അഭിഷേക് അഗര്‍വാള്‍ ആര്‍ട്‍സ് ആണ് റീമേക്ക് റൈറ്റ്സ് വാങ്ങിയിരിക്കുന്നത്

ഉള്ളടക്കത്തിന്‍റെ വൈവിധ്യവും കരുത്തും കൊണ്ട് ഇന്ത്യയില്‍ ഇന്ന് ഏറ്റവും ചര്‍ച്ചയാവുന്ന സിനിമാ ഇന്‍ഡസ്ട്രി മലയാളമാണ്. ഒടിടി പ്ലാറ്റ്ഫോമുകളുടെ വളര്‍ച്ചയാണ് അതിന് പ്രധാന കാരണം. മലയാളത്തില്‍ എക്കാലവും മികച്ച സിനിമകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒടിടിയുടെ വരവോടെ അവയ്ക്ക് ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് സ്വീകാര്യത ലഭിച്ചു. മറ്റു ഭാഷകളിലെ ചലച്ചിത്ര പ്രവര്‍ത്തകരും മലയാളത്തില്‍ പുതുതായി നടക്കുന്നതെന്തെന്ന് സാകൂതം നിരീക്ഷിക്കുന്നുണ്ട്. നിരവധി റീമേക്കുകളും മലയാള സിനിമകളില്‍ നിന്ന് ഉണ്ടാവുന്നു. സമീപകാലത്ത് മലയാളത്തില്‍ നിന്ന് ഏറ്റവുമധികം റീമേക്കുകള്‍ സംഭവിച്ചത് തെലുങ്കിലാണ്. ദൃശ്യം 2, കപ്പേള, അയ്യപ്പനും കോശിയും അടക്കമുള്ള ചിത്രങ്ങള്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ മറ്റൊരു ശ്രദ്ധേയ മലയാള ചിത്രത്തിന്‍റെ തെലുങ്ക് റീമേക്കും പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.

തിയറ്ററുകളില്‍ മികച്ച വിജയം നേടിയ ജോഷി ചിത്രം പൊറിഞ്ചു മറിയം ജോസ് ആണ് ഇപ്പോള്‍ തെലുങ്ക് റീമേക്കിന് ഒരുങ്ങുന്നത്. നിര്‍മ്മാതാക്കളായ അഭിഷേക് അഗര്‍വാള്‍ ആര്‍ട്സ് ആണ് തങ്ങളുടെ അടുത്ത പ്രോജക്റ്റ് ആയി ഈ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ബോളിവുഡ് ചിത്രം ദി കശ്മീര്‍ ഫയല്‍സ് ഉള്‍പ്പെടെ നിര്‍മ്മിച്ച ബാനര്‍ ആണിത്. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു. തെലുങ്ക് പ്രേക്ഷകരെ മുന്നില്‍ കണ്ട് തിരക്കഥയില്‍ ആവശ്യമായ മാറ്റങ്ങളോടെയാവും ചിത്രം എത്തുക. നായകതാരം ആരെന്നത് പിന്നാലെ പ്രഖ്യാപിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നതെങ്കിലും നാഗാര്‍ജുനയാവും നായകനെന്നാണ് റിപ്പോര്‍ട്ടുകള്‍. നാഗാര്‍ജുനയുടെ കരിയറിലെ 99-ാമത് ചിത്രമായിരിക്കും ഇത്. തിരക്കഥാകൃത്ത് എന്ന നിലയില്‍ ഇതിനകം ശ്രദ്ധിക്കപ്പെട്ട പ്രസന്ന കുമാറിന്‍റെ സംവിധാന അരങ്ങേറ്റവുമായിരിക്കും ചിത്രം. ഏതായാലും ഔദ്യോഗിക പ്രഖ്യാപനത്തിനുവേണ്ടി കാത്തിരിക്കുകയാണ് ചിരഞ്ജീവി ആരാധകര്‍.

Scroll to load tweet…

നാല് വര്‍ഷത്തെ ഇടവേളം ജോഷി സംവിധാനം ചെയ്ത ചിത്രമായിരുന്നു പൊറിഞ്ചു മറിയം ജോസ്. ജോജു ജോര്‍ജും ചെമ്പന്‍ വിനോദ് ജോസും നൈല ഉഷയുമാണ് ടൈറ്റില്‍ റോളുകളില്‍ എത്തിയത്. കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജിമോന്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും അഭിലാഷ് എന്‍ ചന്ദ്രന്റേതാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. സംഗീതം ജേക്‌സ് ബിജോയ്. എഡിറ്റിംഗ് ശ്യാം ശശിധരന്‍.

ALSO READ : ക്രിസ്റ്റഫറും ചതുരവും മാത്രമല്ല, ഈ വാരം ഒടിടിയിലെത്തുന്ന മലയാള സിനിമകള്‍