പ്രധാന കഥാപാത്രമാകുന്ന പുതിയ ക്രൈം ത്രില്ലര്‍ ചിത്രം മിഥുന്‍ മാനുവല്‍ തോമസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മിഥുന്‍ മാനുവല്‍ തോമസ് ഫേസ്ബുക്കിലൂടെ പങ്കുവച്ച ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്ററിനു താഴെ ഇന്നാണ് ലാജോ ജോസ് ഈ ആരോപണം ആദ്യമായി ഉയര്‍ത്തിയത്. ആരോപണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് ലാജോ ജോസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി സംസാരിക്കുന്നു..

"അഞ്ചാം പാതിരായുടെ ആദ്യ കാഴ്ചയില്‍ത്തന്നെ എന്‍റെ നോവലുകളുമായി ചിത്രത്തിനുള്ള സാമ്യങ്ങള്‍ പെട്ടെന്ന് ശ്രദ്ധയില്‍ പെട്ടിരുന്നു. ഏറ്റുമാനൂര്‍ യുജിഎം സിനിമാസ് എന്ന തിയറ്ററില്‍ നിന്നാണ് ഞാന്‍ സിനിമ കണ്ടത്. ഒരു ഷോക്ക് ആയിരുന്നു അത്. നായകന്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട അഞ്ച് കഥാപാത്രങ്ങള്‍ക്ക് എന്‍റെ നോവലുമായി അപാരമാംവിധം സാമ്യമുണ്ടായിരുന്നു. ബെഞ്ചമിന്‍ ലൂയിസ്, അന്‍വര്‍ ഹുസൈന്‍, കാതറിന്‍ മറിയ ഐപിഎസ്, റിപ്പര്‍ രവി, പിന്നെ വിഡ്‍ജറ്റ് സ്പിന്നര്‍ ആയ ആ കൊലപാതകി എന്നീ കഥാപാത്രങ്ങള്‍. അയാളെ സ്ത്രീവേഷം കെട്ടിക്കുന്നത് ഒക്കെ കണ്ട് ഞെട്ടി. എന്‍റെ 'ഹൈഡ്രേഞ്ചിയ' എന്ന പുസ്തകവും 'റൂത്തിന്‍റെ ലോകം' എന്ന മറ്റൊരു നോവലിലെ ക്ലൈമാക്സ് സീനും. കഥാപാത്രങ്ങളെയൊക്കെ അങ്ങനെയങ്ങ് എടുത്തിരിക്കുകയാണ്", ലാജോ ജോസ് പറയുന്നു.

'ഹ്രൈഡ്രേഞ്ചിയ' സിനിമയാക്കാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെത്തി നില്‍ക്കവെയാണ് അഞ്ചാം പാതിരാ തീയേറ്ററുകളിലെത്തിയതെന്നും സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സാമ്യങ്ങള്‍ ബോധ്യപ്പെട്ടതോടെ ആ പ്രോജക്ട് ഉപേക്ഷിക്കേണ്ടി വരികയായിരുന്നുവെന്നും പറയുന്നു ലാജോ. "എന്‍റെ 'ഹൈഡ്രേഞ്ചിയ' എന്ന നോവല്‍ സിനിമയാക്കാനുള്ള ശ്രമങ്ങളിലായിരുന്നു ഞാനടക്കമുള്ളവര്‍ ആ സമയത്ത്. സ്ക്രിപ്റ്റ് അതിനകം പൂര്‍ത്തീകരിച്ചിരുന്നു. സംവിധായകന്‍ താരനിര്‍ണ്ണയത്തിലേക്ക് കടന്ന ഘട്ടത്തിലാണ് അഞ്ചാം പാതിരാ വന്നത്. അഞ്ചാം പാതിരായ്ക്ക് എന്‍റെ പുസ്തകവും അതിനെ ആസ്പദമാക്കിയ എഴുതിയിരിക്കുന്ന തിരക്കഥയുമായുള്ള സാമ്യം അണിയറക്കാര്‍ക്ക് ബോധ്യപ്പെട്ടതോടെ ആ പ്രോജക്ട് ഉപേക്ഷിക്കേണ്ടിവരുകയായിരുന്നു. അഞ്ചാം പാതിരാ പുറത്തിറങ്ങി രണ്ടാഴ്ചയ്ക്കുള്ളില്‍ എന്‍റെ പ്രോജക്ട് ഇല്ലാതായി", ലാജോ ജോസ് പറയുന്നു.

