ചിത്രത്തിന്‍റെ കാനഡയിലെ വിതരണക്കാരായ കെഡബ്ല്യു ടാക്കീസ് ആണ് തിയറ്റര്‍ ഉടമകള്‍ക്ക് ലഭിച്ച ഇമെയിലുകളില്‍ ചിലത് പുറത്തുവിട്ടിരിക്കുന്നത്

കാനഡയില്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയറ്റര്‍ ഉടമകള്‍ക്കെതിരെ ഭീഷണി. മണി രത്നത്തിന്‍റെ എപിക്ക് പിരീഡ് ആക്ഷന്‍ ചിത്രം പൊന്നിയിന്‍ സെല്‍വന്‍, ദുല്‍ഖര്‍ സല്‍മാന്‍റെ ബോളിവുഡ് ചിത്രം ചുപ്പ് എന്നിവ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളാണ് അക്രമിക്കപ്പെടുമെന്ന് അജ്ഞാത സംഘങ്ങളുടെ ഭീഷണി വന്നിരിക്കുന്നത്. ഇതില്‍ പൊന്നിയിന്‍ സെല്‍വന്‍ സെപ്റ്റംബര്‍ 30 ന് ആഗോള റിലീസിന് തയ്യാറെടുത്തിരിക്കുകയാണെങ്കില്‍ ചുപ്പ് മറ്റ് എല്ലാ മാര്‍ക്കറ്റുകള്‍ക്കുമൊപ്പം 23ന് കാനഡയിലും റിലീസ് ചെയ്യപ്പെട്ടിരുന്നു. ചിത്രത്തിന്‍റെ കാനഡയിലെ വിതരണക്കാരായ കെഡബ്ല്യു ടാക്കീസ് ആണ് തിയറ്റര്‍ ഉടമകള്‍ക്ക് ലഭിച്ച ഇമെയിലുകളില്‍ ചിലത് പുറത്തുവിട്ടിരിക്കുന്നത്.

ഹാമില്‍ട്ടണ്‍, കിച്ചന, ലണ്ടന്‍ എന്നിവിടങ്ങളിലുള്ള തിയറ്റര്‍ ഉടമകള്‍ക്കാണ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരിക്കുന്നതെന്ന് കെഡബ്ല്യു ടാക്കീസ് അറിയിക്കുന്നു. കെഡബ്ല്യു ടാക്കീസ് വിതരണം ചെയ്യുന്ന പിഎസ് 1, ചുപ്പ് എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നപക്ഷം സ്ക്രീനുകള്‍ നശിപ്പിക്കുമെന്നും വിഷവാതകം പ്രയോഗിക്കുമെന്നും ജീവനക്കാരില്‍ ചിലര്‍ ആശുപത്രിയിലാവുമെന്നും ഭീഷണി മെയിലില്‍ പറയുന്നു. ഇന്ത്യന്‍ ചിത്രങ്ങളെ മാത്രമല്ല, കെഡബ്ല്യു ടാക്കീസ് വിതരണം ചെയ്യുന്ന ഇംഗ്ലീഷ് ചിത്രങ്ങള്‍ക്കും സമാനമായ പ്രതികരണം നേരിടേണ്ടിവരുമെന്നും സന്ദേശത്തില്‍ ഉണ്ട്, ഇതൊരു മുന്നറിയിപ്പ് മാത്രമാണെന്നും.

Scroll to load tweet…

ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് കാനഡയില്‍ ഭീഷണി നേരിടുന്നത് ഇത് ആദ്യമായല്ല. ദുല്‍ഖര്‍ സല്‍മാന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച കുറുപ്പ് സമാന സാഹചര്യം നേരിട്ടിരുന്നു. എന്നാല്‍ ഇത് സന്ദേശത്തില്‍ മാത്രം ഒതുങ്ങിയിരുന്നുമില്ല. റിച്ച്മണ്ട് ഹില്ലിലും ഓക്ക് വില്ലിലുമടക്കമുള്ള നാല് തിയറ്റര്‍ സ്ക്രീനുകള്‍ അക്രമികള്‍ അന്ന് നശിപ്പിച്ചിരുന്നു.

ALSO READ : നടിമാര്‍ക്ക് നേരെ അതിക്രമം നടത്തിയവരെ സിസിടിവി ദൃശ്യങ്ങളിൽ തിരിച്ചറിയാൻ സാധിക്കുന്നുണ്ടെന്ന് പൊലീസ്

അതേസമയം ഭാഷാതീതമായി ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഈ വര്‍ഷം കാത്തിരിക്കുന്ന പ്രധാന റിലീസുകളില്‍ ഒന്നാണ് പൊന്നിയിന്‍ സെല്‍വന്‍. ബിഗ് സ്ക്രീനില്‍ മുന്‍പും നിരവധി വിസ്മയങ്ങള്‍ തീര്‍ത്തിട്ടുള്ള മണി രത്നത്തിന്‍റെ ചിത്രമായതിനാല്‍ രാജ്യത്തിന് പുറത്തുള്ള ഇന്ത്യക്കാര്‍ക്കിടയിലും ചിത്രത്തിനായി വലിയ കാത്തിരിപ്പുണ്ട്. വന്‍ സ്ക്രീന്‍ കൌണ്ടോടെയാണ് ആഗോള തലത്തില്‍ ചിത്രം റിലീസിന് തയ്യാറെടുത്തിരിക്കുന്നത്.