Asianet News MalayalamAsianet News Malayalam

'പൊന്നിയിന്‍ സെല്‍വന്' കേരളത്തില്‍ വൈഡ് റിലീസ്; 250 സ്ക്രീനുകളില്‍ എത്തിക്കാന്‍ ശ്രീ ഗോകുലം മൂവീസ്

500 കോടിയോളം രൂപയാണ് ചിത്രത്തിന്‍റെ ബജറ്റ്

ponniyin selvan kerala distribution rights bagged by sree gokulam movies mani ratnam
Author
Thiruvananthapuram, First Published Aug 22, 2022, 7:53 PM IST

ഇന്ത്യന്‍ സിനിമാപ്രേമികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന നിരവധി വിസ്മയങ്ങള്‍ ബിഗ് സ്ക്രീനില്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് മണി രത്നം. അതിനാല്‍ത്തന്നെ തന്‍റെ സ്വപ്‍ന പദ്ധതിയെന്ന് അദ്ദേഹം തന്നെ വിശേഷിപ്പിക്കുന്ന പൊന്നിയിന്‍ സെല്‍വനില്‍ ഇന്ത്യന്‍ സിനിമാലോകത്തിനുള്ള പ്രതീക്ഷകള്‍ ഏറെ വലുതാണ്. രണ്ട് ഭാഗങ്ങളിലായി പ്രദര്‍ശനത്തിനെത്തുന്ന ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗം സെപ്റ്റംബര്‍ 30 ന് ആണ് എത്തുക. ചിത്രത്തിന്‍റെ ഒരു പുതിയ അപ്ഡേറ്റും ഇപ്പോള്‍ എത്തിയിരിക്കുകയാണ്. കേരള റിലീസിനെ സംബന്ധിച്ചാണ് അത്.

കേരളത്തിലെ പ്രമുഖ നിര്‍മ്മാണ, വിതരണ കമ്പനിയായ ശ്രീ ഗോകുലം മൂവീസിനാണ് പിഎസ് 1 ന്‍റെ കേരള ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്സ്. ലോകം മുഴുവൻ കാത്തിരിക്കുന്ന പൊന്നിയിന്‍ സെൽവൻ പോലൊരു ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കാൻ കഴിയുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ​ഗോകുലം മൂവീസ് ഉടമ ​ഗോകുലം ​ഗോപാലൻ പറഞ്ഞു. കേരളത്തിൽ 250 ഓളം തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുക. പാൻ ഇന്ത്യൻ ചിത്രങ്ങളായ ലൈ​ഗർ, കോബ്ര എന്നിവയും കേരളത്തില്‍ വിതരണം ചെയ്യുന്നത് ഗോകുലം മൂവീസ് ആണ്. ഒപ്പം ഓണം റിലീസ് ആയി എത്തുന്ന ചിത്രം, വിനയന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ നിര്‍മ്മാണവും ശ്രീ ഗോകുലം മൂവീസ് ആണ്.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കരനാണ് പൊന്നിയിന്‍ സെല്‍വന്‍റെ നിര്‍മ്മാണം. 500 കോടിയോളം രൂപയാണ് ചിത്രത്തിന്‍റെ ബജറ്റ്. മണിരത്നത്തിന്റെ പ്രൊഡക്ഷൻ ബാനറായ മദ്രാസ് ടാക്കീസിനും ചിത്രത്തിൽ നിർമ്മാണ പങ്കാളിത്തമുണ്ട്. വിക്രം, ഐശ്വര്യ റായ്, കാർത്തി, ജയം രവി, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, തൃഷ, വിക്രം പ്രഭു തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മലയാളത്തിൽ നിന്ന് ജയറാം, ഐശ്വര്യ ലക്ഷ്മി, ലാൽ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. എ ആർ റഹ്‍മാന്‍ ആണ് സംഗീത സംവിധാനം.

ALSO READ : 'സ്റ്റീഫന്‍റെ തട്ട് താണുതന്നെയിരിക്കും'; 'ഗോഡ്‍ഫാദര്‍' ടീസര്‍ ട്രോളില്‍ മുക്കി 'ലൂസിഫര്‍' ആരാധകര്‍

പ്രശസ്ത തമിഴ് സാഹിത്യകാരൻ കൽക്കിയുടെ ഇതേ പേരിലുള്ള വിഖ്യാത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചി‌രിക്കുന്നത്. ചോള രാജവംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്ന അരുൺമൊഴിവരം എന്ന രാജരാജ ചോഴന്റെ കഥയാണ് സിനിമയുടെ ഇതിവൃത്തം. 2019ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

Follow Us:
Download App:
  • android
  • ios