ബാഹുബലി ഒന്ന്, രണ്ട് ഭാഗങ്ങള്‍ കൊണ്ട് ഇന്ത്യ മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച നടനാണ് പ്രഭാസ്. ഇപ്പോഴിതാ ബാഹുബലി 2: ദി കണ്‍ക്ലൂഷന്‍ പുറത്തിറങ്ങി രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രഭാസിന്റെ പുതിയ ചിത്രം റിലീസിന് ഒരുങ്ങുന്നു. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ 'സാഹോ' ഈ മാസം 30നാണ് ഐമാക്‌സ് തീയേറ്ററുകളില്‍ അടക്കം പ്രദര്‍ശനത്തിന് എത്തുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള സിനിമകളായിരുന്നു ബാഹുബലി ഒന്നും രണ്ടും. യഥാര്‍ഥത്തില്‍ ആക്ഷന്‍ ചിത്രങ്ങളോട് അത്രയേറെ താല്‍പര്യമുള്ളയാളാണോ പ്രഭാസ്? അല്ലെന്നാണ് അദ്ദേഹത്തിന്റെ ഉത്തരം. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മലയാളത്തിലും തമിഴിലുമുള്ള തന്റൈ പ്രിയ സിനിമകളെക്കുറിച്ചും താരങ്ങളെക്കുറിച്ചും പറയുന്നത്.

'സത്യം പറഞ്ഞാല്‍ ഞാന്‍ ആക്ഷന്‍ ചിത്രങ്ങളുടെ ആരാധകനല്ല. എന്റെ പ്രിയപ്പെട്ട സിനിമ മണിരത്‌നം സംവിധാനം ചെയ്ത ഗീതാഞ്ജലിയാണ്. മലയാളത്തില്‍ പ്രേമവും. അമിതാഭ് ബച്ചന്‍, രജനീകാന്ത്, മോഹന്‍ലാല്‍, മമ്മൂട്ടി... അവരോട് വലിയ ആരാധനയുണ്ട്.

കെന്നി ബേറ്റ്‌സ് ആണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫര്‍. ഷങ്കര്‍ എഹ്‌സാന്‍ ലോയ് ആണ് സംഗീതം. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മുര്‍ളി ശര്‍മ, അരുണ്‍ വിജയ്, പ്രകാശ് ബേലവാടി, ഇവ്‌ലിന്‍ ളര്‍മ, സുപ്രീത്, ചങ്കി പാണ്ഡേ, മന്ദിര ബേദി, ടിനു ആനന്ദ് എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രചനയും സംവിധാനവും സുജീത്. മധിയാണ് ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈന്‍ സാബു സിറിള്‍. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. പശ്ചാത്തലസംഗീതം ജിബ്രാന്‍. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ തീയേറ്ററുകളിലെത്തും.