'എംടിയുടെ കഥ, പൃഥ്വി അഭിനയിച്ചാൽ ഞങ്ങളില്ലെന്ന് അവർ'; തന്‍റെ സിനിമ 'പവർ ഗ്രൂപ്പ്' മുടക്കിയെന്ന് പ്രിയനന്ദനൻ
"ഇല്ലാതായിപ്പോയത് എന്‍റെ ഒരു ജീവിതമല്ലേ.."
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പവര്‍ ഗ്രൂപ്പ് പരാമര്‍ശം ചര്‍ച്ചയാവുമ്പോള്‍ തന്‍റെ അനുഭവം പറഞ്ഞ് സംവിധായകന്‍ പ്രിയനന്ദനന്‍. മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നും തന്‍റെ ഒരു ചിത്രം ഈ ഗ്രൂപ്പ് തടഞ്ഞിട്ടുണ്ടെന്നും പ്രിയനന്ദനന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നെയ്ത്തുകാരന് ശേഷം കരിയറിലെ രണ്ടാമത്തെ ചിത്രമായി ചെയ്യേണ്ടിയിരുന്ന സിനിമ മുടങ്ങിയതിനെക്കുറിച്ചാണ് പ്രിയനന്ദനന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
പൃഥ്വിരാജും കാവ്യ മാധവനും അഭിനയിച്ച തൻ്റെ ചിത്രം പവർ ഗ്രൂപ്പ് ഇടപെട്ട് തടയുകയായിരുന്നെന്നും വിനയൻ്റെ ചിത്രത്തിൽ അഭിനയിച്ചതിന് പൃഥ്വിരാജിനേർപ്പെടുത്തിയ വിലക്കാണ് തിരിച്ചടിയായതെന്നും പ്രിയനന്ദനന്‍ പറയുന്നു. താന്‍ പവര്‍ ഗ്രൂപ്പിന്‍റെ ഇരയാണെന്നും പറയുന്നു പ്രിയനന്ദനന്‍. "പൃഥ്വിരാജിനെ അഭിനയിപ്പിക്കരുതെന്ന് ഒരു പ്രബല ഗ്രൂപ്പ് ആവശ്യപ്പെടുകയായിരുന്നു. വിലക്കിന് പിന്നിൽ ആരൊക്കെയായിരുന്നുവെന്ന് ഊഹിക്കാം. നഷ്ടം സംഭവിച്ചത് എനിക്ക് മാത്രമാണ്", പ്രിയനന്ദനന്‍ പറയുന്നു.
"പവര്‍ ഗ്രൂപ്പ് ഇല്ലായിരുന്നെങ്കില്‍ ഞാന്‍ 2004 ല്‍ ആറ് ദിവസം ഷൂട്ട് ചെയ്ത ഒരു സിനിമ അവസാനിപ്പിക്കേണ്ടിവരില്ലായിരുന്നു. എംടിയുടെ ഒരു കഥയെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു. ഇല്ലാതായിപ്പോയത് എന്‍റെ ഒരു ജീവിതമല്ലേ. പൃഥ്വിരാജ് അഭിനയിക്കുന്നുണ്ടെങ്കില്‍ നമ്മളുമായി ബന്ധപ്പെട്ട ഒരു നടന്മാരും ഉണ്ടാവില്ലെന്നാണ് അറിയിപ്പ് കിട്ടിയത്. ആകെ പെട്ടുപോയി. തകര്‍ന്നുപോയത് എന്‍റെ കരിയര്‍ ആയിരുന്നു. ആരൊക്കെയോ വലിയവരാണെന്ന് പറയുന്ന ആളുകള്‍ ചില ആളുകളെ ബോധപൂര്‍വ്വം നിയന്ത്രിച്ചിട്ട് അഭിപ്രായം പറയുന്ന ചില വ്യക്തികളെ വെട്ടിമാറ്റുന്നുണ്ട്", പ്രിയനന്ദനന്‍ വ്യക്തമാക്കുന്നു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പവര്‍ ഗ്രൂപ്പ് പരാമര്‍ശത്തെ തള്ളി മോഹന്‍ലാലും മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു. പവര്‍ ഗ്രൂപ്പിനെക്കുറിച്ച് താന്‍ ആദ്യമായാണ് കേള്‍ക്കുന്നതെന്നായിരുന്നു ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് മോഹന്‍ലാലിന്‍റെ പ്രതികരണം. ഞാന്‍ പവര്‍ ഗ്രൂപ്പില്‍ പെട്ടയാളല്ല, എനിക്ക് അങ്ങനെയൊരു ഗ്രൂപ്പിനെക്കുറിച്ച് അറിയില്ല. അറിയുമോ എന്ന് ചോദിച്ചാല്‍ ഞാന്‍ ആദ്യമായാണ് കേള്‍ക്കുന്നത്, മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
അതേസമയം സിനിമയില്‍ സിനിമയിൽ ഒരു 'ശക്തികേന്ദ്ര'വുമില്ലെന്ന് അസന്നിഗ്ധമായി പറഞ്ഞുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. സിനിമയിൽ ഒരു 'ശക്തികേന്ദ്ര'വുമില്ല. അങ്ങനെയൊന്നിന് നിലനില്ക്കാൻ പറ്റുന്ന രംഗവുമല്ല സിനിമ, മമ്മൂട്ടി കുറിച്ചിരുന്നു.
ALSO READ : നാട്യങ്ങളില്ലാത്ത ക്ലീന്‍ എന്‍റര്‍ടെയ്‍നര്‍; 'ഭരതനാട്യം' റിവ്യൂ