അഡള്‍ട്ട് മൂവി വെബ് സൈറ്റായ പോണ്‍ ഹബ് കൗതുകമുണര്‍ത്തുന്ന ഒരു സിരീസ് നേരത്തേ ആരംഭിച്ചിരുന്നു. 'വിഷനറീസ് ഡയറക്ടേഴ്‌സ് ക്ലബ്ബ്' എന്ന് പേരിട്ടിരിക്കുന്ന സിരീസ് ചിത്രങ്ങളിലൂടെ 'അപ്രതീക്ഷിത സംവിധായകരെ'യാണ് പോണ്‍ഹബ് അവതരിപ്പിച്ചത്. മറ്റ് വിനോദ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന, മുന്‍പ് സിനിമകളൊന്നും സംവിധാനം ചെയ്ത് പരിചയമില്ലാത്ത പേരുകാരാണ് അഡള്‍ട്ട് മൂവികളുടെ സംവിധായകരായി എത്തിയത്. ഇപ്പോഴിതാ ആ സിരീസിലെ പോണ്‍ഹബിന്റെ ഏറ്റവും പുതിയ അഡള്‍ട്ട് മൂവി അടുത്ത മാസം പ്രീമിയര്‍ പ്രദര്‍ശനത്തിന് തയ്യാറെടുക്കുകയാണ്. 'ഹെര്‍ ആന്‍ഡ് ഹിം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹോളിവുഡ് നടിയും ഗായികയുമായ ബെല്ല തോണ്‍ ആണ്.

ജര്‍മ്മനിയിലെ ഓള്‍ഡന്‍ബര്‍ഗ് അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ സെപ്റ്റംബര്‍ 11ന് ആണ് 'ഹെര്‍ ആന്‍ഡ് ഹി'മിന്റെ പ്രീമിയര്‍ പ്രദര്‍ശനം. റോമിയോ-ജൂലിയറ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സൃഷ്ടിച്ച കഥാപാത്രങ്ങളാണ് ചിത്രത്തിലേതെന്നും എന്നാല്‍ പുതിയ കാലത്തെ അഭിസംബോധന ചെയ്യുന്നും ലൈംഗികതയുടെ അതിപ്രസരമുള്ളതായിരിക്കുമെന്നും പോണ്‍ഹബ് വൈസ് പ്രസിഡന്റ് കോറി പ്രൈസ് പറഞ്ഞു. 

ആദ്യം തന്റെ ആഗ്രഹം ക്രിസ്മസ് പശ്ചാത്തലമാക്കിയുള്ള ഒരു ഹൊറര്‍ ചിത്രമായിരുന്നെന്ന് ചിത്രത്തിന്റെ ബിഹൈന്‍ഡ് ദി സീന്‍സ് വീഡിയോയില്‍ ബെല്ല തോണ്‍ പറയുന്നു. പക്ഷേ ദൃശ്യവല്‍ക്കരിക്കാനായത് മനോഹരവും അലൗകികവുമായ ഒരു കാഴ്ചപ്പാട് ആണെന്നും. സ്ത്രീ-പുരുഷ ബന്ധങ്ങളിലെ മേല്‍ക്കോയ്മയും വിധേയത്വവുമൊക്കെയാണ് സാധാരണ അഡള്‍ട്ട് സിനിമകളില്‍ കാണാനാവുകയെന്നും എന്നാല്‍ 'ഹെര്‍ ആന്‍ഡ് ഹിം' അങ്ങനെ ആയിരിക്കില്ലെന്നും ബെല്ല വിശദീകരിക്കുന്നു. അബെല്ല ഡേഞ്ചര്‍, സ്‌മോള്‍ ഹാന്‍ഡ്‌സ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

റാപ്പ് സംഗീതജ്ഞരായ ബ്രൂക്ക് കാന്‍ഡി, യംഗ് എംഎ എന്നിവരാണ് പോണ്‍ഹബിന്റെ 'വിഷനറീസ് ഡയറക്ടേഴ്‌സ്' സിരീസിലെ മുന്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തത്. ഇതിലൂടെ അഡള്‍ട്ട് മൂവി പ്രൊഡക്ഷനെ വൈവിധ്യവല്‍ക്കരിക്കുകയാണ് പോണ്‍ഹബിന്റെ ലക്ഷ്യം.