'മോളിവുഡ് ടൈംസ്' എന്ന സിനിമയുടെ അണിയറക്കാര്‍ നിയമക്കുരുക്കില്‍

മോളിവുഡ് ടൈംസ് എന്ന സിനിമയ്ക്ക് എതിരെ സെന്‍സര്‍ ബോര്‍ഡ് നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ്. സെന്‍സര്‍ ചെയ്ത ഭാഗങ്ങള്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചതിന് എതിരെയാണ് കേസ്. സിനിമ പ്രദര്‍ശിപ്പിച്ച കണ്ണൂര്‍ പയ്യന്നൂരിലുള്ള തിയറ്ററില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. സെന്‍സറിംഗ് ഇല്ലാത്ത സിനിമ എട്ട് ദിവസം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചതായാണ് കണ്ടെത്തല്‍. ഒരു ലാബിൽ വച്ച് സിനിമയുടെ സംവിധായകൻ ഒഴിവാക്കപ്പെട്ട ഭാഗങ്ങൾ കൂട്ടിചേർത്തതിൻ്റെ തെളിവും പൊലീസിന് ലഭിച്ചിട്ടുണ്ട്. സെൻസർ ബോർഡിന് പരാതി നൽകിയവരുടെ മൊഴിയും എടുത്തിട്ടുണ്ട്. സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഹാജരാകാനും പൊലീസ് നോട്ടീസ് നല്‍കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഭിനവ് സുന്ദര്‍ നായകിന്‍റെ സംവിധാനത്തില്‍ നസ്‍ലെന്‍ നായകനായി ജൂണ്‍ 5 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് മോളിവുഡ് ടൈംസ്. സിനിമയിൽ സെൻസർ ചെയ്ത അശ്ലീല സംഭാഷണങ്ങൾ തിയറ്ററിൽ അതേപടി കേൾപ്പിച്ചുവെന്നാണ് സെൻസർ ബോർഡിന്റെ പരാതി. സിനിമയുടെ സംവിധായകൻ, നിർമ്മാതാവ്, ഡിസ്ട്രിബ്യൂട്ടര്‍, ഡിജിറ്റല്‍ ക്രിയേറ്റര്‍ തുടങ്ങിയവർക്ക് എതിരെയാണ് കേസ്. റീജിയണല്‍ സെന്‍സര്‍ ഓഫീസര്‍ സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. മോളിവുഡ് ടൈംസ് സെന്‍സര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നേടിയിരുന്നു. സെന്‍സര്‍ ചെയ്തപ്പോള്‍ ചില ഭാഗങ്ങള്‍ നീക്കം ചെയ്യുകയും ചില സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്യുകയും ചെയ്തു. പക്ഷേ അണിയറക്കാര്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചത് ഇത്തരം മാറ്റങ്ങള്‍ വരുത്തിയ സിനിമയായിരുന്നില്ല. ഏതൊക്കെ ഭാഗങ്ങളാണോ നീക്കം ചെയ്തത് അത് കോര്‍ത്തിണക്കുകയും മ്യൂട്ട് ചെയ്ത ഭാഗങ്ങള്‍ മ്യൂട്ട് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. സിനിമാട്ടോഗ്രഫി നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് സിനിമ തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു.

മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയോ ഒരുലക്ഷം രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്. സംവിധായകൻ, നിർമ്മാതാവ്, ഡിസ്ട്രിബ്യൂറ്റർ, ഡിജിറ്റല്‍ ക്രിയേറ്റര്‍ എന്നിവരെ പൊലീസ് നോട്ടീസ് നല്‍കി വിളിച്ചു വരുത്തും. ഇവര്‍ പൊലീസിനാണ് വിശദീകരണം നല്‍കേണ്ടത്. അതേസമയം, സെന്‍സര്‍ ബോര്‍ഡ് അണിയറപ്രവര്‍ത്തകര്‍ക്കെതിരെ എന്ത് നടപടി എടുക്കുമെന്നതും ശ്രദ്ധേയമാണ്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming