വാർത്ത പ്രചരിച്ച് 24 മണിക്കൂർ കഴിഞ്ഞതിന് ശേഷമാണ് പൂനം വിശദീകരണം നൽകിയത്. വീഡിയോയിൽ ആരോ​ഗ്യവതിയായിരുന്നു പൂനം.

മുംബൈ: സോഷ്യൽമീഡിയയിലും മാധ്യമങ്ങളിലും വൈറലാകാൻ പൂനം പാണ്ഡെ ചെയ്തത് കടുംകൈ. ഇന്നേവരെ ആരും ചെയ്യാത്ത രീതിയിലുള്ള സെൽഫ് പ്രൊമോഷനാണ് മരണവാർത്ത പ്രചരിപ്പിച്ചതിലൂടെ പൂനം പാണ്ഡെ ചെയ്തത്. സെർവിക്കൽ കാൻസർ ബാധിച്ച് പൂനം പാണ്ഡെ മരിച്ചെന്നാണ് വെള്ളിയാഴ്ച രാവിലെ മുതൽ പ്രചരിച്ച വാർത്ത. വ്യാഴാഴ്ച രാത്രി സെർവിക്കൽ കാൻസർ മൂലം നടി മരണപ്പെട്ടന്ന് ഇന്നലെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

ഉത്തർപ്രദേശിലെ വീട്ടിൽ മരിച്ച നിലയിൽ താരത്തെ കണ്ടെത്തിയെന്നായിരുന്നു വാർത്ത. പൂനത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കിട്ട ഒരു പോസ്റ്റിലാണ് മരണവാർത്ത ആദ്യം വെളിപ്പെടുത്തിയത്. പൂനം പാണ്ഡെയുമായി ബന്ധമുള്ളവർ വാർത്ത സ്ഥിരീകരിക്കുകയും രാജ്യത്തെ എല്ലാ മാധ്യമങ്ങളും വാർത്ത നൽകുകയും ചെയ്തു. എന്നാൽ, വൈകിട്ടായപ്പോഴേക്കും അഭ്യൂഹങ്ങൾ പ്രചരിച്ച് തുടങ്ങി. പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്ന് അഭ്യൂഹം വന്നുതുടങ്ങി. ഇതോടെ മാധ്യമങ്ങൾ പൂനം പാണ്ഡെയുടെ കുടുംബത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും എല്ലാവരും ഔട്ട് ഓഫ് കവറേജ് ആയിരുന്നു.

എന്നാൽ, ശനിയാഴ്ച ഉച്ചയോടെ മരിച്ചിട്ടില്ലെന്ന വിശദീകരണത്തോടെ പൂനം പാണ്ഡെ തന്നെ രം​ഗത്തെത്തി. രൂക്ഷ വിമർശനമാണ് പൂനം പാണ്ഡെക്കെതിരെ ഉയർന്നത്. വാർത്ത പ്രചരിച്ച് 24 മണിക്കൂർ കഴിഞ്ഞതിന് ശേഷമാണ് പൂനം വിശദീകരണം നൽകിയത്. വീഡിയോയിൽ ആരോ​ഗ്യവതിയായിരുന്നു പൂനം. താൻ മരിച്ചെന്ന വാർത്ത പരമാവധി പ്രചരിക്കാൻ അവർ അവസരം നൽകിയെന്നും വിമർശനമുയരുന്നു. സെർവിക്കൽ കാൻസറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് താൻ മരണവാർത്ത പ്രചരിപ്പിച്ചതെന്ന് പൂനം പറയുന്നു.

Read More.... 'ഞാൻ മരിച്ചിട്ടില്ല'; മരിച്ചെന്ന് നുണ പറഞ്ഞതിന് കാരണം, വീഡിയോയുമായി പൂനം പാണ്ഡെ!

എന്നാൽ, ഇതൊന്നും ആരാധകർ വിശ്വസിക്കുന്നില്ല. നേരത്തെയും വിവാദ പരാമർശങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിച്ച വ്യക്തിയാണ് ഇവരെന്നും നിരവധി പേർ പറയുന്നു. വേദനിപ്പിച്ചതിന് മാപ്പ് ചോദിച്ചാണ് പൂനം ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുമ്പ് നിങ്ങൾക്കൊരു സർപ്രൈസ് ഉണ്ടാകുമെന്ന് പൂനം പോസ്റ്റ് ചെയ്തിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം