എസ്‍സി/ എസ്‍ടി അതിക്രമം തടയല്‍ നിയമപ്രകാരം
തെലുങ്ക് ചലച്ചിത്ര താരം വിജയ് ദേവരകൊണ്ടയ്ക്കെതിരെ പൊലീസ് കേസ്. ആദിവാസികള്‍ക്ക് എതിരായ പരാമര്‍ശത്തിനാണ് എസ്‍സി/ എസ്‍ടി അതിക്രമം തടയല്‍ നിയമപ്രകാരം കേസ് എടുത്തിരിക്കുന്നത്. ഒരു സിനിമയുടെ പ്രീ റിലീസ് ഇവെന്‍റില്‍ പങ്കെടുക്കവെ ആയിരുന്നു താരത്തിന്‍റെ വിവാദ പരാമര്‍ശം. ജൂണ്‍ 17 ന് ആണ് ഇത് സംബന്ധിച്ച് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
ആദിവാസി ഗോത്രങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷങ്ങളെ തീവ്രവാദി ആക്രമണങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടുള്ളതായിരുന്നു വിജയ് ദേവരകൊണ്ടയുടെ പരാമര്‍ശം. പഹല്‍ഗാം തീവ്രവാദ ആക്രമണത്തെ അഞ്ഞൂറ് വര്‍ഷം മുന്‍പ് നടന്ന ആദിവാസി ഗോത്ര യുദ്ധങ്ങളുമായി താരതമ്യം ചെയ്യുകയായിരുന്നു വിജയ് ദേവരകൊണ്ട. ഇതിന്‍റെ വീഡിയോ ഓണ്‍ലൈനില്‍ അതിവേഗം പ്രചരിച്ചതോടെ താരത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളും ഉയര്‍ന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായാണ് പൊലീസ് മാധ്യമങ്ങളെ അറിയിച്ചത്. ആദിവാസി സമൂഹങ്ങളുടെ സംയുക്ത ആക്ഷന്‍ കമ്മിറ്റി സംസ്ഥാന പ്രസിഡന്‍റ് നേനാവത് അശോക് കുമാര്‍ നായിക് ആണ് ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. ആദിവാസി സമൂഹങ്ങളുടെ അതിജീവനശ്രമങ്ങളെ പാകിസ്താന്‍ തീവ്രവാദികളുടെ ആക്രമണങ്ങളുമായി താരതമ്യപ്പെടുത്തി ആദിവാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നാണ് അശോക് കുമാര്‍ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. താരത്തിന്‍റെ അഭിപ്രായപ്രകടനം വംശീയമാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
അതേസമയം പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് വിജയ് ദേവരകൊണ്ട രംഗത്തെത്തിയിരുന്നു. മെയ് 3 ന് എക്സിലൂടെ ആയിരുന്നു താരത്തിന്‍റെ പോസ്റ്റ്. എല്ലാ ജനവിഭാഗങ്ങളെയും, വിശേഷിച്ച് ആദിവാസികളെ ബഹുമാനിക്കുന്ന വ്യക്തിയാണ് താനെന്നും ആരെയും വേദനിപ്പിക്കാന്‍ ലക്ഷ്യമുള്ളതായിരുന്നില്ല തന്‍റെ പരാമര്‍ശമെന്നും വിജയ് ദേവരകൊണ്ട കുറിച്ചിരുന്നു. തന്‍റെ വാക്കുകളിലെ ഏതെങ്കിലും ഭാഗങ്ങള്‍ ഏതെങ്കിലും വിഭാഗങ്ങളെ വേദനിപ്പിച്ചുവെങ്കില്‍ അതില്‍ ക്ഷമ ചോദിക്കുന്നുവെന്നും. സമാധാനത്തെക്കുറിച്ചും ഉന്നമനത്തെക്കുറിച്ചും ഒരുമയെക്കുറിച്ചുമുള്ള ആശയം മുന്നോട്ടുവെക്കാനാണ് ഞാന്‍ ശ്രമിച്ചത്. ഭിന്നിപ്പിക്കാനല്ല, മറിച്ച് ഒരുമിപ്പിക്കാനാണ് എന്‍റെ പ്ലാറ്റ്‍ഫോം ഞാന്‍ ഉപയോഗിക്കുക, വിജയ് ദേവരകൊണ്ട കുറിച്ചിരുന്നു.

