പുതിയ സിനിമകളുടെ ട്രെയ്‌ലറോ ടീസറോ ഒക്കെ ഒന്നിലധികം താരങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെ പുറത്തിറക്കുന്ന ട്രെന്റ് തുടങ്ങിയിട്ട് കുറച്ചുകാലമായി. എന്നാല്‍ ട്രെയ്‌ലര്‍ റിലീസില്‍ റെക്കോര്‍ഡിടാന്‍ ഒരുങ്ങുകയാണ് ജോഷിയുടെ പുതിയ ചിത്രം 'പൊറിഞ്ചു മറിയം ജോസ്'. കൊച്ചി ലുലു മാളില്‍ നാളെ വൈകിട്ട് ഏഴിന് സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയില്‍ മോഹന്‍ലാലാണ് ട്രെയ്‌ലര്‍ ലോഞ്ച് നിര്‍വ്വഹിക്കുന്നത്. അതേസമയം തന്നെ 34 താരങ്ങളുടെ ഫേസ്ബുക്ക് പേജുകളിലും ട്രെയ്‌ലര്‍ വീഡിയോ എത്തും.

മമ്മൂട്ടി, ഫഹദ്, ജയറാം, ദിലീഷ് പോത്തന്‍, വിനായകന്‍, മുരളി ഗോപി, സുരാജ് വെഞ്ഞാറമ്മൂട്, വിനീത് ശ്രീനിവാസന്‍, ഇന്ദ്രജിത്ത്, ദിലീപ്, ബിജു മേനോന്‍, ജയസൂര്യ, ഷെയ്ന്‍ നിഗം, ആസിഫ് അലി, കാളിദാസ് ജയറാം, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഐശ്വര്യ ലക്ഷ്മി, മിയ, നിമിഷ സജയന്‍, അജു വര്‍ഗീസ്, അനു സിത്താര, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, ആന്റണി വര്‍ഗീസ്, ഹണി റോസ്, അനൂപ് മേനോന്‍, പൃഥ്വിരാജ്, അപര്‍ണ ബാലമുരളി, ആത്മീയ, ഉണ്ണി മുകുന്ദന്‍, സൗബിന്‍ ഷാഹിര്‍, വിനയ് ഫോര്‍ട്ട്, വിജയ് സേതുപതി എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലാണ് ട്രെയ്‌ലര്‍ ഒരേസമയം എത്തുക.

നാല് വര്‍ഷത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ പ്രേക്ഷകശ്രദ്ധയിലുള്ള സിനിമയാണ് പൊറിഞ്ചു മറിയം ജോസ്. പൊറിഞ്ചുവായി ജോജു ജോര്‍ജ്ജും മറിയമായി നൈല ഉഷയും ജോസ് എന്ന കഥാപാത്രമായി ചെമ്പന്‍ വിനോദ് ജോസുമാണ് എത്തുന്നത്. ഡേവിഡ് കാച്ചപ്പിള്ളി  പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച്, കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജിമോന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. സംഗീതം ജേക്സ് ബിജോയ്. എഡിറ്റിംഗ് ശ്യാം ശശിധരന്‍.