"പക്ഷേ അപ്പോഴും ഞാന്‍ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു, ഇത് യാദൃശ്ചികമായിരിക്കാം എന്നൊക്കെ. പക്ഷേ പുസ്തകം വായിച്ച പലരും എന്നെ ബന്ധപ്പെട്ട് ഇക്കാര്യം പറഞ്ഞു. എന്നിട്ടും ഞാനത് വിട്ടുകളഞ്ഞു. ഏതായാലും പോയത് പോയി എന്നു കരുതി പ്രതികരണത്തിനൊന്നും നിന്നില്ല. മറ്റൊരു പ്രശ്നം കഥാപാത്ര നിര്‍മ്മിതികളിലെ സാമ്യം തെളിയിക്കാന്‍ പറ്റില്ല എന്നതാണ്. സീന്‍ ബൈ സീന്‍ ആണെങ്കില്‍ കോപ്പിയടി തെളിയിക്കാന്‍ പറ്റും. ഇവിടെ പക്ഷേ അങ്ങനെയല്ല. അതേസമയം കഥാപാത്രങ്ങളില്‍ ഇത്രയധികം സാമ്യങ്ങള്‍ കാണുമ്പോള്‍ നമ്മുടെ പുസ്തകത്തില്‍ നിന്നുതന്നെയാണ് അത് പോയിട്ടുള്ളതെന്ന കാര്യം മനസിലാവും. പക്ഷേ തെളിയിക്കാന്‍ പറ്റില്ല. മിഥുന്‍ മാനുവലിനെ ബന്ധപ്പെടാനൊന്നും ശ്രമിച്ചില്ല. സിനിമ പുറത്തിറങ്ങിയതിനു ശേഷം എന്തു ചെയ്യാനാണ്? ഇപ്പോള്‍ ആറാം പാതിരാ എന്ന പുതിയ ചിത്രം ഇറങ്ങുന്നില്ലെങ്കില്‍ ഞാന്‍ ഇപ്പോഴും ഇക്കാര്യം മിണ്ടില്ലായിരുന്നു. ആ സിനിമയിലും എന്‍റെ ഏതെങ്കിലും വര്‍ക്കിന്‍റെ കോപ്പിയടിയുണ്ടോ എന്ന പേടിയിലാണ് ഞാന്‍ ആ കമന്‍റ് ഇട്ടത്. എന്തായാലും അഞ്ചാം പാതിരായുടെ റൈറ്റര്‍ക്കെതിരെ ഒരു വക്കീല്‍ നോട്ടീസ് അയക്കാന്‍ ഇപ്പോല്‍ തീരുമാനിച്ചിട്ടുണ്ട്", ലാജോ ജോസ് പറയുന്നു. 

'ഹൈഡ്രേഞ്ചിയ' നിലവില്‍ പുതിയൊരു സിനിമയായി വരാനുള്ള ഒരുക്കങ്ങളിലാണെന്നും മൂന്നാല് മാസങ്ങളിലായി താന്‍ അതിന്‍റെ പണിപ്പുരയിലാണെന്നും പറയുന്നു ലാജോ. "അഞ്ചാം പാതിരായുമായുള്ള സാമ്യങ്ങള്‍ ഒഴിവാക്കിയിട്ട് സ്വന്തം പുസ്തകം തിരക്കഥയാക്കേണ്ട ഗതികേടിലാണ് ഞാന്‍.  ഈ പ്രോജക്ട് കൂടി പോയാല്‍ എനിക്ക് താങ്ങാന്‍ പറ്റില്ല. തിരക്കഥാകൃത്താവാന്‍ ജോലി രാജിവച്ച ആളാണ് ഞാന്‍. ആദ്യസമയത്ത് സംവിധായകരോടും നടന്മാരോടും കഥ പറയാന്‍ അവരുടെ അപ്പോയിന്‍റ്മെന്‍റ് പോലും കിട്ടുന്നുണ്ടായിരുന്നില്ല. സിനിമയാക്കാന്‍ വച്ച കഥകളാണ് പുസ്തകങ്ങളായി എഴുതിയത്", ലാജോ ജോസ് പറഞ്ഞവസാനിപ്പിക്കുന്നു. 

Follow Us:
Download App:
  • android
  • ios