ഇന്ത്യ ഗ്ലോബല്‍ ഫോറത്തില്‍ സംസാരിക്കവെയാണ് വിവേക് ഒബ്റോയ് സ്വന്തം അനുഭവം പറഞ്ഞത്

കരിയറിന്‍റെ തുടക്കത്തില്‍ സിനിമാലോകത്തുനിന്ന് തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് ബോളിവുഡ് താരം വിവേക് ഒബ്റോയ് മുന്‍പും സൂചിപ്പിച്ചിട്ടുണ്ട്. 2003 ല്‍ നടത്തിയ ഒരു വാര്‍ത്താ സമ്മേളനത്തില്‍ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് വിവേക് ആരോപിച്ചിരുന്നു. ഐശ്വര്യ റായിയുമായി ആ സമയത്ത് ഉണ്ടായിരുന്ന ബന്ധത്തിന്‍റെ പേരിലാണ് അതെന്നും വിവേക് പറഞ്ഞിരുന്നു. ഇതോടെ ഹിന്ദി സിനിമയില്‍ തന്‍റെ അവസരങ്ങള്‍ പൊടുന്നനെ കുറഞ്ഞെന്നാണ് വിവേക് പലപ്പോഴായി പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ ജീവിതത്തില്‍ നേരിട്ട അനുഭവത്തെക്കുറിച്ച് വീണ്ടും ഒരു പൊതുവേദിയില്‍ പറഞ്ഞിരിക്കുകയാണ് വിവേക് ഒബ്റോയ്.

ലണ്ടനില്‍ നടന്ന ഇന്ത്യ ഗ്ലോബല്‍ ഫോറത്തില്‍ സംസാരിക്കവെയാണ് വിവേക് ഒബ്റോയ് സ്വന്തം അനുഭവം പറഞ്ഞത്. "കരിയറില്‍ എനിക്ക് ഒരുപാട് വിജയങ്ങളും പുരസ്‍കാരങ്ങളൊക്കെ ലഭിക്കുന്ന സമയമായിരുന്നു. പെട്ടെന്ന് കാര്യങ്ങള്‍ പാടെ മാറി. കാരണം ഹിന്ദി സിനിമയിലെ ശക്തരായ ചിലര്‍ തീരുമാനിച്ചു, നിനക്കിനി ഇവിടെ ജോലി ചെയ്യാനാവില്ലെന്ന്. അക്കാര്യം ഞങ്ങള്‍ ഉറപ്പ് വരുത്തുമെന്നും. എനിക്ക് വലിയ സംഘര്‍ഷവും വേദനയും ദേഷ്യവുമൊക്കെ തോന്നി ആ സമയത്ത്. ഞാന്‍ ഒരു ഇരയായി മാറിയെന്ന് എനിക്ക് തോന്നി. എന്താണ് ചെയ്യേണ്ടതെന്നും എനിക്ക് അറിയില്ലായിരുന്നു", വിവേക് ഒബ്റോയ് പറയുന്നു.

"എന്‍റെ അമ്മയാണ് എന്‍റെ ഹീറോ. മറ്റൊരാളുടെ ഹീറോ ആവാന്‍ ശ്രമിക്കൂ എന്നാണ് അമ്മ എന്നോട് പറഞ്ഞത്. ഒരു വിജയിയായി അപ്പോള്‍ സ്വയം അനുഭവപ്പെടുമെന്നും". മനുഷ്യക്കടത്തില്‍ അകപ്പെട്ട പെണ്‍കുട്ടികളെ രക്ഷപെടുത്തി ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്ന പദ്ധതിയായ, താന്‍ കൂടി ഉള്‍പ്പെട്ട പ്രോജക്റ്റ് ദേവി (ഡെവലപ്മെന്‍റ് ആന്‍റ് എംപവര്‍മെന്‍റ് ഓഫ് വൃന്ദാവന്‍ ഗേള്‍ഡ് ഇനിഷ്യേറ്റീവ്) യുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പറഞ്ഞപ്പോഴാണ് സ്വന്തം അനുഭവം വിവേക് ഉദാഹരിച്ചത്. 

ALSO READ : ബിഗ് ബോസ് സീസണ്‍ 6 കേരളത്തില്‍ എത്ര പേര്‍ കണ്ടു? കണക്കുകള്‍ പുറത്ത്

https://www.youtube.com/watch?v=Ko18SgceYX8