Asianet News MalayalamAsianet News Malayalam

വിജയ് സേതുപതിയെയും ഫഹദിനെയും സ്വാഗതം ചെയ്‍ത് കമല്‍ ഹാസന്‍; 'വിക്രം' ലൊക്കേഷന്‍ വീഡിയോ

രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് നിര്‍മ്മാണം

Poojai Video of kamal haasan starring vikram movie
Author
Thiruvananthapuram, First Published Jul 17, 2021, 2:21 PM IST

കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'വിക്രം' ചെന്നൈയില്‍ ആരംഭിച്ചു. വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ പൂജാ ചടങ്ങിന് കമലിനൊപ്പം വിജയ് സേതുപതിയും എത്തിയിരുന്നു. ഫഹദ് വൈകാതെ ജോയിന്‍ ചെയ്യും.

ദീര്‍ഘനാളിനു ശേഷം ഫിലിം ഷൂട്ടിംഗ് ലൊക്കേഷനിലേക്കെത്തിയ തനിക്ക് ഒരു ഹൈസ്‍കൂള്‍ റീയൂണിയന്‍ പോലെയാണ് തോന്നിയതെന്ന് കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്‍തു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ ചിത്രീകരണത്തില്‍ പങ്കെടുക്കാതിരുന്ന ഏറ്റവും വലിയ ഇടവേളയാണ് ഇതെന്നും. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിലെ സഹപ്രവര്‍ത്തകര്‍, ലോകേഷ് കനകരാജും അദ്ദേഹത്തിന്‍റെ സംഘവും, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ക്ക് സ്വാഗതം പറഞ്ഞുള്ളതുമാണ് കമലിന്‍റെ ട്വീറ്റ്. ആദ്യദിന വീഡിയോയും അദ്ദേഹം ഒപ്പം പോസ്റ്റ് ചെയ്‍തിട്ടുണ്ട്.

നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. വിജയ് നായകനായ 'മാസ്റ്ററി'നു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കമല്‍ ഹാസന്‍റെ കഴിഞ്ഞ പിറന്നാള്‍ ദിനത്തിലായിരുന്നു ടൈറ്റില്‍ പ്രഖ്യാപനം. കമല്‍ ഹാസനും ഫഹദ് ഫാസിലിനും വിജയ് സേതുപതിക്കുമൊപ്പം നരെയ്‍നും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. ലോകേഷ് ചിത്രങ്ങളായ കൈതിയുടെയും മാസ്റ്ററിന്‍റെയും ഛായാഗ്രാഹകനായ സത്യന്‍ സൂര്യനെയാണ് വിക്രത്തിലും ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന് മറ്റു പ്രോജക്റ്റുകളുടെ തിരക്കുകള്‍ വന്നതിനാല്‍ പിന്മാറുകയായിരുന്നു. 

രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് വിക്രത്തിന്‍റെ നിര്‍മ്മാണം. സംഗീതം അനിരുദ്ധ്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്. 2022ല്‍ തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios